
ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഖരഗ്പൂർ ഐഐടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് 1951 ആഗസ്റ്റ് 18 നായിരുന്നു. മൗലാനാ അബ്ദുൾ കലാം ആസാദ് ആയിരുന്നു ഉദ്ഘാടകൻ. ഇന്ത്യയിലെ ആദ്യ ഐഐടി ആയിരുന്നു ഖരഗ്പൂരിലേത്. 224 വിദ്യാർഥികളും 42 അധ്യാപകരുമായാണ് ഐഐടി പ്രവർത്തനം ആരംഭിച്ചത്. 1946 ൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ ജോഗേന്ദ്ര സിംഗ് നിയമിച്ച കമ്മിറ്റിയാണ് ഉന്നതവിദ്യാഭ്യാസത്തിന് ഐഐടികൾ എന്ന ആശയം അവതരിപ്പിച്ചത്. ഇന്ത്യയുടെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി നാല് ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണമെന്നായിരുന്നു എൻ ആർ സർക്കാർ അധ്യക്ഷനായ 22 അംഗ കമ്മിറ്റിയുടെ നിർദേശം. അതുപ്രകാരം ഇന്ത്യയിലെ ആദ്യ ഐഐടി കൽക്കട്ട കേന്ദ്രീകരിച്ച് ആരംഭിച്ചു. മാസങ്ങൾക്കു ശേഷം അതിന്റെ പ്രവർത്തനം ഖരഗ്പൂരിലെ ഹിജ്ലിയിലേക്കു മാറ്റി.
അതിപ്രശസ്തമായ വുഡ്സ്റ്റോക്ക് മ്യൂസിക് ആന്റ് ആർട്ട് ഫെയർ അവസാനിച്ചത് 1969 ആഗസ്റ്റ് 18 നായിരുന്നു. ന്യൂയോർക്കിലെ ബെഥേലിൽ ആഗസ്റ്റ് 15 മുതൽ 18വരെ നടന്ന റോക്ക് ഫെസ്റ്റിവലായിരുന്നു വുഡ്സ്റ്റോക്ക് എന്നറിയപ്പെടുന്ന വുഡ്സ്റ്റോക്ക് മ്യൂസിക് ആന്റ് ആർട്ട് ഫെയർ. വുഡ്സ്റ്റോക്, വാൾകിൽ എന്നീ നഗരങ്ങൾ ഇത് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതോടെ മാക്സ് യാസ്ഗർ എന്ന കർഷകൻ, തന്റെ കൃഷിഭൂമി പരിപാടി അവതരിപ്പിക്കാനായി വിട്ടുനൽകുകയായിരുന്നു. മഴ നിർത്താതെ പെയ്തിരുന്നെങ്കിലും അത് വകവയ്ക്കാതെ നാലുലക്ഷത്തിലധികം ആളുകളാണ് മൂന്നുദിവസങ്ങളിലായി നടന്ന വുഡ്റോക്ക് ഫെയർ ആസ്വദിക്കാനെത്തിയത്.
നവാസ് ഷെരീഫിനെ പുറത്താക്കി പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് പാക്കിസ്ഥാൻ പ്രസിഡന്റായിത്തീർന്ന പർവേസ് മുഷറഫ് സ്ഥാനം രാജിവച്ചത് 2008 ആഗസ്റ്റ് 18 നായിരുന്നു. 1999 ലാണ് മുഷറഫ് പ്രസിഡന്റ് പദവിയിലെത്തിയത്. പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ച സാഹചര്യത്തിലായിരുന്നു രാജി. ദേശീയ ടെലിവിഷനിൽ ഒരുമണിക്കൂറോളം നീണ്ട തത്സമയ പ്രഭാഷണത്തിലാണ് തന്റെ രാജി അദ്ദേഹം പ്രഖ്യാപിച്ചത്. 2007 ൽ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും അദ്ദേഹം വിചാരണ നേരിട്ടിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിലെത്തിയതോടെ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റം നേരിടുന്ന ആദ്യ മേധാവിയായിരുന്നു പർവേസ് മുഷറഫ്.
സുനീഷ വി എഫ്




