ലത്തീൻ ജൂലൈ 21 മത്തായി 12: 46-50 വിശ്വാസബന്ധം

“സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും” (മത്തായി 12:50).

ബന്ധങ്ങളെ യേശു നിർവചിക്കുന്ന രീതി മനസ്സിലാക്കാൻ ബുദ്ധിമുട്ടി യേശുവിന്റെ കേൾവിക്കാർ ആശയക്കുഴപ്പത്തിലാകുന്നു. മനുഷ്യബന്ധങ്ങളെ, പ്രത്യേകിച്ച് കുടുംബബന്ധങ്ങളെക്കുറിച്ച് പൊതുവായുള്ള ധാരണകൾക്കും അർഥങ്ങൾക്കും (പിതൃത്വം, മാതൃത്വം, ഭ്രാതൃത്വം) അപ്പുറം വിശാലമായ സാധ്യതകളിലേക്ക്  യേശുനാഥൻ വെളിച്ചം വീശുകയാണ്.

ഉദാഹരണത്തിന്, അടുത്ത് വസിക്കുന്നവൻ അയൽക്കാരൻ എന്ന ധാരണയ്ക്കുമപ്പുറം ആവശ്യങ്ങളിൽ സഹായഹസ്തം നീട്ടുന്നവൻ അയൽക്കാരൻ എന്ന്, നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ യേശു നിർവചിക്കുന്നു. ദൈവം ഒരു ശക്തിയാണ് എന്ന പഴയനിയമ നിർവചനങ്ങളെ തിരുത്തി ദൈവം സ്നേഹമാണ് (സ്നേഹപിതാവാണ്) എന്ന പുതിയ നിർവചനം നൽകുന്നു. അതുപോലെ പിതാവ്, മാതാവ്, പുത്രൻ, പുത്രി എന്നിവർ ഒരു കൂരയ്ക്കു കീഴെ കിടക്കുന്നവർ എന്നതിനുമപ്പുറം ദൈവവചനങ്ങൾ അനുസരിക്കുന്നവരാണ് എന്ന് യേശു നിർവചിക്കുന്നു.

രക്തം വെള്ളത്തേക്കാൾ ശക്തിയുള്ളതാണെന്ന് പറയുന്നതുപോലെ, രക്തബന്ധങ്ങൾ (കുടുംബബന്ധങ്ങൾ) ജലബന്ധങ്ങളേക്കാൾ (സാമൂഹ്യബന്ധങ്ങൾ) ശക്തമാണ്. എന്നാൽ, ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ ‘വിശ്വാസം’ (Faith) അടിസ്ഥാനമായുള്ള ആത്മീയബന്ധങ്ങൾ ഒരിക്കലും തകര്‍ക്കപ്പെടാൻ സാധ്യമല്ലാത്തവിധം ശക്തമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS