
ബംഗാളിലെ വിപ്ലവകാരിയായിരുന്ന യുവ സ്വാതന്ത്ര്യസമര സേനാനി കുദിരം ബോസ് തൂക്കിലേറ്റപ്പെട്ടത് 1908 ഓഗസ്റ്റ് 11 നായിരുന്നു. 18 വയസ്സായിരുന്നു തൂക്കിലേറ്റപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ബംഗാൾ പ്രസിഡൻസിയിലെ മിദ്നാപ്പൂർ ജില്ലയിലാണ് 1889 ൽ ബോസ് ജനിച്ചത്. ഔരബിന്ദോയുടെയും സിസ്റ്റർ നിവേദിതയുടെയും പ്രസംഗങ്ങളാണ് അദ്ദേഹത്തിൽ വിപ്ലവത്തിന്റെ ജ്വാലകൾ തെളിച്ചത്. തുടർന്ന് 16-ാം വയസ്സിൽ വിപ്ലവപ്രസ്ഥാനത്തിൽ അംഗമായി. മുസാഫർപൂർ മജിസ്ട്രേറ്റനെ വധിക്കാനുള്ള ശ്രമത്തിനിടെയാണ് ബോസ് അറസ്റ്റിലായത്. മെയ് 21 ന് വിചാരണ ആരംഭിക്കുകയും ആഗസ്റ്റ് 11 ന് ബോസിനെ തൂക്കിലേറ്റുകയും ചെയ്തു.
മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡ് ഫ്രാൻസിന്റെ ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായത് 1960 ഓഗസ്റ്റ് 11 നായിരുന്നു. 1900 ൽ നടന്ന കൗസേരി യുദ്ധത്തിലൂടെയാണ് ഫ്രാൻസ് ചാഡിൽ ആധിപത്യം ഉറപ്പിക്കുന്നത്. തുടർന്ന് ഫ്രഞ്ച് ആധിപത്യത്തിനെതിരെ നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായി 1957 ൽ ഫ്രാൻസിന്റെ കീഴിൽ തന്നെ ചാഡിന് ഭാഗികമായ സ്വയംഭരണാവകാശം അംഗീകരിച്ചു നൽകി. അത് പക്ഷേ ചാഡിൽ നടന്ന പ്രക്ഷോഭങ്ങളെ തെല്ലും തണുപ്പിച്ചില്ല. അതിനെത്തുടർന്ന് 1960 ആഗസ്റ്റ് 11 ന് ഫ്രാൻസ് ചാഡിൽ നിന്ന് പൂർണമായും പിൻവാങ്ങി.
ഇന്ത്യൻ ഭരണഘടനയുടെ പത്താം ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് 1961 ഓഗസ്റ്റ് 11 നായിരുന്നു. വിദേശകാര്യ സഹമന്ത്രിയായിരുന്ന ലക്ഷ്മി മേനോനാണ് ബിൽ അവതരിപ്പിച്ചത്. ഈ ഭേദഗതിയിലൂടെയാണ് ഏഴാമത്തെ കേന്ദ്രഭരണ പ്രദേശമായി ദാദ്ര-നാഗർഹവേലി ഇന്ത്യയുടെ ഭാഗമായിത്തീർന്നത്. 1954 വരെ പോർച്ചുഗീസ് കോളനിയായിരുന്ന ദാദ്രാ-നാഗർഹവേലി പ്രാദേശിക മുന്നേറ്റങ്ങളിലൂടെ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായിരുന്നെങ്കിലും അന്തർദേശീയ തലത്തിൽ പോർച്ചുഗീസിന്റെ കീഴിലുള്ള പ്രദേശമായിത്തന്നെയാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇക്കാരണത്താൽ അവിടുത്തെ പ്രാദേശിക ഭരണകൂടം ഇന്ത്യയുടെ ഭരണപരമായ സഹായങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഭരണഘടനാ ഭേദഗതിയിലൂടെ ദാദ്രാ-നാഗർഹവേലിയെ, ഇന്ത്യ, രാജ്യത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്തത്.
സുനീഷ വി എഫ്




