
“ഞങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നു; കിടക്കാൻ ഇടമില്ല, ഭക്ഷണം കണ്ടെത്താൻ കഴിയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ ഞങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങൾ നിങ്ങളെങ്ങനെ പരിഹരിക്കും?” തീവ്രവാദികൾ ഗ്രാമം ആക്രമിക്കുകയും തന്നെ തട്ടിക്കൊണ്ടുപോകുകയും ഭർത്താവിനെ കൊല്ലുകയും ചെയ്തതിന് ശേഷം തന്റെ കുട്ടികളെ പോറ്റാൻ പാടുപെടുന്ന ഒരു അമ്മയുടെ മാനസിക വേദനയാണ് നൈജീരിയൻ അമ്മയായ ജുമായിയുടെ ഈ വാക്കുകളിൽ തെളിയുന്നത്.
ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (WFP) പുതിയ റിപ്പോർട്ട് അനുസരിച്ച്, ജുമായി മാത്രമല്ല ഈ ദുരിതം അനുഭവിക്കുന്നത്. അവളും കുടുംബവും നേരിടുന്ന പ്രതിസന്ധി വടക്കേ നൈജീരിയയിൽ ദശക കാലത്തായി കണ്ടിട്ടില്ലാത്തത്ര വലിയ തോതിലേക്ക് ഉയരുകയാണ്; ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. യു.എൻ ഡബ്ല്യു.എഫ്.പി പ്രകാരം, “നൈജീരിയയുടെ ചില വടക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് വടക്കുകിഴക്കൻ ഭാഗത്ത്, സംഘർഷം പട്ടിണി വർധിപ്പിക്കുന്നു, ഇത് വർഷങ്ങളായി കണ്ടിട്ടില്ലാത്തത്ര ഉയർന്ന അവസ്ഥയിലാണ്.”
വരുംമാസങ്ങളിൽ, ലോകത്തിലെ ഏറ്റവും ദുർബലമായ ചില മേഖലകളിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ തുടർച്ചയായ സംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധി, മാനുഷിക സഹായത്തിലെ കുറവ് എന്നിവ മൂലം വർധിച്ചുവരുന്ന പട്ടിണി അനുഭവിച്ചേക്കാം. പ്രത്യേകിച്ച്, വടക്കേ നൈജീരിയയിലെ സംഘർഷ ബാധിതമായ ഒൻപത് സംസ്ഥാനങ്ങളിലായി 1.7 കോടിയിലധികം ആളുകൾ പ്രതിസന്ധി, അടിയന്തരാവസ്ഥ അല്ലെങ്കിൽ അതിഭീകരമായ പട്ടിണി എന്നിവ നേരിടുന്നു. അതിൽ വടക്കുകിഴക്കൻ ഭാഗത്തുള്ള ബോർണോ സംസ്ഥാനമാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്ന്.
എങ്കിലും, ഈ പ്രതിസന്ധി പടരുകയാണെന്ന് പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയ്ക്കായുള്ള ഡബ്ല്യു.എഫ്.പി റീജിയണൽ ഡയറക്ടർ കിന്ദ സാംബ പറയുന്നു: “വർഷങ്ങളായി വിമത ആക്രമണങ്ങൾ പ്രധാനമായും വടക്കുകിഴക്കൻ നൈജീരിയയുടെ ചില ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ ഇന്ന് അവ വളരെ വിശാലമായ പ്രദേശങ്ങളിലേക്ക് പടരുകയും ജനങ്ങളെ കൃഷിയിടങ്ങളിൽ നിന്ന് ആട്ടിപ്പായ്ക്കുകയും അവരെ പലായനത്തിന് നിർബന്ധിതരാക്കുകയും മാനുഷിക സഹായം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പട്ടിണി വേഗത്തിൽ പടരുന്നു.
യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെയും (FAO) ഡബ്ല്യു.എഫ്.പിയുടെയും ജൂൺ മാസത്തെ റിപ്പോർട്ട് പ്രകാരം, അക്രമവും അസ്ഥിരതയുമാണ് ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണങ്ങൾ. തിരിച്ചറിഞ്ഞ 13 ഹോട്ട്‌സ്പോട്ടുകളിൽ 12 എണ്ണത്തിലും ഇത് പ്രതിസന്ധിക്ക് കാരണമാകുന്നു. നൈജീരിയ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, സുഡാൻ, സൊമാലിയ (ഓപ്പൺ ഡോർസിന്റെ 2026 വേൾഡ് വാച്ച് ലിസ്റ്റിലെ ആദ്യ 30 രാജ്യങ്ങളിൽ ഉള്ളവ) എന്നിവ ഡബ്ല്യു.എഫ്.പിയെ സംബന്ധിച്ച് ഏറ്റവും ഉയർന്ന ആശങ്കയുള്ള ഹോട്ട്‌സ്പോട്ടുകളായി തുടരുന്നു.
പ്രതിസന്ധിയുടെ വക്കിലുള്ള ക്രൈസ്തവർ
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ, പ്രത്യേകിച്ച് കടുന, കട്സിന സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികൾക്കായി പ്രാർഥിക്കാനും അവരെ പിന്തുണയ്ക്കാനുമുള്ള ഓപ്പൺ ഡോർസിന്റെ സമീപകാല ആഹ്വാനത്തിന് പിന്നാലെയാണ് ഈ റിപ്പോർട്ട് വരുന്നത്. ഈ പ്രദേശങ്ങളിലുടനീളം ക്രിസ്ത്യാനികൾ സ്വന്തം വീടുകളിൽ നിന്ന് തുരത്തപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നു. തൽഫലമായി, ആയിരക്കണക്കിന് വിശ്വാസികൾ തകർച്ചയുടെ വക്കിലാണ്.
ചില കുട്ടികൾ മോഷണത്തിലേക്കും ചില സ്ത്രീകൾ അതിജീവനത്തിനായി വേശ്യാവൃത്തിയിലേക്കും തിരിയുന്ന തരത്തിൽ സാഹചര്യം വളരെ ഗുരുതരമായി മാറിയിരിക്കുന്നു. നിരവധി ക്രിസ്ത്യൻ വിശ്വാസികൾ വീടുകളിൽ നിന്ന് മാത്രമല്ല, അവരുടെ ഉപജീവനമാർഗങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് അവരെ, പിന്തുണയ്ക്കായി സഭയെയും മറ്റ് സഹായ ഗ്രൂപ്പുകളെയും ആശ്രയിക്കുന്നതിലേക്ക് നയിച്ചു.




