
ഭൂമി പിളർന്നു മാറിയപ്പോഴും പ്രത്യാശയുടെ പ്രകാശമായി മാറിയ ഒരു അദ്ഭുതം. വെനസ്വേലയിലെ തച്ചീര (Táchira) സംസ്ഥാനത്തുള്ള ലാ ഗ്രിറ്റ (La Grita) എന്ന ശാന്തമായ താഴ്‌വരയ്ക്ക് ‘സാന്റോ ക്രിസ്റ്റോ ദെ ലാ ഗ്രിറ്റ’ (Santo Cristo de La Grita) അഥവാ ശാന്തമായ മുഖമുള്ള ക്രിസ്തു രൂപത്തെക്കുറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു അദ്ഭുത സംഭവം പറയാനുണ്ട്.
ഭൂകമ്പവും ക്രിസ്തുരൂപവും
1610 ഫെബ്രുവരി മാസം ആണ് സംഭവം നടക്കുന്നത്. ആ മാസം മൂന്നാം തീയതി ഉച്ചകഴിഞ്ഞ് 3:30-നാണ് ലാ ഗ്രിറ്റ നഗരത്തെ നടുക്കിയ ഒരു വലിയ ഭൂകമ്പം ഉണ്ടായി. നഗരം ഏതാണ്ട് പൂർണ്ണമായും തകരുകയും കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തു. ദുരന്തബാധിതരായ ജനങ്ങളും ഫ്രാൻസിസ്കൻ സന്ന്യാസിമാരും തടെയ (Tadea) എന്ന സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിച്ചു. അവിടെവച്ച്, നഗരത്തിനായി പ്രാർഥിച്ചുകൊണ്ട് ഫ്രാൻസിസ്കോ (Fray Francisco) എന്ന സന്ന്യാസി ക്രിസ്തുവിന്റെ ഒരു തടിരൂപം നിർമ്മിക്കാൻ തീരുമാനിച്ചു. നല്ലൊരു ശില്പിയേക്കാൾ ഉപരി അത്യധികം ഭക്തിയും പ്രാർഥനാ നിർഭരവുമായ മനസ്സുമുള്ള ആളായിരുന്നു ഫ്രൈ ഫ്രാൻസിസ്കോ.
ശില്പ നിർമ്മാണം തുടങ്ങിയ ഫ്രാൻസിസ്കോയ്ക്ക് ഒരു വലിയ തടസ്സം നേരിട്ടു. ക്രിസ്തുവിന്റെ ശരീരവും കുരിശുമെല്ലാം അദ്ദേഹം കൃത്യമായി കൊത്തിയെടുത്തു. എന്നാൽ, യേശുവിന്റെ മുഖഭാവം എങ്ങനെ കൊത്തിയെടുക്കും എന്നതിൽ അദ്ദേഹം കടുത്ത ആശയക്കുഴപ്പത്തിലായി. കുരിശിൽ കിടക്കുന്ന ക്രിസ്തുവിന്റെ ശാന്തതയും, സ്നേഹവും, അതേസമയം വേദനയും ഒത്തുചേരുന്ന ആ വിശുദ്ധ മുഖം പൂർണ്ണതയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സഹായത്തിനെത്തിയ മാലാഖ
ദിവസങ്ങളോളം പ്രാർഥനയിലും ഉപവാസത്തിലും കഴിച്ചുകൂട്ടിയ സന്ന്യാസി ഒടുവിൽ നിരാശനായി ഉറങ്ങാൻ പോയി. എന്നാൽ അന്ന് രാത്രിയിൽ അദ്ഭുതം സംഭവിച്ചു. അർദ്ധരാത്രിയിൽ, ശില്പം വച്ചിരുന്ന മുറിയിൽ നിന്ന് ഒരു വലിയ പ്രകാശം പുറത്തുവരുന്നത് സഹസന്ന്യാസിമാർ കണ്ടു. പ്രകാശത്തിനുള്ളിൽ മനുഷ്യസമാനമായ ഒരു ദിവ്യരൂപം മിന്നിമറയുന്നതായി അവർക്ക് അനുഭവപ്പെട്ടു. പിറ്റേന്ന് പ്രഭാതത്തിൽ പ്രാർഥനയ്ക്ക് ശേഷം സന്ന്യാസിമാർ മുറിയിൽ ചെന്നുനോക്കിയപ്പോൾ, ശില്പത്തിന്റെ മുഖം പൂർണ്ണമായും കൊത്തിയെടുക്കപ്പെട്ട നിലയിലായിരുന്നു! ഒരു മാലാഖ ഇറങ്ങിവന്നാണ് ആ ക്രിസ്തുരൂപത്തിന് ജീവൻ തുടിക്കുന്നതും ശാന്തവുമായ മുഖഭാവം നൽകിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വർഷങ്ങൾക്കിപ്പുറം, ദുരന്തങ്ങൾ വിതച്ച ഭൂകമ്പങ്ങൾക്ക് നടുവിലും സാന്റോ ക്രിസ്റ്റോയുടെ ഈ രൂപം വെനസ്വേലക്കാർക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. ഓഗസ്റ്റ് ആറിനാണ് ഇവിടുത്തെ പ്രധാന തിരുനാൾ ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് തീർഥാടകരാണ് ഈ ദിവ്യരൂപം ദർശിക്കാനും പ്രാർഥിക്കാനുമായി ലാ ഗ്രിറ്റയിലേക്ക് എത്തുന്നത്. കണ്ണീരിനും ദുരന്തങ്ങൾക്കും നടുവിലും ദൈവത്തിന്റെ വിരലടയാളങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ പ്രകാശമായി മാറും എന്നതിന്റെ വലിയൊരു ഓർമ്മപ്പെടുത്തലായി അവശേഷിക്കുകയാണ് ഈ രൂപം.




