മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ: ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി

മണിപ്പൂർ സംഘർഷം ആസൂത്രിതവും അവിടെ നടക്കുന്നത് വംശഹത്യയെന്നും തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിൽ നടക്കുന്ന കലാപങ്ങൾ ക്രൈസ്തവ ദേവാലയങ്ങൾ ലക്ഷ്യമിട്ടാണ് നടക്കുന്നത്. ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും ആർച്ചുബിഷപ്പ് കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിൽ പറഞ്ഞു.

വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാപം നിയന്ത്രിക്കുന്നതിനു പകരം കലാപകാരികൾക്ക് പരോക്ഷ പിന്തുണയും ഒത്താശയും നൽകുകയാണെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മണിപ്പൂര്‍ കലാപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സർക്കാരും പാലിക്കുന്ന മൗനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

“പ്രധാനമന്ത്രി ഏതു കാര്യത്തിൽ പ്രതികരിക്കണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയിൽ വിവേചനം ഇല്ലെന്നാണ് അമേരിക്കയിൽ പോയപ്പോൾ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കിപ്പറയണം. എന്നാൽ മാത്രമേ അതിൽ ആത്മാർത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തതല്ല പ്രശ്നം. മണിപ്പൂർ കത്തിയെരിയുമ്പോൾ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ് പ്രശ്നം” – ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.