
ഫെബ്രുവരി ഒന്നിന് നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ക്രിസ്ത്യാനിയെ കൊലപ്പെടുത്തുകയും മറ്റ് നാല് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ക്വാൻ പാൻ കൗണ്ടിയിലെ നാമു ജില്ലയിലെ ഷെണ്ടായി ഗ്രാമത്തിൽ രാത്രി ഒമ്പതുമണിയോടെയാണ് ആക്രമണം നടന്നത്. മാംഗു കൗണ്ടിയിൽ ജനുവരി 27 മുതൽ അഞ്ച് ദിവസമായി നടന്ന ആക്രമണങ്ങളിൽ ഫുലാനിതീവ്രവാദികൾ ലൈറ്റ്‌ലുബാംഗ്, ചിസു, ജ്വാക്കോം ഗ്രാമങ്ങളിൽ പത്തിലധികം ക്രിസ്ത്യാനികളെ കൊന്നൊടുക്കി.
“തട്ടിക്കൊണ്ടുപോയ നാലുപേരെ തോക്കിൻ മുനയിൽ നിറുത്തിയാണ് പിടിച്ചുകൊണ്ടു പോയത്.” പ്രദേശവാസി മാത്യു തേഗ പറഞ്ഞു. പ്രദേശത്തെ മറ്റ് താമസക്കാരും പ്രാദേശിക കൗൺസിൽ ഉദ്യോഗസ്ഥരും സൈനിക വക്താവും ഈ ആക്രമണ സംഭവം സ്ഥിരീകരിച്ചു. ജനുവരി 31-ന് ഒരു കുടുംബത്തിലെ ദമ്പതികളെയും അവരുടെ കുട്ടിയെയും തീവ്രവാദികൾ കൊലപ്പെടുത്തി.
വടക്ക്-കിഴക്കും വടക്ക്-പടിഞ്ഞാറും ഉള്ളതിനേക്കാൾ ക്രിസ്ത്യാനികൾ കൂടുതലായി കാണപ്പെടുന്ന നൈജീരിയയുടെ വടക്കൻ-മധ്യ മേഖലയിൽ, ഇസ്ലാമിക തീവ്രവാദികളായ ഫുലാനികൾ കർഷകസമൂഹങ്ങളെ ആക്രമിക്കുകയും നൂറുകണക്കിനാളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ജിഹാദിസ്റ്റ് ഗ്രൂപ്പുകളായ ബോക്കോ ഹറാമും ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) പോലുള്ള ജിഹാദി ഗ്രൂപ്പുകളും രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിലും സജീവമാണ്, അവിടെ ഫെഡറൽ ഗവൺമെന്റിന്റെ നിയന്ത്രണം വളരെ കുറവാണ്. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾ സമീപവർഷങ്ങളിൽ ഗണ്യമായി വർധിച്ചുവരികയാണ്.




