കുരിശ് എങ്ങനെ രക്ഷയുടെ അടയാളമായി മാറി

തിരുസഭ വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ആഘോഷിക്കുകയാണ്. ഈ തിരുനാളിന് വളരെയധികം പ്രാചീനത്വം ഉണ്ടെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഒരു കാലത്ത് കുരിശ്, കുറ്റവാളികളെ ശിക്ഷിക്കുവാനായിട്ടുള്ള അടയാളമായിരുന്നു. എന്നാൽ ഭൂമിയിലേക്കുള്ള ക്രിസ്തുവിന്റെ ആഗമനത്തോടുകൂടി കുരിശിന് ഇന്ന് പ്രത്യാശയുടെയും രക്ഷയുടെയും അർത്ഥവും മാനവും ലഭിച്ചു.

മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, കണ്ടെടുത്ത അലക്സമെനോസ് ഗ്രാഫിതോ എന്ന ചുമർചിത്രത്തിൽ, ക്രൂശിതനായ ഒരു മനുഷ്യന്റെ ശിരസ്സിന് പകരം കഴുതയുടെ ചിത്രം കൊടുത്തിട്ട്, അലക്സമെനോസ് എന്ന വ്യക്തി ആ ചിത്രം ആരാധിക്കുന്നതായി ചിത്രീകരിക്കുന്നുണ്ട്. ഈ ചിത്രം ക്രൈസ്തവ മതത്തെ പരിഹസിക്കുന്നതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. എന്നാൽ ക്രൈസ്തവ മതത്തിന് വി.കുരിശ്, ഇന്ന് ആഴമേറിയ അർത്ഥം നൽകുന്ന ഒരു സത്യമാണ്. കുരിശുമരണത്തെ സഭ മനസ്സിലാക്കുന്നത് ക്രിസ്തുവിന്റെ കുരിശിലെ മരണത്തെ മാത്രമല്ല, ക്രിസ്തു വീരോചിതമായി മരണത്തെയും പാപത്തെയും തോൽപ്പിച്ചുകൊണ്ട് ഉയർത്തെഴുന്നേറ്റതിനെയും കൂടിയാണ്.

ക്രിസ്തുവിന്റെ കുരിശിലെ പരിഹാസമേറിയ മരണം പൂർത്തിയാക്കപ്പെടുന്നത്, ക്രിസ്തുവിന്റെ ഉയർപ്പിന്റെ മഹത്വത്തിലാണ്. മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ അനുയായിയായി, ക്രിസ്തുവിനോടൊപ്പം പാപത്തിൽ മരിച്ച്, പുതിയ സൃഷ്ടിയാക്കപ്പെട്ട്, പ്രത്യാശയോടെ ദൈവത്തോടൊപ്പം ഒന്നാകുവാനുള്ള വിളികൂടിയാണ് ഓരോ ക്രൈസ്തവനും ലഭിക്കുന്നത്. അതുകൊണ്ട് ക്രിസ്ത്യാനികൾ, ക്രിസ്തുവിന്റെ കുരിശിനെ ജീവന്റെ തരുവായും, വിജയത്തിന്റെ കുരിശായും നോക്കിക്കാണുന്നു.

AD 313 -ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രൈസ്തവ മതത്തെ സ്വതന്ത്രമാക്കിയതിനെ തുടർന്ന്, അദ്ദേഹം ക്രിസ്തുവിന്റെ ചരിത്ര സംഭവങ്ങൾ നടന്ന സ്ഥലങ്ങളിലെല്ലാം ഉത്‌ഖനനം നടത്തുകയും, അതേതുടർന്ന് അദ്ദേഹത്തിന്റെ അമ്മയായ ഹെലനയ്ക്ക് കുരിശിന്റെ അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തു.
വിശ്വാസികളുടെ സാക്ഷ്യം അനുസരിച്ച് രോഗിയായ ഒരു സ്ത്രീ, കണ്ടെടുക്കപ്പെട്ട ഈ കുരിശിന്റെ അവശിഷ്ടത്തിൽ സ്പർശിച്ചപ്പോൾ, രോഗസൗഖ്യം ലഭിക്കുകയും, അത് ക്രിസ്തു പീഡകളേറ്റു മരിച്ച യഥാർത്ഥ കുരിശാണെന്ന് വിശ്വസിക്കുകയും ചെയ്തു.

കോൺസ്റ്റന്റൈൻ ചക്രവർത്തി, ക്രിസ്തുവിന്റെ കബറിടം സ്ഥിതിചെയ്തിരുന്നിടത്ത് ‘Martyrium’ എന്ന് പേരുള്ള വലിയൊരു പള്ളി പണിയുകയും സെപ്റ്റംബർ എട്ടാം തീയതി കൂദാശ ചെയ്യപ്പെടുകയും ചെയ്തു. ആ ദിവസത്തെയാണ് പിന്നീട് വി.കുരിശിന്റെ പുകഴ്ചയുടെ തിരുനാളായിട്ട് സഭ ആഘോഷിക്കുന്നത്.

ജീവിതത്തിൽ ഒട്ടനവധി സഹനങ്ങളിലൂടെ കടന്നു പോകുമ്പോൾ ഓരോ ക്രൈസ്തവനും കരുത്തായി മാറുന്നത് വിശുദ്ധ കുരിശാണ്. ജീവിത നൗകയിലേക്ക് പ്രതിസന്ധികൾ അലയടിക്കുമ്പോൾ വി.കുരിശ് നമുക്ക് എന്നും പ്രത്യാശ പകരട്ടെ.

ഫാ. സാർഗൺ കാലായിൽ ഒ.എസ്.ബി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.