കർദിനാൾ സായെൻസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ

ഏപ്രിൽ 15 തിങ്കളാഴ്ച മരണമടഞ്ഞ കൊളംബിയയിൽനിന്നുള്ള കർദിനാൾ പേദ്രോ റുബിയാനോ സായെൻസിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ സഭാംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഫ്രാൻസിസ് പാപ്പയുടെ അനുശോചനം അറിയിച്ചു. ബോഗൊതാ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് ഹൊസേ റുയേദ അപരീസിയോയ്ക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ ആണ് പാപ്പ തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

സഭയിൽ നിസ്വാർഥസേവനം അനുഷ്ടിച്ച ഈ ഇടയൻ തന്റെ ജീവിതം മുഴുവനും സഭയുടെ നന്മയ്ക്കായാണ് വിനിയോഗിച്ചതെന്നും പൂർണ്ണമായ സമർപ്പണബോധത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും പാപ്പ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. പരേതനെ ചിക്വിൻക്വിര മാതാവിന്റെ മാതൃതുല്യമായ മാധ്യസ്ഥ്യത്തിന് ഏൽപ്പിക്കുന്നുവെന്നും പാപ്പ എഴുതി. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമായി ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകുന്നുവെന്ന് പാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

കൊളമ്പിയയിലെ കർത്താഗോയിൽ 1932 സെപ്റ്റംബർ 13-ന് ജനിച്ച കർദിനാൾ സായെൻസിന് 91 വയസ്സായിരുന്നു. 2001 ഫെബ്രുവരി 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്. മൂന്ന് പ്രാവശ്യം കൊളമ്പിയ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.