
എല്ലാ നന്മകളെയും ഇല്ലാതാക്കുന്ന വികാരമാണ് അസൂയ. മറ്റുള്ളവരുടെ നന്മയിലുണ്ടാകുന്ന ഒരു നെഗറ്റീവ് ചിന്താഗതിയാണിത്. ഇന്നത്തെ വചനത്തില്‍ ഇത് നാം വ്യക്തമായി കാണുന്നുണ്ട്. അവസാനം വന്നവര്‍ക്കും ആദ്യം വന്നവര്‍ക്കൊപ്പം കൂലി ലഭിക്കുമ്പോള്‍ ആദ്യം വന്നവര്‍ക്ക് അസൂയയുണ്ടാകുന്നു; തുല്യ കൂലി ലഭിച്ച അവസാനം വന്നവരോടും കൂലി കൊടുത്തവനോടും. “ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു” എന്നാണ് ഉടമസ്ഥന്‍ ചോദിക്കുന്നത്. മറ്റുള്ളവരുടെ നന്മയിലുള്ള നമ്മുടെ അസൂയ നമ്മുടെ ജീവിതവും അവരുടെ ജീവിതവും ഇല്ലാതാക്കും എന്നതാണ് സത്യം.
മറ്റുള്ളവരുടെ നന്മയില്‍ അസൂയപ്പെടേണ്ടവരല്ല നമ്മള്‍. യഥാര്‍ഥത്തില്‍ മറ്റുള്ളവരുടെ നന്മയില്‍ സന്തോഷിക്കുകയും അതുപോലെ നന്മയുള്ളവരാകാന്‍ ആഗ്രഹിക്കുകയും നന്മയുള്ളവര്‍ ആയിത്തീരുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ നന്മയില്‍ അസൂയപ്പെടുന്നത്? നമ്മേക്കാളും നന്മയും മേന്മയും കഴിവും മറ്റുള്ളവര്‍ക്ക് ഉള്ളതുകൊണ്ടല്ലേ നമ്മള്‍ മറ്റുള്ളവരെ കുറ്റം പറയുകയും പലപ്പോഴും അവര്‍ക്കെതിരെ സംസാരിക്കുകയും ചെയ്യുന്നത് എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. ദൈവം എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നു. ആരും ദൈവത്തില്‍ നിന്നും അകലെയല്ല എന്നീ ബോധ്യങ്ങളും നമ്മളില്‍ നിറയട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS




