
സ്പെയിനിലെ ഗെറ്റാഫെ (Getafe) ബിഷപ്പ് മോൺസിഞ്ഞോർ ഗിനെസ് ഗാർസിയ ബെൽത്രാൻ, സഭയുടെ സേവനത്തിനും നിരന്തരമായ മിഷനറി പ്രവർത്തനങ്ങൾക്കുമായി അന ഇസബെൽ ഗാർസിയ, എസ്റ്റെഫാനിയ ഇബാനെസ് എന്നീ രണ്ട് സ്ത്രീകൾക്ക് കന്യകാവ്രതം നൽകുന്ന ചടങ്ങിന് നേതൃത്വം നൽകി. ഇതിൽ ഒരാൾ ജീവശാസ്ത്രജ്ഞയും മറ്റൊരാൾ വനിതാ ഡോക്ടറുമാണ്.
സെപ്റ്റംബർ ആറിന് സാൻ മാർട്ടിൻ ഡി ലാ വെഗ പള്ളിയിലായിരുന്നു ഈ ശുശ്രൂഷ നടന്നത്. സുവിശേഷവൽക്കരണത്തിനും വിശ്വാസ പ്രചാരണത്തിനുമുള്ള എപ്പിസ്കോപ്പൽ വികാരിയായ ഹെസൂസ് ഉബെദയാണ് ഈ ഇടവകയിലെ വികാരി.
വിശുദ്ധീകരണത്തിന്റെ ദാമ്പത്യ സ്വഭാവത്തെക്കുറിച്ച് ബിഷപ്പ് ഗാർസിയ തന്റെ വചനസന്ദേശത്തിൽ ഊന്നിപ്പറഞ്ഞു: “ഇതൊരു വിവാഹമാണ്, വാക്കിന്റെ പൂർണ്ണമായ അർഥത്തിലുള്ള ഒരു വിവാഹം. ക്രിസ്തുവുമായുള്ള വാഗ്ദാനമാണിത്, അവനിൽ നിങ്ങൾ വിശ്വസ്തതയോടെ എന്നെന്നേക്കുമായി നിങ്ങളെത്തന്നെ സമർപ്പിക്കുന്നു.”
ഈ അർഥത്തിൽ, ക്രിസ്തുവുമായുള്ള വ്യക്തിപരമായ സമർപ്പണത്തിലൂടെ മാത്രമല്ല, മിഷനറിയെന്ന ശക്തമായ ബോധ്യത്തോടെയുമാണ് മണവാളൻ നിങ്ങളെ സുന്ദരികളും നിഷ്കളങ്കരും വിശുദ്ധരുമാകാൻ ക്ഷണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി: “നിങ്ങൾ സഭയിലാണ് ജനിക്കുന്നത്, സഭയുടെ സേവനത്തിനായി, പ്രത്യേകിച്ച് രൂപതയിലും ബിഷപ്പിനോട് ചേർന്നുമൊക്കെയുമാണ് നിങ്ങൾ ജനിക്കുന്നത്.”
ഈ സമർപ്പണത്തെക്കുറിച്ച് സംസാരിക്കവേ, ക്രൈസ്തവ സമൂഹത്തിനുള്ളിൽ ഒറ്റപ്പെട്ടു ജീവിക്കലല്ല ഇത് എന്ന് ബിഷപ്പ് ഗാർസിയ ചൂണ്ടിക്കാണിച്ചു. മറിച്ച് “സഭയ്ക്ക് നിങ്ങളിൽ നിന്ന് എന്ത് ആവശ്യമുണ്ടോ, അത് ഇടവകയിലായാലും രൂപതയിലായാലും അല്ലെങ്കിൽ കർത്താവ് നിങ്ങളെ എവിടെ വിളിച്ചാലും” ശരീരത്തിനനുസരിച്ചല്ല, ആത്മാവിനനുസരിച്ച് ഫലദായകമായി ജീവിക്കാനുള്ള ലഭ്യതയാണ് ഇത്.
അങ്ങനെ, കന്യകാ വിളിയുടെ ഫലദായകത്വം സ്നേഹത്തിൽ നിന്നാണ് ജനിക്കുന്നതെന്നും അത് സേവനത്തിലേക്ക് തുറക്കപ്പെട്ടിരിക്കുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി: “സ്നേഹം ഒരിക്കലും സ്വാർഥമല്ല, അതിനാൽ സ്നേഹം ഒരിക്കലും തനിക്കുവേണ്ടി മാത്രമുള്ളതല്ല, അത് മറ്റുള്ളവർക്കുവേണ്ടിയാണ്. അതുകൊണ്ട്, പുതുതായി വ്രതം സ്വീകരിച്ച സ്ത്രീകളോട് അവരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഈ മിഷനറി സ്വഭാവം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു: “നിങ്ങളുടെ എല്ലാ പ്രവർത്തികളും വാക്കുകളും സാന്നിധ്യവും മിഷനാണ്,” കാരണം “ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം എല്ലാം മിഷനാണ്.”
മാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച ദിവസങ്ങളിലാണ് ഈ ചടങ്ങ് നടന്നത് എന്നതിനാൽ, വിശ്വാസത്തിലെ കന്യകാത്വം, പ്രത്യാശയിലെ കന്യകാത്വം, സ്നേഹത്തിലെ കന്യകാത്വം എന്നിങ്ങനെ എല്ലാ കന്യകാത്വത്തിന്റെയും പ്രതിരൂപവും മാതൃകയും പരിശുദ്ധ അമ്മയാണെന്ന് ചിന്തിക്കാൻ ഗെറ്റാഫെ ബിഷപ്പ് ഏവരെയും പ്രോത്സാഹിപ്പിച്ചു.
അന ഇസബെലും എസ്റ്റെഫാനിയയും തങ്ങളുടെ സമർപ്പണത്തിലേക്ക് നീണ്ട ഒരു ആത്മീയ യാത്രയാണ് നടത്തിയത്. 36 വയസ്സുള്ള ജീവശാസ്ത്ര ബിരുദധാരിയായ അന ഇസബെൽ, തനിക്ക് വിവാഹ ജീവിതത്തോടാണ് ആഗ്രഹമെന്ന് വർഷങ്ങളോളം കരുതിയിരുന്നു. എന്നാൽ ആ ചിന്ത തനിക്ക് കടുത്ത അസ്വസ്ഥതയാണ് നൽകിയതെന്ന് അവൾ തുറന്നുപറഞ്ഞു: “എന്റെ കൂട്ടുകാരികൾക്ക് കാമുകന്മാരുണ്ടായിരുന്നപ്പോൾ എനിക്ക് അതില്ലാതിരുന്നതിനാൽ ഞാൻ കരഞ്ഞിട്ടുണ്ട്.” എന്നാൽ കർത്താവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ ജീവിതത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് മാറ്റിമറിക്കുകയും അഞ്ച് വർഷത്തോളം നീണ്ടുനിന്ന ദൈവവിളി തിരിച്ചറിയൽ (discernment) പ്രക്രിയയ്ക്ക് തുടക്കമിടുകയും ചെയ്തു. നിരവധി വൈദികർ ഈ സമയത്ത് അവളെ വഴിനടത്തി.
എസ്റ്റെഫാനിയയ്ക്ക് കൗമാരപ്രായത്തിൽ തന്നെ ശക്തമായ ദൈവവിളി അനുഭവപ്പെട്ടിരുന്നു. ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച അവൾക്ക് 13-ാം വയസ്സിൽ തന്നെ തന്റെ ജീവിതത്തെത്തന്നെ മാറ്റിയെഴുതിയ ശക്തമായ ദൈവീക ആകർഷണം അനുഭവപ്പെട്ടു. പിന്നീട് സർവകലാശാലാ പഠനം ആരംഭിച്ചപ്പോഴാണ് ക്രിസ്തുവിനായി പൂർണ്ണമായി സമർപ്പിക്കാനുള്ള ഈ ആഗ്രഹം വീണ്ടും അവളിൽ ഉണർന്നത്.
2022-ൽ, ‘ഡി കാസ്റ്ററി ഫോർ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫ്’ പുറത്തിറക്കിയ വ്രതവാഗ്ദാനം ചെയ്ത കന്യകമാരുടെ ജീവിതത്തെക്കുറിച്ചുള്ള (Ordo virginum) ‘എക്ലേസിയ സ്പോൺസെ ഇമേജോ’ (Ecclesiae Sponsae Imago) എന്ന ഉപദേശം അവൾ പരിചയപ്പെടുകയും, സമർപ്പിത ജീവിതത്തിന്റെ മറ്റ് തലങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ശേഷം തനിക്കുള്ള ദൈവവിളി ഈ താളുകളിലുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു.
തങ്ങളുടെ വ്രതസ്വീകരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, ഈ അപൂർവ്വ ദൈവവിളിയെക്കുറിച്ച് ആളുകൾ കൂടുതലറിയാൻ ഈ ചടങ്ങ് ഒരു കാരണമാകട്ടെയെന്ന് അന ഇസബെൽ ആശംസിച്ചു. അവിടെയെത്തുന്ന ഓരോരുത്തർക്കും ദൈവം തന്റെ സാന്നിധ്യവും കൂട്ടുകെട്ടും വെളിപ്പെടുത്തിക്കൊടുക്കുന്ന നിമിഷമായി ഇത് മാറട്ടെ എന്നാണ് എസ്റ്റെഫാനിയ ആഗ്രഹിച്ചത്.




