നൈജീരിയയിൽ ആക്രമണം; ഒരു കുടുംബത്തിലെ 11 പേരെ വെടിവച്ചുകൊന്നു, 13 പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ സാംഫറ സംസ്ഥാനത്ത് സായുധ സംഘങ്ങളുടെ ആക്രമണത്തിൽ സുരക്ഷാ വളണ്ടിയറും കുടുംബാംഗങ്ങളുമടക്കം 11 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 13 പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയതായും പൊലീസ് സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ മറാദുൻ ജില്ലയിലെ ഗിദാൻ ടാബ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.

സായുധ സംഘങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ഗ്രാമങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന സർക്കാർ അംഗീകൃത വിജിലന്റ് ഗ്രൂപ്പിലെ അംഗമായിരുന്നു കൊല്ലപ്പെട്ട വളണ്ടിയർ. ക്രിമിനൽ സംഘങ്ങളുടെ നുഴഞ്ഞുകയറ്റത്തെ ചെറുക്കാൻ ഇദ്ദേഹം നിരന്തരം സുരക്ഷാ സേനയെ സഹായിച്ചിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

വളണ്ടിയറെ ലക്ഷ്യമിട്ടെത്തിയ അക്രമികൾ അദ്ദേഹത്തെയും കുടുംബത്തിലെ മറ്റ് പത്ത് അംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങളും ഇവരുടെ വീടും അക്രമികൾ തീവച്ചു നശിപ്പിച്ചു. തട്ടിക്കൊണ്ടുപോയ 13 പേരെ മോചിപ്പിക്കാൻ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജ്ജിതമായ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് വക്താവ് യാസീദ് അബൂബക്കർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ സായുധ കൊള്ളക്കാരുടെ ആക്രമണങ്ങൾ പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.