
നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവും കത്തോലിക്കാ ബിഷപ്പുമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, പൗരന്മാർ എന്ന നിലയിൽ ക്രൈസ്തവരുടെ അവകാശങ്ങൾക്ക് ഉറപ്പുലഭിക്കണം എന്ന് ബിഷപ്പുമാർ ആവശ്യപ്പെട്ടു. നൈജീരിയയിലെ ക്രൈസ്തവ സമൂഹങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, കഡൂന (Kaduna) ആർച്ച്ബിഷപ്പ് മാത്യു മാൻ-ഓസോയുടെ നേതൃത്വത്തിലുള്ള ബിഷപ്പുമാരാണ് പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തിയത്.
“നൈജീരിയയിലെ തങ്ങളുടെ പങ്കിനെക്കുറിച്ച് പല ക്രൈസ്തവർക്കും ന്യായമായ ആശങ്കകളുണ്ട്. ഈ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്.” ബിഷപ്പുമാർ ആവശ്യപ്പെട്ടു. പരിശുദ്ധ സിംഹാസനവും (Holy See) പ്രാദേശിക സർക്കാരും തമ്മിലുള്ള നല്ല ബന്ധത്തെ ബിഷപ്പുമാർ എടുത്തുപറഞ്ഞു. എന്നാൽ അതോടൊപ്പം തന്നെ, നിലവിലെ ഭരണകൂടത്തിൽ ക്രൈസ്തവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കയും അവർ പ്രസിഡന്റ് ടിനുബുവിനെ അറിയിച്ചതായി വത്തിക്കാൻ വാർത്താ ഏജൻസിയായ ‘ഫിഡെസ്’ (Fides) റിപ്പോർട്ട് ചെയ്യുന്നു.
നൈജീരിയയിലെ രീതി അനുസരിച്ച്, ഒരു ക്രൈസ്തവ പ്രസിഡന്റും മുസ്ലീം വൈസ് പ്രസിഡന്റും അല്ലെങ്കിൽ ഒരു മുസ്ലീം പ്രസിഡന്റും ക്രൈസ്തവ വൈസ് പ്രസിഡന്റും മാറിമാറി ഭരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പ്രസിഡന്റും വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമയും മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരാണ്. പ്രത്യേകിച്ച്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെനറ്റ്, ജനപ്രതിനിധി സഭ എന്നിവയിലെ സ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന 2027 പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെ, ക്രൈസ്തവരുടെ അവകാശങ്ങൾ പൂർണ്ണമായും ഉറപ്പുനൽകിക്കൊണ്ട് സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ നൈജീരിയൻ ബിഷപ്പുമാർ ടിനുബുവിനോട് ആവശ്യപ്പെട്ടു.
സ്വതന്ത്ര ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് (INEC) ആവശ്യമായ ഫണ്ട് ഉറപ്പാക്കണമെന്നും, വോട്ടവകാശമുള്ള എല്ലാ പൗരന്മാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നത് മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ബിഷപ്പുമാർ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചതായി ഫിഡെസ് റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷാ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഗുണ്ടാസംഘങ്ങൾക്കും തീവ്രവാദത്തിനുമെതിരെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ മാത്രമാണെന്നും സ്ഥിതിഗതികൾ പൂർണ്ണമായി പരിഹരിക്കപ്പെടുന്നതിൽ നിന്ന് ഏറെ അകലെയാണെന്നും ബിഷപ്പുമാർ പറഞ്ഞു.
അവസാനമായി, ലെയോ പതിനാലാമൻ പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിക്കാൻ ബിഷപ്പുമാർ പ്രസിഡന്റ് ടിനുബുവിനോട് ആവശ്യപ്പെട്ടു. പരിശുദ്ധ പിതാവിന്റെ ഹൃദയത്തിൽ നൈജീരിയയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അങ്ങനെയൊരു സന്ദർശനം നൈജീരിയക്കാർക്കിടയിലെ ഐക്യദാർഢ്യം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.



