ആഗോളതലത്തിൽ ക്രൈസ്തവപീഡനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്; 22 കോടി ക്രൈസ്തവർ നേരിട്ട് പീഡനങ്ങൾ അനുഭവിക്കുന്നു

എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) യുകെ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പഠനവിധേയമാക്കിയ 55% രാജ്യങ്ങളിലും ക്രൈസ്തവർക്കെതിരെയുള്ള അടിച്ചമർത്തലുകൾ കൂടുതൽ വഷളായിട്ടുണ്ട്. ഇതിൽ ഒരു രാജ്യത്തു പോലും പീഡനങ്ങളിൽ യാതൊരു കുറവും രേഖപ്പെടുത്തിയിട്ടില്ല. 2024 ഓഗസ്റ്റിനും 2026 ജൂണിനുമിടയിൽ ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 18 രാജ്യങ്ങളിൽ സംഘർഷങ്ങൾ, തീവ്രവാദം, മതപരമായ അക്രമങ്ങൾ എന്നിവ മൂലം ക്രൈസ്തവർ തങ്ങളുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള 22 കോടി (220 ദശലക്ഷം) ക്രൈസ്തവർ നേരിട്ടുള്ള പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. പ്യൂ റിസർച്ച് സെന്ററിന്റെ (Pew Research Center) ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച്, അധിക്ഷേപങ്ങൾ മുതൽ കൊലപാതകങ്ങൾ വരെയുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ 2021 ൽ 160 രാജ്യങ്ങളിലായിരുന്നത് 2023 ആയപ്പോഴേക്കും 165 രാജ്യങ്ങളായി ഉയർന്നു.

പാശ്ചാത്യവിരുദ്ധ മനോഭാവമുള്ള രാജ്യങ്ങളിൽ ഏകാധിപത്യ ഭരണകൂടങ്ങൾ നടത്തുന്ന ക്രൈസ്തവപീഡനങ്ങൾ മുൻപൊന്നുമില്ലാത്തവിധം വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ചൈനീസ് ഭരണകൂടം മതപരമായ സിദ്ധാന്തങ്ങളെ കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവർക്കു മേലുള്ള അടിച്ചമർത്തൽ ശക്തമാക്കിയിട്ടുണ്ട്. ഇത്, കൂട്ട അറസ്റ്റുകൾക്കും നിയമപരമായ സാങ്കേതികത്ത്വങ്ങൾ പറഞ്ഞ് വൈദികരെ തടവിലാക്കുന്നതിനും പള്ളികൾ അടച്ചുപൂട്ടുന്നതിനും സോഷ്യൽ മീഡിയയിലൂടെയുള്ള മതപരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനും കാരണമായി.

നിക്കരാഗ്വയിലെ ഭരണകൂടം ക്രൈസ്തവർക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതായും വൈദികരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യുക, പൗരോഹിത്യ സ്വീകരണം തടയുക, സഭാസ്ഥാപനങ്ങൾ പിടിച്ചെടുക്കുക, ബൈബിളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നിവ ചെയ്യുന്നതായും റിപ്പോർട്ട് പറയുന്നു. അതേസമയം, ഇറാനിൽ അടിച്ചമർത്തലുകൾ ശക്തമായതോടെ 12 മാസത്തിനുള്ളിൽ ക്രൈസ്തവരുടെ അറസ്റ്റ് ഇരട്ടിയായതായും റിപ്പോർട്ടിലുണ്ട്.

സബ്-സഹാറൻ ആഫ്രിക്കയെ പ്രത്യേകമായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ ഐസിസ് അക്രമങ്ങളുടെ ഉച്ചസ്ഥായിക്കു ശേഷം ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങൾ നടന്ന പ്രദേശങ്ങളായി നൈജീരിയ, ബുർക്കിന ഫാസോ, മാലി, നൈജർ എന്നിവയെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സാഹെൽ മേഖലയിലെ ജിഹാദി അക്രമങ്ങൾ മൂലം നിലവിൽ രാജ്യത്തിന്റെ 40% തീവ്രവാദി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായതായും റിപ്പോർട്ട് വിവരിക്കുന്നു.

പീഡനമോ, അടിച്ചമർത്തലോ അനുഭവിക്കുന്ന സഹായം ആവശ്യമുള്ള ക്രൈസ്തവരെ പിന്തുണയിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അവബോധം സൃഷ്ടിക്കുന്നതിലൂടെയും സഹായിക്കാൻ രൂപീകരിച്ച ഒരു കത്തോലിക്കാ ചാരിറ്റിയാണ് പ്രസ്ഥാനമാണ് ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.