
അസീസിയിലെ വി. ഫ്രാൻസിസിന്റെ പാത പിന്തുടർന്ന് ദാരിദ്ര്യത്തിലും പ്രാർഥനയിലും മുഴുകിയ ഒരു ജീവിതം നയിച്ചുകൊണ്ട്, ഒടുവിൽ പുവർ ക്ലെയേഴ്സ് എന്ന സന്ന്യാസ സഭ സ്ഥാപിച്ച വിശുദ്ധ ക്ലാരയുടെ ജീവിതവും ദൈവസ്നേഹവും പ്രസിദ്ധമാണ്. എന്നാൽ ഈ വിശുദ്ധ പ്രത്യേകമായി സംരക്ഷക വിശുദ്ധയായിരിക്കുന്നത് എന്തിന്റെ ആണെന്ന് പലർക്കും അറിയില്ല. പ്രധാനമായും ടെലിവിഷന്റെയും സംപ്രേക്ഷണ മാധ്യമങ്ങളുടെയും മധ്യസ്ഥയാണ് അസീസിയിലെ വിശുദ്ധ ക്ലാര.
1958-ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് വിശുദ്ധ ക്ലാരയെ ടെലിവിഷന്റെ മധ്യസ്ഥയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിശുദ്ധ ക്ലാരയെ ടെലിവിഷന്റെയും സംപ്രേഷണ മാധ്യമങ്ങളുടെയും മധ്യസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നിൽ നടന്ന അദ്ഭുതകരമായ ഒരു സംഭവമുണ്ട്. 1252-ലെ ക്രിസ്തുമസ് രാത്രിയിലാണ് അത് നടക്കുന്നത്.
അസീസിയിലെ സാന്താ ദാമിയാനോ സന്ന്യാസിനീ മഠത്തിൽ രോഗബാധിതയായി കിടപ്പിലായിരുന്നു ആ സമയം വിശുദ്ധ ക്ലാര. രോഗാവസ്ഥയിലും ക്രിസ്തുമസ് രാത്രിയിൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ നടക്കുന്ന തിരുപ്പിറവിയുടെ വിശുദ്ധ കുർബാനയിലും പ്രാർഥനകളിലും പങ്കെടുക്കണമെന്ന് വിശുദ്ധ അതിയായി ആഗ്രഹിച്ചിരുന്നു. മറ്റ് സന്ന്യാസിനിമാരെല്ലാം പ്രാർഥനയ്ക്കായി ബസിലിക്കയിലേക്ക് പോയപ്പോൾ, നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന വിശുദ്ധ ക്ലാര, മഠത്തിലെ തന്റെ കിടപ്പുമുറിയിൽ തനിച്ചായി. ആ സങ്കടത്തിൽ അവൾ ദൈവത്തോട് പ്രാർഥിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു അദ്ഭുതം സംഭവിച്ചു. അവളുടെ മുറിയുടെ ചുവരിൽ, കിലോമീറ്ററുകൾ അകലെയുള്ള ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയും സങ്കീർത്തനങ്ങളും പ്രസംഗവും ഒരു തത്സമയ ദൃശ്യം പോലെ വ്യക്തമായി കാണാനും കേൾക്കാനും വിശുദ്ധയ്ക്ക് സാധിച്ചു. തിരുനാൾ പ്രാർഥനകൾ കഴിഞ്ഞ് മഠത്തിൽ തിരിച്ചെത്തിയ മറ്റ് സന്ന്യാസിനിമാരോട്, ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിലെ ഓരോ ചടങ്ങുകളും പ്രസംഗത്തിലെ വാക്കുകളും അവൾ കൃത്യമായി വിവരിച്ചു കൊടുത്തപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടു.
1950-കളിൽ ലോകമെമ്പാടും ടെലിവിഷൻ എന്ന സാങ്കേതികവിദ്യ വൻ പ്രചാരം നേടിത്തുടങ്ങിയ കാലമായിരുന്നു. 1252-ലെ ക്രിസ്തുമസ് രാത്രിയിൽ വിശുദ്ധ ക്ലാരയ്ക്കു ലഭിച്ച ആത്മീയ ദർശനം (ദൂരെയുള്ള ഒരു സംഭവം സ്വന്തം മുറിയിലിരുന്ന് തത്സമയം കണ്ടത്) ആദ്യത്തെ ‘ടെലിവിഷൻ സംപ്രേഷണത്തിന്’ സമാനമായിരുന്നു എന്ന് കത്തോലിക്കാ സഭ വിലയിരുത്തി. തുടർന്ന് 1958 ഫെബ്രുവരി 14-ന് പയസ് പന്ത്രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക് കത്തിലൂടെ വിശുദ്ധ ക്ലാരയെ ടെലിവിഷന്റെയും ടെലികമ്മ്യൂണിക്കേഷൻ രംഗത്തിന്റെയും മധ്യസ്ഥയായി പ്രഖ്യാപിച്ചു.
ഇത് കൂടാതെ കാഴ്ചയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവരുടെയും വസ്ത്രങ്ങൾ വൃത്തിയാക്കുന്നവരുടെയും തയ്യൽ തൊഴിലാളികളുടെയും സന്ന്യാസിനികളുടെയും മധ്യസ്ഥയായും വിശുദ്ധ ക്ലാര വണങ്ങപ്പെടുന്നു.




