നൈജീരിയയിലെ നസറാവ സംസ്ഥാനത്ത് ക്രിസ്ത്യൻ ഡോക്ടർ കൊല്ലപ്പെട്ടു

നൈജീരിയയിലെ നസറാവ സംസ്ഥാനത്ത് ഒരു ക്രിസ്ത്യൻ ഡോക്ടറും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ലാഫിയ പട്ടണത്തിലെ ആംഗ്‌ബാസ് ആശുപത്രി മേധാവി ഡോ. സ്റ്റീഫൻ ആംഗ്‌ബാസ് ആണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഒക്‌ടോബർ 17 -ന്, വൈകുന്നേരം നാലുമണിയോടെ സംസ്ഥാനത്തിന്റെ തെക്കൻഭാഗത്തുള്ള ആവെ കൗണ്ടിയിലെ തന്റെ ഫാമിൽനിന്ന് മടങ്ങവെയാണ് ഭീകരർ അദ്ദേഹത്തെ ആക്രമിച്ചുകൊലപ്പെടുത്തിയത്.

ഇവാഞ്ചലിക്കൽ റിഫോംഡ് ചർച്ച് ഓഫ് ക്രൈസ്റ്റിലെ അംഗമായിരുന്നു ആംഗ്ബാസ്. ജങ്കാർഗരി-ആവേ റോഡിൽ നടന്ന ആക്രമണത്തിൽ ആംഗ്‌ബാസിന്റെ മോട്ടോർസൈക്കിൾ ഡ്രൈവർ മിക്കൈലു ദാഹിരുവിനും പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച ഇദ്ദേഹം പിന്നീട് മരണത്തിനു കീഴടങ്ങി. ആക്രമണത്തിന്റെ ഭീകരമായ സ്വഭാവം ക്രിസ്ത്യാനികൾക്കെതിരായ നൈജീരിയൻ ഭീകരാക്രമണത്തിനു സമാനമായിരുന്നെങ്കിലും ആക്രമണം മതപരമായ കാരണത്താലാണോ എന്ന് വ്യക്തമല്ല. പണം മോഷ്ടിച്ചതായി മാധ്യമങ്ങളോ, പോലീസോ സൂചിപ്പിച്ചിട്ടില്ല.

നസറാവ സംസ്ഥാനത്ത് ഫുലാനി തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഏപ്രിൽ 24 മുതൽ ഏപ്രിൽ 29 വരെയുള്ള ആറുദിവസങ്ങൾക്കിടയിൽ ഫുലാനി തീവ്രവാദികൾ ദോമ കൗണ്ടിയിലെ അജിമാക്കയിൽ 12 ക്രിസ്ത്യൻ കർഷകരെ കൊലപ്പെടുത്തിയിരുന്നു. മാർച്ച് പകുതിയോടെ, നസറാവ സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹങ്ങൾക്കുനേരെ ഫുലാനി തീവ്രവാദികൾ നടത്തിയ സായുധ ആക്രമണത്തിൽ 200 -ലധികം ആളുകളെ  കൊലപ്പെടുത്തുകയും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ചെയ്തു. ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോർട്ട് അനുസരിച്ച്, 2022 -ൽ 5,014 ക്രൈസ്തവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.