ദക്ഷിണ സുഡാനിൽ ആക്രമണം; രണ്ട് യു.എൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ ജോങ്‌ലി പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ രണ്ട് എത്യോപ്യൻ യുഎൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്കാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആക്രമണം നടത്തിയ സായുധസംഘം ഏതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, യുഎൻ പെട്രോളിങ് സംഘത്തെ ലക്ഷ്യമിട്ടാണ് ബോധപൂർവം ഈ ആക്രമണം നടത്തിയതെന്ന് യു.എൻ വക്താവ് വ്യക്തമാക്കി.

പരിക്കേറ്റവരിൽ മൂന്ന് യുഎൻ സമാധാന സേനാംഗങ്ങളും ദക്ഷിണ സുഡാനിലെ രണ്ട് പൊലീസുകാരും സാധാരണക്കാരായ രണ്ട് ജീവനക്കാരും ഉൾപ്പെടുന്നു. സമാധാന സേനാംഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധകുറ്റമായി കണക്കാക്കാമെന്ന് യുഎൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സംഭവത്തോടെ ഈ വർഷം ഇതുവരെ ഡ്യൂട്ടിക്കിടെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സമാധാന സേനാംഗങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.