
2035-ഓടെ ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ (Pew Research Center) ആഗോള മത ജനസംഖ്യാ റിപ്പോർട്ട് പ്രവചിക്കുന്നു. 2020 മുതൽ 2070 വരെയുള്ള കണക്കുകൾ വിലയിരുത്തുന്ന നവംബർ 18-ലെ റിപ്പോർട്ടിൽ, അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ക്രൈസ്തവരിൽ ഭൂരിഭാഗവും ആഫ്രിക്കയിലായിരിക്കുമെന്നും അമേരിക്കയിൽ ക്രൈസ്തവർ ഭൂരിപക്ഷമായിരിക്കില്ലെന്നും പ്യൂ ഗവേഷകർ കണ്ടെത്തി. കൂടാതെ, ഏതെങ്കിലും മതവുമായി ബന്ധമില്ലാത്തവരുടെ (religiously unaffiliated) ശതമാനം ആഗോളതലത്തിൽ കുറയുമെങ്കിലും അമേരിക്കയിൽ വർധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമായും പ്രത്യുൽപ്പാദന രീതികൾ, പ്രായഘടന, മതം മാറ്റ രീതികൾ, കുടിയേറ്റ പ്രവണതകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് അനുസരിച്ച്, 2070-ഓടെ ലോകത്തിലെ ക്രൈസ്തവരിൽ പകുതിയിലധികവും സബ്-സഹാറൻ ആഫ്രിക്കയിലായിരിക്കുമെന്നാണ്. ആഫ്രിക്കൻ ക്രൈസ്തവ സ്ത്രീകളുടെ ഉയർന്ന പ്രത്യുൽപ്പാദന നിരക്കും അവിടത്തെ ജനസംഖ്യയുടെ കുറഞ്ഞ പ്രായവുമാണ് ഇതിന് പ്രധാന കാരണം.
അമേരിക്കയിലെ ക്രൈസ്തവ ജനസംഖ്യയിൽ പ്രായമായവർ കൂടുതലായതിനാൽ, അവിടെ ക്രൈസ്തവരുടെ ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2070-ഓടെ അമേരിക്കയിലെ ജനസംഖ്യയുടെ 50 ശതമാനത്തിൽ താഴെയായി ക്രൈസ്തവർ മാറും. ഇത് അമേരിക്കയിലെ ഭൂരിപക്ഷ മതം എന്ന നിലയിലുള്ള സ്ഥാനം നഷ്ടപ്പെടുത്തുമെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ മതമായി തുടരാൻ സാധ്യതയുണ്ട്. യുദ്ധം, സാമൂഹിക അസ്ഥിരതകൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങി, പ്രവചനാതീതമായ ഘടകങ്ങൾ ഉൾപ്പെടുത്താൻ കഴിയില്ല എന്നതാണ് പഠനത്തിന്റെ പ്രധാന പരിമിതികളിലൊന്നായി റിപ്പോർട്ട് രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഇവ ഭാവിയുടെ ഗതിയെ ബാധിച്ചേക്കാം.
അതേസമയം, റിപ്പോർട്ടിന്റെ രചയിതാവായ കോൺറാഡ് ഹാക്കറ്റ് ഈ പഠനത്തെ ഇന്നത്തെ കാലഘട്ടത്തിലെ സമൂഹത്തിന്റെ ഒരു ‘കണ്ണാടി’ എന്നാണ് വിശേഷിപ്പിച്ചത്. ഉദാഹരണത്തിന്, ഇസ്ലാമിന്റെ വളർച്ച പ്രധാനമായും ജനങ്ങളുടെ പ്രായത്തെയും പ്രത്യുൽപ്പാദന നിരക്കിനെയും ആശ്രയിച്ചാണിരിക്കുന്നത്; നിലവിൽ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് ഇതിന്റെ ഭൂരിഭാഗവും സംഭവിക്കുക. 2020-2025 കാലയളവിലെ പുതിയ കണക്കുകൾ പ്രകാരം, മുസ്ലിം സ്ത്രീകളിൽ ഒരു സ്ത്രീക്ക് 3.1 കുട്ടികൾ എന്ന ഉയർന്ന പ്രത്യുൽപ്പാദന നിരക്കാണുള്ളത്.
ക്രൈസ്തവ മതത്തെ ഇസ്ലാം മറികടക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും, ക്രൈസ്തവരുടെ എണ്ണം കുറയുന്നതിന്റെ നേരിട്ടുള്ള ഫലമായാണ് ഈ വളർച്ചയുണ്ടാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നില്ലെന്ന് പ്യൂ ഗവേഷകർ പറയുന്നു. സാധാരണയായി മുസ്ലിങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരിൽ പ്രത്യുൽപ്പാദന നിരക്ക് കുറവായതിനാൽ, ഇസ്ലാം വേഗത്തിൽ വളരാനാണ് സാധ്യത.
ഏതെങ്കിലും മതവുമായി ബന്ധമില്ലാത്തവരെ (‘നൺസ്’ / nones) സംബന്ധിച്ചതാണ് റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ. ലോകജനസംഖ്യയിൽ ഇവരുടെ ശതമാനം കുറയുമെന്നാണ് (2020-ലെ 24 ശതമാനത്തിൽ നിന്ന് 2070-ൽ 17 ശതമാനമായി) പ്രവചിക്കുന്നത്. എന്നിരുന്നാലും, മിക്ക രാജ്യങ്ങളിലും മതരഹിതരുടെ എണ്ണം കൂടാനാണ് സാധ്യത. പത്തിൽ ഒൻപതു പേരും മതരഹിതരായ ചൈനയിലെ ജനസംഖ്യയിലുണ്ടാകുന്ന കുറവാണ് ആഗോള ശതമാനത്തിലെ കുറവിന് കാരണം. 2070-ഓടെ ചൈനയിലെ ജനസംഖ്യ 36.1 കോടി (361 million) കുറയുമെന്നാണ് പ്രവചനം.
അതേസമയം, അമേരിക്കയിൽ മതരഹിതരുടെ ശതമാനം വർധിക്കുമെന്ന് കരുതപ്പെടുന്നു. 2020-ലെ കണക്കനുസരിച്ച് ഇത് ഏകദേശം 10% ഉയർന്ന് 2070-ഓടെ ഏകദേശം 40 ശതമാനത്തിലെത്തും. ഹിന്ദുക്കളുടെയും ജൂതന്മാരുടെയും ആകെ എണ്ണം വർധിക്കുമെങ്കിലും ആഗോള ജനസംഖ്യയുടെ ശതമാനത്തിൽ അവർക്ക് കുറവുണ്ടാകും. അതേസമയം, ബുദ്ധമതക്കാരുടെ എണ്ണത്തിലും ശതമാനത്തിലും കുറവുണ്ടാകാനാണ് സാധ്യത.
ബഹായികൾ, താവോയിസ്റ്റുകൾ, ജൈനന്മാർ, സിഖുകാർ, നാടോടി മതവിശ്വാസികൾ തുടങ്ങി മറ്റ് എല്ലാ മതവിഭാഗങ്ങളിലും (All other religions) എണ്ണത്തിൽ ‘മിതമായ വർധനവ്’ ഉണ്ടാകുമെങ്കിലും, 2070-ഓടെ ഇവ ലോകജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ് പ്രവചനം.




