പീഡനങ്ങൾക്കിടയിലും ക്രിസ്തുമതം വളരുന്നുവെന്ന് പുതിയ റിപ്പോർട്ട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൈസ്തവർ നേരിടുന്ന ക്രൂരമായ അടിച്ചമർത്തലുകൾക്കിടയിലും ക്രിസ്തുമതം വളർന്നുകൊണ്ടിരിക്കുന്നുവെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) എന്ന അഭിഭാഷകഗ്രൂപ്പിന്റെ പുതിയ റിപ്പോർട്ട്. 2023 -ലെ ‘പെർസിക്യൂട്ടേഴ്സ് ഓഫ് ദ ഇയർ’ എന്നപേരിലാണ് പുതിയ റിപ്പോർട്ട് ഈ മാസം പുറത്തിറക്കിയത്.

ലോകത്ത് ഏറ്റവുംകൂടുതൽ പീഡിപ്പിക്കപ്പെടുന്ന പത്തുരാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളിലേക്കാണ് ഐ.സി.സിയുടെ റിപ്പോർട്ട് വെളിച്ചംവീശുന്നത്. പീഡനങ്ങൾക്കിടയിലും അതിതീവ്ര പീഡിതരാജ്യങ്ങളായ ഇറാൻ, ചൈന, നൈജീരിയ എന്നിവിടങ്ങളിൽ വിശ്വാസം വളരുന്നുവെന്ന് റിപ്പോർട്ട് തെളിയിക്കുന്നു.

മുസ്ലിം അധികാരത്തിലിരിക്കുന്ന ഇറാൻ ക്രൈസ്തവ ന്യൂനപക്ഷ രാജ്യമാണ്. ഇവിടെ ശരിയത്ത് നിയമം കർശനമായി പാലിക്കുന്നുണ്ടെങ്കിലും ഐ.സി.സിയുടെ റിപ്പോർട്ടനുസരിച്ച്, അനേകംപേർ ക്രിസ്തുമതം സ്വീകരിക്കുന്നു. അറസ്റ്റും പീഡനവും വധശിക്ഷയും നേരിടേണ്ടിവരുമെന്ന ഉറപ്പിലും ഇസ്ളാമിൽ നിന്നുപോലും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. ചൈനയിൽ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) ‘പൗരന്മാർ ഭരണകൂടത്തെ ആരാധിക്കണമെന്ന്’ ആവശ്യപ്പെട്ടുകൊണ്ട് മതസ്വാന്ത്ര്യങ്ങൾക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തുമ്പോഴും അവിടെയും ക്രിസ്തുമതം വളരുന്നതായാണ് റിപ്പോർട്ട്. ഒരു ക്രിസ്ത്യാനിയാകാൻ ഏറ്റവും കൂടുതൽ ഭയക്കേണ്ട ഇടമായ നൈജീരിയയിൽ ഏകദേശം 100 ദശലക്ഷം ക്രിസ്ത്യാനികളാണ് പീഡനത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും വധശിക്ഷയുടെയും നിരന്തരമായ ഭീഷണിയിൽ ജീവിക്കുന്നത്. പുരോഗതിയുടെ സൂചനകളൊന്നുമില്ലാതെ പതിറ്റാണ്ടുകളായി പീഡനംതുടരുന്ന നൈജീരിയയിൽ 94% കത്തോലിക്കരും ആഴ്ചതോറും കുർബാനയിൽ പങ്കെടുക്കുന്നതായാണ് റിപ്പോർട്ട്.

ഉത്തര കൊറിയ, ഇന്ത്യ, പാക്കിസ്ഥാൻ, എറിത്രിയ, അൾജീരിയ, ഇന്തോനേഷ്യ, അസർബൈജാൻ എന്നിവിടങ്ങളിലും താലിബാൻ, ജിൻപിംഗ്, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തുടങ്ങിയ ചില പ്രമുഖ പീഡനഗ്രൂപ്പുകളുടെയും വ്യക്തികളുടെയും പീഡനങ്ങൾസഹിക്കുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയും ഐ.സി.സി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.