സൗത്ത് സുഡാനിൽ സന്യാസിനിമാർക്ക് നേരെ ആക്രമണം: സുരക്ഷ ശക്തമാക്കണമെന്ന് ബിഷപ്പ്

സൗത്ത് സുഡാനിൽ സന്യാസിനിമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ആയുധധാരികളായ അക്രമികൾ നടത്തിയ അതിക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിച്ച് കത്തോലിക്കാ സഭാ നേതൃത്വം. രാജ്യത്ത് വർധിച്ചുവരുന്ന ക്രമസമാധാന തകർച്ചയും അരക്ഷിതാവസ്ഥയും പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രാദേശിക ബിഷപ്പ് ഇമ്മാനുവൽ ബെർണാർഡിനോ ലോവി നാപേറ്റ ആവശ്യപ്പെട്ടു.

തൊരിറ്റിൽ നിന്ന് തലസ്ഥാനമായ ജൂബയിലേക്ക് രാവിലെ വിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന കാർമ്മലൈറ്റ് സഭയിലെ സിസ്റ്റർ ഹെലൻ, സിസ്റ്റർ അൻസ എന്നിവരുൾപ്പെട്ട സംഘത്തിന് നേരെയാണ് വഴിമധ്യേ ആക്രമണമുണ്ടായത്. റോഡിൽ വച്ച് വാഹനം തടഞ്ഞുനിർത്തിയ അക്രമികൾ സന്യാസിനിമാരെ ഉപദ്രവിക്കുകയും വസ്തുവകകൾ കവർച്ച ചെയ്യുകയും ചെയ്തു. അക്രമത്തിനിടെ തോക്കിന്റെ കുഴൽ കൊണ്ട് തലയ്ക്കടിയേറ്റ് സിസ്റ്റർ ഹെലന് ഗുരുതരമായി പരിക്കേറ്റു. ഇവർക്ക് ജൂബയിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തോടൊപ്പം രണ്ട് കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന്, ക്രൈസ്തവ സ്ഥാപനങ്ങൾക്കും സന്യാസിനികൾക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ബിഷപ്പ് കടുത്ത അമർഷവും ആശങ്കയും രേഖപ്പെടുത്തി. നാട്ടുകാരുടെയും തീർഥാടകരുടെയും ജീവന് ഭീഷണിയാകുന്ന ഈ അക്രമസംഭവങ്ങൾ തടയാനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനുമുമ്പും ഈ പാതയിൽ സന്യാസിനികൾക്ക് നേരെ സമാനമായ ദാരുണമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ഇതേ വഴിയിൽ വച്ചാണ് സേക്രഡ് ഹാർട്ട് സഭയിലെ സിസ്റ്റർ മേരി ഡാനിയൽ അബുത്, സിസ്റ്റർ റജീന റോബ എന്നിവരെ ആയുധധാരികൾ വെടിവച്ചു കൊലപ്പെടുത്തിയത്. മേഖലയിൽ വീണ്ടും സുരക്ഷാ ഭീഷണി ഉയർന്നതോടെ പ്രദേശവാസികളും സഭാ വിശ്വാസികളും വലിയ ഭീതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.