ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവർക്ക് സഹായവുമായി ബാലസോർ രൂപത

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവർക്ക് സഹായവുമായി ബാലസോർ രൂപത. അപകടവിവരം അറിഞ്ഞയുടൻ തന്നെ ബാലസോർ രൂപതയിലെ വിശ്വാസികൾ പരിക്കേറ്റവർക്ക് സഹായമേകാൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഓടിയെത്തി. അപകടത്തിൽ ഇതുവരെ 300 പേർ മരണമടഞ്ഞു; 900-ഓളം പേർക്ക് പരിക്കേറ്റു.

അപകടത്തിന് തൊട്ടുപിന്നാലെ, ബാലസോർ രൂപതയുടെ കീഴിലുള്ള മൾട്ടി-സ്പെഷ്യാലിറ്റി ചാരിറ്റബിൾ ഹോസ്പിറ്റലായ ജ്യോതി ഹോസ്പിറ്റൽ അടിയന്തര ശസ്ത്രക്രിയക്കും പരിക്കേറ്റ യാത്രക്കാർക്ക് മെഡിക്കൽ സേവനങ്ങളും സജ്ജമാക്കി. ഒപ്പം അവരെ അനുഗമിച്ച ആളുകൾക്ക് ഭക്ഷണവും വെള്ളവും നൽകി സാന്ത്വനിപ്പിച്ചു. ആശുപത്രിയുടെ ഡയറക്ടർ ഫാ. പീറ്ററും സന്യാസിനിമാരും അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായിക്കാൻ എത്തിയിരുന്നു.

ബാലസോർ രൂപതയുടെ സോഷ്യൽ ഔട്ട്‌റീച്ച് വിഭാഗമായ ബാലസോർ സോഷ്യൽ സർവ്വീസ് സൊസൈറ്റി അംഗങ്ങൾ അപകടത്തിന് ഇരകളായവരെ സഹായിക്കാൻ സജ്ജരായിരുന്നു. പ്രത്യേകിച്ച്, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പരിക്കേറ്റ യാത്രക്കാരുടെ ഒപ്പം ആയിരുന്നുകൊണ്ട് അവർക്ക് ആശ്വാസമായി മാറുകയായിരുന്നു ഇവർ. ആളുകൾക്ക് ആവശ്യമായ അടിയന്തിര സഹായം ലഭ്യമാക്കാനും പരിക്കേറ്റവരെ അവരുടെ ബന്ധുക്കളുമായി ബന്ധപ്പെടാനും മറ്റും ഇവർ സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.