ഇരുട്ടിന്റെ നടുവിൽ പ്രത്യാശയുടെ മെഴുകുതിരികൾ തെളിക്കുന്നവരാകണം ക്രൈസ്തവർ: ഫ്രാൻസിസ് പാപ്പാ

ലോകത്തിന്റെ ഇരുട്ടിന്റെ നടുവിൽ പ്രത്യാശയുടെ മുഴുകുതിരികൾ തെളിക്കുന്നവരാകണം ക്രൈസ്തവരെന്ന് ലോക ദരിദ്ര ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ. നവംബർ 13- ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന മധ്യേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“വഴിതെറ്റിക്കാതിരിക്കാനുള്ള സുവിശേഷത്തിലെ വ്യക്തവും അവ്യക്തവുമായ ആഹ്വാനങ്ങൾ നമുക്ക് ഹൃദയത്തിലെടുക്കാം. വിനാശത്തിന്റെ പ്രവാചകന്മാരെ നാം കേൾക്കരുത്; പകരം നമുക്ക് സാക്ഷ്യം വഹിക്കാം. ഇരുട്ടിന്റെ നടുവിൽ നമുക്ക് പ്രത്യാശയുടെ മെഴുകുതിരികൾ കത്തിക്കാം. നാടകീയമായ സാഹചര്യങ്ങൾക്കിടയിൽ സന്തോഷത്തിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാം. കൂടുതൽ സാഹോദര്യമുള്ള ഒരു ലോകം കെട്ടിപ്പടുക്കാനുള്ള അവസരങ്ങൾ നമുക്ക് പ്രയോജനപ്പെടുത്താം. നീതി, നിയമവാഴ്ച, സമാധാനം എന്നിവക്കായി നമുക്ക് ധൈര്യത്തോടെ പ്രതിബദ്ധത പുലർത്താം. ഏറ്റവും ദുർബലരുടെ പക്ഷത്ത് നിൽക്കാം” – മാർപാപ്പ വിശദമാക്കി.

യുദ്ധം, പട്ടിണി, ദാരിദ്ര്യം, പ്രകൃതിദുരന്തങ്ങൾ എന്നിങ്ങനെ ലോകത്ത് സംഭവിക്കുന്ന നിരവധി പ്രതിസന്ധികളുടെ ഇരകളാകാൻ ആരെയും അനുവദിക്കരുതെന്നും കഴിയുന്നിടത്ത് നടപടിയെടുക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗത്തിൽ ക്രൈസ്തവരോട് അഭ്യർത്ഥിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കുർബാനയിൽ പാവപ്പെട്ടവർ വിശിഷ്ടാതിഥികളായിരുന്നു. സൗജന്യ ഭക്ഷണവും വൈദ്യസഹായവും ഉൾപ്പെടെ ആവശ്യമുള്ളവരെ സഹായിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളും ഈ ദിനം ലഭ്യമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.