ഉക്രൈനിൽ സമാധാനത്തിനായി പ്രാർഥനയോടെ ആർച്ച്ബിഷപ്പ് ഗല്ലഹർ

ഉക്രൈനിൽ ലാറ്റിൻ റീത്ത് കത്തോലിക്കാ സഭയുടെ ഘടന പുനഃസ്ഥാപിക്കപ്പെട്ടതിന്റെ 35-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വത്തിക്കാന്റെ പ്രത്യേക പ്രതിനിധിയായി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഹർ ഉക്രൈൻ സന്ദർശിച്ചു. സന്ദർശനത്തിൻ്റെ ഭാഗമായി ബെർഡിച്ചീവിലെ (Berdychiv) പ്രശസ്തമായ ‘ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ’ ദേശീയ തീർഥാടന കേന്ദ്രത്തിൽ എത്തിയ അദ്ദേഹം ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി പ്രത്യേക പ്രാർഥന നടത്തി.

ഉക്രൈനിലെ നിലവിലെ യുദ്ധ സാഹചര്യങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആത്മീയമായ ഐക്യദാർഢ്യവും ആകുലതകളും ആർച്ച്ബിഷപ്പ് ഗല്ലഹർ അവിടുത്തെ വിശ്വാസികളെ അറിയിച്ചു. ദുരിതങ്ങൾക്കിടയിലും ദൈവത്തിലുള്ള പ്രത്യാശ കൈവിടാതിരിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 35 വർഷങ്ങൾക്ക് മുൻപ് ലാറ്റിൻ റീത്ത് കത്തോലിക്കാ സഭയുടെ പുനരുജ്ജീവനത്തെ അനുസ്മരിച്ചുകൊണ്ട് നടന്ന ഈ സന്ദർശനത്തിൽ, ല്വിവ് അതിരൂപതയിലെ ആർച്ച്ബിഷപ്പ് മിയെച്ചിസ്ലാവ് മൊക്ർഷിറ്റ്സ്കിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ എന്നും, ജനങ്ങൾ ഏറെ ക്ലേശത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രാദേശിക സഭാ നേതൃത്വം വ്യക്തമാക്കി.

കീവിലെ തകർന്ന പ്രദേശങ്ങളും റഷ്യൻ മിസൈൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ട സ്ഥലങ്ങളും സന്ദർശിച്ച വത്തിക്കാൻ പ്രതിനിധി, ഉക്രൈന്റെ ദുരിതങ്ങൾ വത്തിക്കാൻ മറക്കില്ലെന്നും നീതിയുക്തമായ ഒരു സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടേണ്ടത് യൂറോപ്പിന്റെ മുഴുവൻ ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.