
എത്യോപ്യയിലെ ഒറോമിയ റീജിയണൽ സ്റ്റേറ്റിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണങ്ങളെ എത്യോപ്യൻ ഓർത്തഡോക്സ് തവാഹെദോ സഭാ നേതാക്കൾക്കൊപ്പം എത്യോപ്യയിലെ കത്തോലിക്കാ ബിഷപ്പുമാരും ശക്തമായി അപലപിച്ചു. എത്യോപ്യയിലെ ഒറോമിയ മേഖലയിലുണ്ടായ രണ്ട് ആക്രമണങ്ങളിലായി അറുപതിലധികം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
ഓർത്തഡോക്സ് ക്രൈസ്തവരെ സംരക്ഷിക്കാനും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം സായുധ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോട് ശത്രുത അവസാനിപ്പിക്കാനും ചർച്ചകൾ, ക്ഷമ, അനുരഞ്ജനം എന്നിവ സ്വീകരിക്കാനും എത്യോപ്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (CBCE) അംഗങ്ങൾ ആഹ്വാനം ചെയ്ത് ആഴ്ചകൾക്കുള്ളിലാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്.
മർട്ടി വൊറേഡയിലെ അൻഗാഡ കെബെലെയിലുള്ള ഗോറ സിലിംഗോ എന്ന സ്ഥലത്ത് ഒക്ടോബർ 20-നും 24-നുമായി 14 വിശ്വാസികളും, ഷെർക്ക വൊറേഡയിലെ തെറെറ്റ ചോലെ ബിർബോയിൽ 46 പേരും കൊല്ലപ്പെട്ടതായി സഭാ നേതാക്കൾ വിശദീകരിച്ചു. 20 വിശ്വാസികളുടെ വീടുകൾ പൂർണ്ണമായും കത്തിച്ചാമ്പലായെന്നും ഇരുപതിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതേ മേഖലയിലെ വിവിധയിടങ്ങളിലായി മുൻപും നിരവധി വിശ്വാസികൾ കൊല്ലപ്പെട്ടിട്ടുള്ള കാര്യവും സിനഡ് ഓർമ്മിപ്പിച്ചു. ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ച സിനഡ്, “ഇത്തരം പ്രവൃത്തികൾ ഏതൊരു മതത്തിന്റെയും പഠനങ്ങൾക്ക് നിരക്കാത്തതും ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്” എന്ന് വ്യക്തമാക്കി.
അതേസമയം, ആക്രമണങ്ങളെ പരസ്യമായി അപലപിക്കാനും ജീവിക്കാനും ആരാധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ബന്ധപ്പെട്ട സർക്കാർ അധികാരികളോട് സിനഡ് ശക്തമായി ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും പുറമെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിയമപരമായ സംരക്ഷണം നൽകാനും അധികാരികളോട് ആഹ്വാനം ചെയ്തു.
പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ആവശ്യമായ സംരക്ഷണം നൽകണമെന്നും തുടർന്നുള്ള ഭീഷണികളും ആക്രമണങ്ങളും തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സിനഡ് അഭ്യർഥിച്ചു. ഓർത്തഡോക്സ് സഭാ നേതാക്കൾ മരിച്ചവരുടെ കുടുംബങ്ങൾക്കും എല്ലാ എത്യോപ്യക്കാർക്കും അനുശോചനം അറിയിച്ചു.
ഒക്ടോബർ 27-ന് ദിവ്യബലിക്ക് ശേഷം ലോകമെമ്പാടുമുള്ള എത്യോപ്യൻ ഓർത്തഡോക്സ് തവാഹെദോ സഭയുടെ എല്ലാ മഠങ്ങളിലും പള്ളികളിലും അനുസ്മരണ പ്രാർഥനാ ശുശ്രൂഷകൾ നടത്താൻ ജനറൽ അസംബ്ലി തീരുമാനിച്ചു.




