ബുർക്കിന ഫാസോയിൽ വീണ്ടും തീവ്രവാദി ആക്രമണം: 26 ക്രൈസ്തവരെ ദൈവാലയത്തിനുള്ളിൽ വച്ച് കഴുത്തറത്ത് കൊലപ്പെടുത്തി

അടുത്തിടെ ഒരു ക്രിസ്ത്യൻ ദൈവാലയത്തിനുള്ളിൽ ജിഹാദികൾ 26 പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ചർച്ച് ഇൻ നീഡ്. ആഗസ്റ്റ് 25-ന് പടിഞ്ഞാറൻ ബുർക്കിന ഫാസോയിലെ സനാബ പട്ടണത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനിടെയാണ് കൂട്ടക്കൊല നടന്നത്.

ജിഹാദികൾ ഗ്രാമം വളയുകയും 12 വയസ്സിനു മുകളിലുള്ള ക്രൈസ്തവരായ എല്ലാ പുരുഷന്മാരെയും ബന്ദികളാക്കുകയും ചെയ്തു. തുടർന്ന് അവരെ അടുത്തുള്ള ദൈവാലയത്തിൽ കൊണ്ടുപോകുകയും അവിടെവച്ച് 26 പേരെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ബർസലോഗോ എന്ന ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിനുശേഷമാണ് സനാബ പട്ടണത്തിൽ ആക്രമണമുണ്ടായതെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ വെളിപ്പെടുത്തുന്നു. അവിടെ, കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് 150 ആണെങ്കിലും മരണസംഖ്യ 250 കവിഞ്ഞേക്കാമെന്നും 150 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സംഘടന പുറത്തുവിടുന്ന വിവരങ്ങളിൽ വെളിപ്പെടുത്തുന്നു.

എയ്ഡ് ടു ചർച്ച് ഇൻ നീഡ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തെത്തുടർന്ന് മാലിയുടെ അതിർത്തിക്കടുത്തുള്ള രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്തുള്ള ഏകദേശം 5,000 സ്ത്രീകളും കുട്ടികളും നൗന പട്ടണത്തിൽ അഭയം തേടിയിരിക്കുകയാണ്. “അവരിൽ ഒരു പുരുഷൻ പോലുമില്ല. പുരുഷന്മാർ എവിടെയാണെന്നത് അജ്ഞാതമായി തുടരുന്നു. അവർ രക്ഷപെട്ട് ഒളിച്ചിരിക്കുകയാണോ, അതോ കൊല്ലപ്പെട്ടതാണോ എന്ന് ഞങ്ങൾക്കറിയില്ല” – എ. സി. എൻ. അധികൃതർ വെളിപ്പെടുത്തുന്നു.

പൊന്തിഫിക്കൽ ഫൗണ്ടേഷൻ നൽകുന്ന വിവരങ്ങളനുസരിച്ച്, മെയ് 2024 മുതൽ വടക്കുപടിഞ്ഞാറൻ ബുർക്കിന ഫാസോയിൽ ഏകദേശം 100 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഒപ്പംതന്നെ കൂടുതൽ പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. അവർ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.

2023-ലെ വേൾഡ് റിലീജിയസ് ഫ്രീഡം റിപ്പോർട്ടനുസരിച്ച്, ബുർക്കിന ഫാസോയിലെ ക്രൈസ്തവർ വർധിച്ചുവരുന്ന പീഡനങ്ങളെ അഭിമുഖീകരിക്കുകയാണ്. കൂടുതലും ഇസ്ലാമിക തീവ്രവാദികളാണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.