സ്വദേശത്തേക്ക് മടങ്ങിയെത്താൻ ഇറാഖി ക്രൈസ്തവർക്ക് ആത്മവിശ്വാസം പ്രധാനം: കൽദായ പാത്രിയാർക്കീസ്

പ്രവാസജീവിതം നയിക്കുന്ന ഇറാഖി ക്രൈസ്തവർ തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരികെയെത്തണമെങ്കിൽ അവിടെ സുരക്ഷിതത്വവും ഭാവിയിലുള്ള വിശ്വാസവും പുനഃസ്ഥാപിക്കപ്പെടണമെന്ന് ഇറാഖിലെ കൽദായ കത്തോലിക്കാ സഭയുടെ പുതിയ തലവൻ മാർ പോൾ മൂന്നാമൻ നോന പാത്രിയാർക്കീസ് അറിയിച്ചു. ഇറാഖി പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയുമായി അടുത്തിടെ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാത്രിയാർക്കീസിന്റെ ഈ പ്രതികരണം.

മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് ഭൂമിയും പുതിയ വീടുകളും നൽകുമെന്നും നിക്ഷേപങ്ങൾ നടത്താൻ അവസരമൊരുക്കുമെന്നും ഇറാഖ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏകദേശം 10 ലക്ഷത്തോളം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. എന്നാൽ വാഗ്ദാനങ്ങൾക്കപ്പുറം ജനങ്ങൾക്ക് സ്വന്തം നാട്ടിൽ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അനുകൂല സാഹചര്യം ഒരുക്കുകയാണ് പ്രധാനമെന്ന് പത്രിയാർക്കീസ് ചൂണ്ടിക്കാട്ടുന്നു.

2014-ൽ ഐസിസ് (ISIS) ഭീകരർ നടത്തിയ കൂട്ടക്കൊലകൾക്കും ക്രൂരതകൾക്കും ശേഷം ക്രൈസ്തവർക്ക് തങ്ങളുടെ അയൽക്കാരിലും രാജ്യത്തെ ഭരണസംവിധാനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഭീകരർ അന്ന് അന്ത്യശാസനം നൽകിയതിനെ തുടർന്ന് എൽദോസിലും മധ്യപൂർവേഷ്യൻ ഗ്രാമങ്ങളിലും താമസിച്ചിരുന്ന പതിനായിരക്കണക്കിന് ക്രൈസ്തവർക്കാണ് സ്വന്തം മണ്ണ് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. പ്രവാസി ഇറാഖികൾ കേവലം അഭയാർഥികളായല്ല, മറിച്ച് നിക്ഷേപകരായാണ് തിരിച്ചെത്തേണ്ടത്. വ്യാപാരികളും വ്യവസായികളുമായ ക്രൈസ്തവർ മടങ്ങിയെത്തുമ്പോൾ അത് മറ്റുള്ളവർക്ക് കൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പാത്രിയാർക്കീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.