
അമേരിക്കയിലെ ഇന്ത്യനാപൊളിസിൽ നടത്തപ്പെടുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ തന്റെ പ്രത്യേക പ്രതിനിധിയായി സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്റെ പ്രോ-പ്രീഫക്ട് കർദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഈ മാസം 17 മുതൽ 21 വരെയാണ് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെടുന്നത്.
അമേരിക്കയിലെ കത്തോലിക്കാ മെത്രാൻസംഘത്തിന്റെ കാര്യദർശിയായ വൈദികൻ ഫാ. മെക്കിൾ ഫുള്ളെർ, ദേശീയ മെത്രാൻസംഘത്തിന്റെ വൈദികർക്കും സമർപ്പിതർക്കും ദൈവവിളികൾക്കുമായുള്ള സമിതിയുടെ കാര്യദർശിയായ ഫാ. ഹൊർഹെ ടോറെസ് എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്ന പൊന്തിഫിക്കൽ ദൗത്യസംഘത്തിൽ ഉൾപ്പെടുന്നു.
സ്വർഗീയഭോജനത്തിൽനിന്നു തങ്ങൾ സ്വീകരിക്കുന്ന സാർവത്രികദാനങ്ങളെക്കുറിച്ച് പൂർണ്ണ അവബോധമുള്ളവരാകാൻ ദിവ്യകാരുണ്യ കോൺഗ്രസിൽ സംബന്ധിക്കുന്ന എല്ലാവരും പ്രചോദിതരാകട്ടെയെന്ന് പാപ്പ, കർദിനാൾ തഗ്ലെയുടെ നിയമനം അറിയിച്ചുകൊണ്ടെഴുതിയ കത്തിൽ വ്യക്തമാക്കി.




