നൈജീരിയയിൽ 16 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റി

നൈജീരിയയിലെ കടുന സംസ്ഥാനത്ത് താമസിക്കുന്ന അന്ന നിമ്മിയേൽ എന്ന ക്രൈസ്തവ സ്ത്രീയുടെ 16 വയസുള്ള മകള്‍ ഗ്രേസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റി. രണ്ട് മാസം മുമ്പാണ് ഗ്രേസിനെ മല്ലം അബ്ദുൾറൗബ് എന്ന മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയത്. 17 ദിവസങ്ങൾക്ക് ശേഷം ഗ്രേസ് ഇസ്‌ലാമിലേക്ക് മതം മാറിയെന്ന് തട്ടിക്കൊണ്ടുപോയയാൾ വിളിച്ച് അറിയിക്കുന്നതുവരെ അന്നക്ക് മകളെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അയാൾ ഗ്രേസിനെ നിർബന്ധിച്ച് മതംമാറ്റുകയായിരുന്നു.

അന്ന പോലീസിൽ പരാതി കൊടുത്തെതിനെ തുടർന്ന് മല്ലത്തിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഒരു ദിവസത്തിന് ശേഷം ജാമ്യം ഇല്ലാതെ തന്നെ വിട്ടയച്ചു. ഗ്രേസ് ഏഴ് ദിവസം ജയിലിൽ കിടന്നു. അതിനു ശേഷം തട്ടിക്കൊണ്ടുപോയവന്റെ അടുത്തേക്ക് തന്നെ മടങ്ങേണ്ടി വന്നു. ഗ്രേസ് ഇപ്പോൾ മറ്റൊരു മതത്തിൽ പെട്ടവളായതിനാൽ അവളെ അമ്മയുടെ അടുത്തേക്ക് തിരിച്ചയക്കാൻ കഴിയില്ലെന്ന് കേസ് കൈകാര്യം ചെയ്യുന്ന കടുന സ്റ്റേറ്റ് ഇന്റർഫെയ്ത്ത് ഓഫീസിൽ നിന്നും അറിയിച്ചു. അതിനാൽ പെൺകുട്ടി ഇപ്പോഴും അമ്മയുടെ അടുത്തേക്ക് മടങ്ങിയിട്ടില്ല.

തന്റെ മകളെ തിരികെ ലഭിക്കാൻ അധികാരികളോട് അഭ്യർത്ഥിച്ചതിനെ കുറിച്ച് അന്ന എഴുതുന്നു, “ഈ അപേക്ഷ എഴുതുമ്പോൾ പെൺകുട്ടി കഡുന ഇന്റർഫെയ്ത്ത് നിർദ്ദേശിച്ച പ്രകാരം ഒരു ഇസ്ലാമിക പുരോഹിതന്റെ കസ്റ്റഡിയിലാണ്. ദയവായി എന്റെ മകളെ വിട്ടുതരണമെന്ന് ഞാൻ പോലീസിനോടും മതാധികാരികളോടും മുട്ടുകുത്തി കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു. പെൺകുട്ടി എന്റെ ഏകമകളാണ്. ഈ ലോകത്ത് എനിക്ക് അവൾ മാത്രമേ ഉള്ളു. പക്ഷേ എന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടില്ല.”

പ്രായപൂർത്തിയാകാത്തവരെ അവരുടെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുന്നത് കുറ്റകരമാണെന്ന് നൈജീരിയൻ ഭരണഘടന നിർവചിക്കുന്നു. നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികളുടെ സുരക്ഷ രാജ്യത്ത് വളരെ ബുദ്ധിമുട്ടേറിയതാണ്. ശൈശവ വിവാഹം നൈജീരിയയിലുടനീളമുള്ള ഒരു പ്രശ്‌നമാണ്. ക്രിസ്ത്യൻ കുടുംബങ്ങളെ ഇത്തരത്തിലുള്ള പലവിധ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാൻ സർക്കാരും വിസമ്മതിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.