
ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരി മാവോ സെതൂങ്ങിന്റെ കാലത്തുണ്ടായ കഠിനമായ മതപീഡനങ്ങളെയും ക്രൂരതകളെയും അതിജീവിച്ച അവസാനത്തെ ചൈനീസ് ട്രാപ്പിസ്റ്റ് സന്ന്യാസിയായ ഫാദർ ബെനഡിക്റ്റ് ചാവോ അന്തരിച്ചു. അദ്ദേഹത്തിന് 108 വയസ്സായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്ന്യാസിയായിരുന്ന ഫാദർ ബെനഡിക്റ്റ് ജൂലൈ 31 നാണ് അന്തരിച്ചത്. ഓഗസ്റ്റ് 14 ന് ഹോങ്കോംഗിലെ ലന്റാവു ദ്വീപിലുള്ള ‘ഔവർ ലേഡി ഓഫ് ജോയ്’ ബസിലിക്കയിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കും.
1918 ൽ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുള്ള ചെങ്തിംഗിലാണ് ഫാദർ ബെനഡിക്റ്റ് ചാവോ ജനിച്ചത്. 1941 ൽ 23-ാം വയസ്സിൽ സന്ന്യാസവ്രതം സ്വീകരിച്ച അദ്ദേഹം എൺപതിലേറെ വർഷത്തോളം ട്രാപ്പിസ്റ്റ് സന്ന്യാസ സമൂഹത്തിൽ സേവനമനുഷ്ഠിച്ചു. 20 വർഷത്തോളം ഹോങ്കോംഗിലെ ആശ്രമത്തിന്റെ പ്രിയോർ പദവിയും അദ്ദേഹം വഹിച്ചിരുന്നു.
1940 കളിൽ ചൈനയിൽ കമ്മ്യൂണിസ്റ്റ് ശക്തികൾ അധികാരം പിടിച്ചെടുത്തതോടെ കത്തോലിക്കാ സന്ന്യാസാശ്രമങ്ങൾ ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു. 1947 ൽ യാങ്ജിയാപിംഗ്, ‘ലെയ്‌സ് തുടങ്ങിയ ട്രാപ്പിസ്റ്റ് ആശ്രമങ്ങളിലെ സന്ന്യാസികളെ ചങ്ങലയ്ക്കിട്ടും, പട്ടിണിക്കിട്ട് കിലോമീറ്ററുകളോളം നടത്തുന്ന ‘മരണ മാർച്ചിനും’ കമ്മ്യൂണിസ്റ്റ് സൈന്യം ഇരയാക്കി. 33 ഓളം സന്ന്യാസികൾ അന്ന് രക്തസാക്ഷിത്വം വരിച്ചു. ആക്രമണങ്ങളിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട ഫാദർ ചാവോ കാനഡയിലെ ആശ്രമത്തിലേക്കു മാറുകയും പിന്നീട് 1950 കളിൽ ഹോങ്കോംഗിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. തുടർന്ന് ലന്റാവു ദ്വീപിൽ പുതിയ ആശ്രമം സ്ഥാപിച്ച് സന്ന്യാസജീവിതം തുടർന്നു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാലത്ത് സഭയും ദൈവാലയങ്ങളും നേരിട്ട കഠിനപീഡനങ്ങൾക്കും രക്തസാക്ഷിത്വങ്ങൾക്കും സാക്ഷ്യം വഹിച്ച അവസാനത്തെ സന്ന്യാസിയായിരുന്നു ഫാദർ ബെനഡിക്റ്റ് ചാവോ. അദ്ദേഹത്തിന്റെ വേർപാടോടെ ചൈനയിലെ ട്രാപ്പിസ്റ്റ് സന്ന്യാസ സമൂഹത്തിന്റെ പീഡനകാലഘട്ടത്തിലെ ചരിത്രസാക്ഷ്യത്തിന്റെ ഒരു അധ്യായത്തിനാണ് തിരശ്ശീല വീണത്.




