ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി ഖാർകീവ് ബിഷപ്പ്

ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി വത്തിക്കാന്റെ ഭാഗത്തു നിന്നും ആത്മീയവും നയതന്ത്രപരവുമായ എല്ലാ ശ്രമങ്ങളും തുടരുമെന്ന് ലെയോ പതിനാലാമൻ പാപ്പ. യുദ്ധത്തിൽ കടുത്ത ദുരിതം അനുഭവിക്കുന്ന ഉക്രൈനിലെ ഖാർകീവ്-സപോറീഷ്യ ബിഷപ്പ് പാവ്ലോ ഹോഞ്ചാറുക്കുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

യുദ്ധം അവസാനിപ്പിക്കാൻ വത്തിക്കാൻ തങ്ങളുടെ പക്കലുള്ള എല്ലാ നയതന്ത്രസാധ്യതകളും ആത്മീയസ്വാധീനവും ഉപയോഗിക്കുന്നുണ്ടെന്ന് മാർപാപ്പ ഉറപ്പുനൽകി. കൂടിക്കാഴ്ചയിൽ ഖാർകീവ് ബിഷപ്പ് മാർപാപ്പയെ വീണ്ടും ഉക്രൈൻ സന്ദർശിക്കാൻ ക്ഷണിച്ചു. അതിരറ്റ സ്നേഹത്തോടും തുറന്ന മനസ്സോടുമാണ് മാർപാപ്പ തങ്ങളെ സ്വീകരിച്ചതെന്ന് ബിഷപ്പ് വ്യക്തമാക്കി.

തടവിലാക്കപ്പെട്ടവരുടെ മോചനത്തിനും റഷ്യയിലേക്ക് കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരിച്ചെത്തിക്കുന്നതിനും വത്തിക്കാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ബിഷപ്പ് മാർപാപ്പയോട് നന്ദി അറിയിച്ചു. ഒപ്പം യുദ്ധത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ ഖാർകീവിൽ സാധാരണക്കാർക്കും വീടുകൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ബോംബാക്രമണങ്ങളെയും ജനങ്ങളുടെ ദുരിതങ്ങളെയും കുറിച്ച് ബിഷപ്പ് മാർപാപ്പയോട് സംസാരിച്ചു. വത്തിക്കാന്റെ സമാധാനദൂതന്മാരായ കർദിനാൾ മാറ്റിയോ സൂപ്പിയുടെയും ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറുടെയും മുൻപത്തെ ഉക്രൈൻ സന്ദർശനങ്ങൾ, സമാധാനത്തിനായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും കൂടിക്കാഴ്ചയിൽ ഇരുവരും ഉറപ്പിച്ചു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.