
ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് ബിരുദം നേടി വിജയകരമായ അഭിഭാഷക വൃത്തി തുടരുന്നതിനിടയിലാണ് റോബർട്ട് ബോക്സി തന്റെ ജീവിതം ദൈവവിളിക്കായി സമർപ്പിക്കാൻ തീരുമാനിക്കുന്നത്. ഇന്ന് 45-ാം വയസ്സിൽ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കത്തോലിക്കാ ബിഷപ്പായി അദ്ദേഹം ചുമതലയേറ്റിരിക്കുകയാണ്. വാഷിംഗ്ടൺ അതിരൂപതയുടെ സഹായ മെത്രാനായിട്ടാണ് ബിഷപ്പ് ബോക്സി നിയമിതനായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമേരിക്കയിൽ ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും അദ്ദേഹത്തിൻറെ നിയമനത്തിനുണ്ട്.
വിശ്വാസത്തിലേക്കും പൗരോഹിത്യത്തിലേക്കും
ലൂസിയാന സ്വദേശിയായ ബോക്സി, വാണ്ടർബിൽറ്റ് സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദവും തുടർന്ന് പ്രശസ്തമായ ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് നിയമബിരുദവും (J.D.) കരസ്ഥമാക്കി. തുടർന്ന് വാഷിംഗ്ടൺ ഡി.സിയിൽ അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു. അഭിഭാഷകനായി തിളങ്ങിനിൽക്കുമ്പോഴും ദൈവത്തിനായി താൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത അദ്ദേഹത്തിൻറെ മനസ്സിൽ ശക്തമായിരുന്നു. ഇതേതുടർന്ന് അദ്ദേഹം തന്റെ വക്കീൽ ജീവിതം ഉപേക്ഷിക്കുകയും സെമിനാരിയിലേയ്ക്ക് പൗരോഹിത്യ പരിശീലനത്തിനായി ചേരുകയും ചെയ്തു. 2016-ൽ പൗരോഹിത്യം സ്വീകരിച്ചു.
തുടർന്ന് വാഷിംഗ്ടണിലെ പ്രശസ്തമായ ഹൊവാർഡ് സർവകലാശാലയിൽ കാത്തലിക് ചാപ്ലെയിനായി സേവനമനുഷ്ഠിച്ച അദ്ദേഹം, യുവജനങ്ങളുടെയും ആഫ്രിക്കൻ-അമേരിക്കൻ സമൂഹത്തിന്റെയും വിശ്വാസ വളർച്ചയ്ക്കായി വലിയ സംഭാവനകൾ നൽകി. “എല്ലാ കാര്യങ്ങളും തയ്യാറാക്കി ദൈവം എന്നെ ഈ നിമിഷത്തിനായി ഒരുക്കുകയായിരുന്നു,” തന്റെ പുതിയ നിയമനത്തെക്കുറിച്ച് സംസാരിക്കവെ ബിഷപ്പ് ബോക്സി വ്യക്തമാക്കി. യുവജനങ്ങൾക്കിടയിലും കറുത്തവർഗക്കാരായ കത്തോലിക്കർക്കിടയിലും സുവിശേഷപ്രചാരണവും ആത്മീയ ശുശ്രൂഷയും കൂടുതൽ സജീവമാക്കാൻ ഈ ചുമതല തനിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മാർപാപ്പയുമായുള്ള പ്രത്യേക ബന്ധം”
തന്റെ ഈ നിയമനം അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ കത്തോലിക്കാ സമൂഹത്തെ കൂടുതൽ നന്നായി സേവിക്കുന്നതിനും അവിടെ സുവിശേഷപ്രചാരണം നടത്തുന്നതിനുമുള്ള ഒരു അവസരമായിട്ടാണ് താൻ കരുതുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. പ്യൂ റിസർച്ച് സെന്ററിന്റെ (Pew Research Center) കണക്കനുസരിച്ച് ഏകദേശം 30 ദശലക്ഷത്തോളം (30 ലക്ഷം) ആഫ്രിക്കൻ-അമേരിക്കൻ കത്തോലിക്കർ രാജ്യത്തുണ്ട്.
“ലെയോ മാർപാപ്പ വ്യത്യസ്തനാണ്. മുൻഗാമികളായ മാർപാപ്പമാരുടെ പാരമ്പര്യം വലിയ അളവിൽ അദ്ദേഹം തുടരുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒപ്പം തന്റേതായ മുദ്രയും വ്യക്തിത്വവും അദ്ദേഹം അതിൽ പതിപ്പിക്കുന്നുമുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പയുടെ തുടർച്ചയെന്നോണം, ലെയോ മാർപാപ്പയും ജനങ്ങളോട് ചേർന്നുനിൽക്കുന്ന, ജനങ്ങൾ എവിടെയാണെന്ന് കൃത്യമായി അറിയാവുന്ന, ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന, ജനങ്ങളോടൊപ്പം നേരിട്ട് ഗ്രൗണ്ടിലും പോരാട്ടക്കളത്തിലും ഉള്ള ബിഷപ്പുമാരെയും ഇടയന്മാരെയും തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ബിഷപ്പ് വെളിപ്പെടുത്തി.
താനും ഒരിക്കൽ ദൈവത്തെ തേടി അലഞ്ഞവനാണ് എന്ന് ബിഷപ്പ് ഓർത്തെടുത്തു. അതിനാൽ തന്നെ ജീവിതത്തിന്റെ അർഥം തേടി അലയുന്ന അനേകം യുവജനങ്ങളിലേയ്ക്ക് ഇറങ്ങിക്കിച്ചെല്ലാൻ കഴിയും എന്ന വിശ്വാസത്തിലാണ് അദ്ദേഹം.




