
“… നിങ്ങൾ തീർച്ചയായും കേൾക്കും; എന്നാൽ മനസ്സിലാക്കുകയില്ല. തീർച്ചയായും കാണും; എന്നാൽ ഗ്രഹിക്കുകയില്ല” (വാക്യം 14).
‘നോട്ടം’ (Look) എന്ന പ്രവർത്തി ‘ദർശനം’ (See) എന്നതിൽ നിന്നും വ്യത്യസ്തമായിക്കാണാം. അതുപോലെതന്നെ ‘കേൾവി’ (Hear) എന്നത് ‘ശ്രവണം’ (Listen) എന്നതിൽ നിന്നും വ്യത്യസ്തവും. എല്ലാ ദിവസവും ഒരു മനുഷ്യൻ അനേകം വസ്തുക്കളെ നോക്കുകയും അനേകം കാര്യങ്ങൾ കേൾക്കുകയും ചെയ്യന്നുണ്ട്. എന്നാൽ അവയൊക്കെ മനസ്സിൽ കുറിച്ചിടുകയോ, ഹൃദയത്തിൽ സൂക്ഷിക്കുകയോ ചെയ്യാറില്ല. അതായത്, നാം അവയൊക്കെ ആന്തരീകവൽക്കരിക്കാറില്ല എന്നർഥം. എന്നാൽ കാണുക, ശ്രവിക്കുക എന്നിവ യഥാക്രമം ആന്തരീകവൽക്കരിച്ച ദർശനവും ശ്രവണവുമായി കാണാം.
യഹൂദർ യഥാർഥത്തിൽ യേശുവിന്റെ പ്രവർത്തനങ്ങളെ നോക്കുകയും വാക്കുകളെ കേൾക്കുകയും മാത്രമേ ചെയ്തുള്ളൂ. അവർ ദർശിക്കുകയോ, ശ്രവിക്കുകയോ ചെയ്തില്ല. ദൈവവചനങ്ങൾ ചെവി കൊണ്ട് കേൾക്കുക മാത്രമല്ല, ഹൃദയത്തിൽ ശ്രവിച്ചാൽ മാത്രമേ ക്രൈസ്തവജീവിതത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളൂ.
ക്രൈസ്തവന്റെ കണ്ണുകൾക്ക് ഒരു ഹൃദയവും ഹൃദയങ്ങൾക്ക് കണ്ണുകളും ഉണ്ടാകുമ്പോൾ, ചെവികൾക്ക് സ്പര്‍ശാനുഭവവും സ്പർശനത്തിന് ചെവികളും ഉണ്ടാകുമ്പോൾ, കൈകൾക്ക് സഹാനുഭൂതിയും സഹാനുഭൂതിക്ക് കൈകളും ഉണ്ടാകുമ്പോഴാണ് ക്രിസ്തുശിഷ്യർ യഥാർഥ ക്രൈസ്തവരാകുന്നത്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




