കത്തോലിക്കാ വിശ്വാസത്തിന്റെ പുതിയ വിളനിലമായി ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി

കത്തോലിക്കാ വിശ്വാസത്തിന്റെ പുതിയ വിളനിലമായി മാറുകയാണ് ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. ഇവിടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നത്. പുതുതായി നിർമ്മിച്ച കുരിശുരൂപത്തിന്റെ പേരിലാണ് ഇപ്പോൾ ഇവിടം വാർത്തകളിൽ നിറയുന്നത്.

ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കത്തോലിക്കാ വിദ്യാർഥി കേന്ദ്രമായ ‘സെന്റ് തോമസ് മോർ’ ദൈവാലയത്തിന്റെ പ്രധാന കവാടത്തിൽ നിർമ്മിച്ച പുതിയ കുരിശ്രൂപത്തിന്റെ ആശീർവാദ കർമ്മം നടന്നത് വെള്ളിയാഴ്ചയായിരുന്നു. കൊളംബസ് രൂപതാ ബിഷപ്പ് ഏൾ ഫെർണാണ്ടസാണ് ആശീർവാദ കർമ്മത്തിന് നേതൃത്വം നൽകി. യൂണിവേഴ്സിറ്റി ക്യാമ്പസിലെ ‘ബക്കൈ കാത്തലിക്’ വിദ്യാർഥി മിനിസ്ട്രിയുടെ പ്രധാന അടയാളമായി ഈ കുരിശുരൂപം ഇനി നിലകൊള്ളും.

മൈക്ക്, നിക്കോൾ ഹൈസ്ഡു ദമ്പതികളുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ കുരിശുരൂപം നിർമ്മിച്ചത്. സമീപകാലത്തായി ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കത്തോലിക്കാ വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഞായറാഴ്ച കുർബാനകളിൽ 1,600-ലധികം വിദ്യാർഥികൾ പങ്കെടുത്തു. ഈസ്റ്റർ ഒഴികെയുള്ള ദിനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതിന്റെ റെക്കോർഡാണിത്. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി പുതുതായി ആരംഭിച്ച മിനിസ്ട്രിയിലും വലിയ വിദ്യാർഥി പങ്കാളിത്തമാണ് കാണപ്പെടുന്നത്.

ചടങ്ങിൽ നിരവധി വിദ്യാർഥികളും അധ്യാപകരും സഭാ പ്രതിനിധികളും പങ്കെടുത്തു. പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ബിഷപ്പ് ഏൾ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.