ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; പാക്കിസ്ഥാനില്‍ വീണ്ടും നിർബന്ധിത മതപരിവർത്തനം

പാക്കിസ്ഥാനിൽ പത്തു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിപ്പിച്ചു. തങ്ങളുടെ മകളെ ലൈംഗിക മനുഷ്യക്കടത്തുകാർക്ക് വിൽക്കുമെന്ന ഭയപ്പാടിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഫെബ്രുവരി 12-നാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ചക്ക് 233-ആർബി ഇഖ്‌ലാഖ് ടൗണിലെ വീട്ടിൽ നിന്ന് ലൈബ സുഹൈൽ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. തീവ്ര ഇസ്ലാമിസ്റ്റായ ഷൗക്കത്ത് ഷായുടെ നിർദ്ദേശപ്രകാരമാണ് സംഭവം. മോർണിംഗ് സ്റ്റാർ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തട്ടിക്കൊണ്ടുപോയവർക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി പെൺകുട്ടിയുടെ പിതാവ്, സുഹൈൽ മസിഹ് വെളിപ്പെടുത്തി. കുട്ടികളെ നിർബന്ധിച്ച് ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നതിനും അവർ മനഃപൂർവ്വം മതപരിവർത്തനം നടത്തിയെന്ന് കോടതിയിൽ മൊഴി നൽകാൻ നിർബന്ധിച്ചതിനും മതവിദ്യാഭ്യാസം നൽകാനെന്ന വ്യാജേന അവരെ പിന്നീട് ഷെൽട്ടർ ഹോമുകളിൽ നിന്ന് കൊണ്ടുപോയതിനും ഷാ ഈ പ്രദേശത്ത് പ്രസിദ്ധനാണ്.

താൻ ഇസ്ലാം മതം സ്വീകരിച്ചതായി അവകാശപ്പെട്ട് അപേക്ഷ നൽകിയതായി ഫെബ്രുവരി 15-ന് പോലീസ് മസിഹിനെ അറിയിച്ചതിനെത്തുടർന്ന് മകളുടെ അഭ്യർത്ഥനപ്രകാരം കോടതി അവളെ വനിതാ അഭയകേന്ദ്രത്തിലേക്ക് അയച്ചു. അവിടെ നിന്ന് ഷാ ലൈബയെ കൊണ്ടുപോയതായി പിതാവ് മസിഹ് വെളിപ്പെടുത്തി.

“ഇതാണ് ഷായുടെ പ്രവർത്തനരീതി. അവന്റെ ഇരകളെ കൈമാറിയ ശേഷം അവർക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. അവനും അവന്റെ  കൂട്ടാളികളും ലൈംഗിക കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ ഭയപ്പെടുന്നു, കോടതികളിൽ വിഷയം തുടരാൻ കുടുംബങ്ങൾക്ക് കഴിയില്ലെന്ന് കാണുമ്പോൾ അവർ പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടികളെ വിൽക്കുന്നു.” – പിതാവ് നിസ്സഹായതയോടെ വെളിപ്പെടുത്തുന്നു.

ഷായ്‌ക്കെതിരെ കുടുംബം തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിട്ടും റോഷൻ വാല പോലീസ് സ്റ്റേഷൻ തന്റെ മകളെ വീണ്ടെടുക്കാൻ നടപടിയെടുക്കാത്തതിൽ അദ്ദേഹം അപലപിച്ചു. ഷായും പോലീസും മകളെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ കുടുംബം നിസ്സഹായരായി നോക്കിനിൽക്കുകയായിരുന്നുവെന്ന് മസിഹ് പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസമോ മതപരമായ അറിവോ ഒന്നുമില്ലാത്ത പത്ത് വയസുകാരിക്ക് എങ്ങനെ ഇസ്‌ലാം മതം സ്വീകരിക്കാൻ കഴിയുമെന്ന് മസിഹ് ചോദിക്കുന്നു. കോടതിയിൽ ലൈബയെക്കൊണ്ട് നിർബന്ധപൂർവ്വം ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.