
പാലസ്തീനിലെ അവസാനത്തെ ക്രൈസ്തവഗ്രാമമായ തയ്ബെ (Taybeh) ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല സന്ദർശിച്ചു. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, “വളരെ സങ്കീർണ്ണമായ ഈ സാഹചര്യങ്ങൾക്കിടയിലും ക്രൈസ്തവശബ്ദമായി തുടരാൻ നിങ്ങളുടെ മാതൃക വളരെ പ്രധാനമാണ്” എന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണത്തിരുനാൾ ദിനത്തിലാണ് അദ്ദേഹം വെസ്റ്റ് ബാങ്കിലെ ചെറിയ ക്രൈസ്തവഗ്രാമമായ തയ്ബെ സന്ദർശിച്ചത്.
“വിശുദ്ധനാട്ടിലുടനീളം, എല്ലാ തലങ്ങളിലും ഇവിടത്തെ തിരുസഭയുടെ സാന്നിധ്യം നിലനിർത്താൻ ഞങ്ങളുടെ കഴിവിലുള്ളതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യും. ഒരു മാനുഷിക അല്ലെങ്കിൽ ലൗകികതലത്തിൽ എനിക്ക് ഉത്തരങ്ങളുണ്ടാകണമെന്നില്ല. എന്നാൽ, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. അവനിൽ വിശ്വസിച്ചുകൊണ്ട്, ഇവിടെ തയ്ബെയിൽ പോലും ജീവൻ തുടർന്നും കൊണ്ടുവരാൻ നമുക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” കർദിനാൾ പറഞ്ഞു.
നിർദിഷ്ട മേഖലയിൽ തയ്ബെയുടെ ജനവാസമേഖലയുടെ ഒരു ഭാഗം, കാർഷികഭൂമി, മതപരവും ചരിത്രപരവുമായ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഉത്തരവ് തീർഥാടകർ, സന്ദർശകർ, മാധ്യമപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, മറ്റ് വിദേശികൾ എന്നിവർക്ക് തയ്ബെയിലേക്ക് പ്രവേശനം ലഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്.
തയ്ബെയിൽ സംഭവിക്കുന്നത് ഈ നഗരത്തിന് അപ്പുറത്തേക്കും കൂടുതൽ അറിയപ്പെടുന്നുണ്ടെന്ന് കർദിനാൾ പിസബെല്ല പറഞ്ഞു.




