തങ്ങളുടെ ദൈവാലയത്തിൽ അഭയംതേടിയ ആളുകളും ഇടവകജനങ്ങളും ലോകസമാധാനത്തിനുവേണ്ടി തുടർച്ചയായി പ്രാർഥനയിലാണ് എന്ന് വെളിപ്പെടുത്തി ഗാസയിലെ തിരുക്കുടുംബ ദൈവാലയം വികാരി ഫാ. റോമാനെല്ലി. എഴുനൂറോളം ആളുകളാണ് ഫാ. റോമാനെല്ലിയുടെ ഇടവകയിൽ അഭയാർഥികളായി എത്തിയിരിക്കുന്നത്.
“യേശുവിന്റെയും സഭയുടെയും പാപ്പായുടെയും സ്നേഹം അനുഭവിക്കുന്നതിനാൽ ഗാസയിലെ തിരുക്കുടുംബ ഇടവക ദൈവാലയത്തിലെ അംഗങ്ങളും അഭയാർഥികളായി എത്തിയിരിക്കുന്ന എഴുനൂറോളം ആളുകളും പ്രതീക്ഷയോടെയാണ് മുൻപോട്ടു പോകുന്നത്. ഗാസയിലെങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിലും യേശുവിന്റെ സാന്നിധ്യവും മുഴുവൻ സഭയുടെ സാമീപ്യവും ശക്തിപകരുന്നതുകൊണ്ടാണ് ധൈര്യപൂർവം ദൈവാലയത്തിൽ അഭയംപ്രാപിക്കുന്നത്. ഈ സുരക്ഷിതത്വം അവർക്കു ലഭിക്കുന്നതുകൊണ്ടാണ് ലോകസമാധാനത്തിനുവേണ്ടി അവർ ഒന്നിച്ചുപ്രാർഥിക്കുന്നത്” – ഫാ. ഗബ്രിയേൽ കൂട്ടിച്ചേർത്തു.
ഹമാസ് ആക്രമണം നടത്തിയ ദിവസം മുതൽ യുദ്ധഭീതിയിൽ കഴിയുന്ന ആളുകളുമായി ഫ്രാൻസിസ് പാപ്പാ ആശയവിനിമയം നടത്തിയിരുന്നു. പാപ്പാ അവർക്ക് ആശീർവാദം നൽകുകയും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ദൈവാലയത്തിൽ കഴിയുന്ന അഭയാർഥികൾ രാവിലെയും ഉച്ചയ്ക്കും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും നിരന്തരമായി ജപമാലചൊല്ലി പ്രാർഥിക്കുകയും ചെയ്യുന്നു.
ഹമാസ് ആക്രമണവും ഇസ്രായേൽ ബോംബാക്രമണവും ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ വിശുദ്ധനാട്ടിൽ ആശങ്കകൾ വർധിക്കുന്നുവെന്ന് വിശുദ്ധനാടിന്റെ സംരക്ഷണ ചുമതലയുള്ള ഫാ. ഇബ്രാഹിം ഫാൽറ്റാസ് പറയുന്നു. ഇങ്ങനെ തുടർന്നാൽ വിശുദ്ധനാട്ടിൽ ഒരു ക്രിസ്ത്യാനിയും അവശേഷിക്കില്ല എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. ക്രിസ്തുമസിന് ഒരുമാസം മുമ്പ്, ബെത്ലഹേം തീർഥാടകരാൽ നിറഞ്ഞിരുന്ന അവസ്ഥയിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഇവിടെനിന്ന് ഓടിപ്പോകുന്നതല്ലാതെ മറ്റൊന്നും അവർ ചിന്തിക്കുന്നില്ല എന്നും ഫാ. ഫാൽറ്റാസ് വെളിപ്പെടുത്തുന്നു.