

സൺഡേ സ്കൂൾ അധ്യാപകർക്കും മാതാപിതാക്കൾക്കും പഠിക്കാനും കുട്ടികളെ പഠിപ്പിക്കാനും സഹായകമായ കുറിപ്പ് (Adult Catechesis Series No. 3).
1. കത്തോലിക്കാ സഭയിൽ (Catholic Church) ജപമാല പ്രാർഥനാരീതി എങ്ങനെയാണ് ഉദ്ഭവിച്ചത്? ആദ്യകാല സന്ന്യാസ പാരമ്പര്യത്തിന് ഇതിലുള്ള പങ്ക് എന്താണ്?
ആദ്യകാല ക്രൈസ്തവ സന്ന്യാസ പാരമ്പര്യത്തിൽ നിന്നാണ് ഈ രീതി രൂപപ്പെട്ടത്. സന്ന്യാസിമാർ തങ്ങളുടെ ഓരോ ശ്വാസോച്ഛ്വാസത്തിലും കർത്താവിനെ സ്മരിക്കാനും നിരന്തരം പ്രാർഥിക്കാനും ആഗ്രഹിച്ചിരുന്നു.
ഹെസിക്കാസം (Hesychasm): ദൈവസാന്നിധ്യത്തിൽ ആന്തരികമായ നിശ്ശബ്ദതയും ശാന്തതയും അനുഭവിച്ചുകൊണ്ട് നിരന്തര പ്രാർഥനയിൽ ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു ക്രൈസ്തവ ആത്മീയ പാരമ്പര്യമാണിത്. മനസ്സിനെയും ഹൃദയത്തെയും ദൈവത്തിലേക്ക് തിരിച്ച് ആന്തരിക സമാധാനത്തിലും ദൈവസാന്നിധ്യ ബോധത്തിലും വളരുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ക്രൈസ്തവ സന്ന്യാസത്തിന്റെ പിതാവായ ഈജിപ്തിലെ (Egypt) വി. അന്തോണീസിന്റെയും (St. Anthony of Egypt) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വി. പക്കോമിയസിന്റെയും (St. Pachomius) കാലം മുതൽ മരുഭൂമിയിലെ സന്ന്യാസിമാർ, “യേശുക്രിസ്തുവേ, ദൈവപുത്രാ, എന്നോട് കരുണയുണ്ടാകണമേ” എന്ന യേശുപ്രാർഥന (Jesus Prayer) ആവർത്തിച്ചു ചൊല്ലുന്നത് ഹെസിക്കാസത്തിന്റെ പ്രധാന ആത്മീയ അഭ്യാസങ്ങളിലൊന്നായിരുന്നു.
പ്രാർഥനാ ചരട് (Prayer Rope): ക്രിസ്തുവിന്റെ നാമം ആവർത്തിച്ച് ചൊല്ലിക്കൊണ്ട് മനസ്സിനെയും ഹൃദയത്തെയും ദൈവസന്നിധിയിൽ ഏകാഗ്രമാക്കാൻ സഹായിക്കുന്ന ഒരു ആത്മീയ ഉപാധിയാണിത്. സന്ന്യാസിമാർ ഈ പ്രാർഥനകൾ എണ്ണി ചൊല്ലാനായി കയറിൽ കെട്ടുകളിട്ട പ്രാർഥനാമാലകൾ ഉപയോഗിച്ചിരുന്നു. അതിലെ ഓരോ കുരുക്കും പ്രാർഥനയുടെയും ജാഗ്രതയുടെയും ദൈവസ്മരണയുടെയും അടയാളമായി കരുതപ്പെടുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും ദൈവത്തോടുള്ള നിരന്തര ബന്ധം വളർത്താൻ ഇത് സഹായിക്കുന്നു.
33 മണി ജപം: ക്രിസ്തുവിന്റെ ഭൂമിയിലെ 33 വർഷത്തെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് 33 മണികളിലൂടെ പ്രാർഥനയും യേശുനാമ സ്മരണയും നടത്തുന്ന രീതിയും നിലവിലുണ്ടായിരുന്നു. ഓരോ മണിയും യേശുവിന്റെ ജീവിതം, പീഡാസഹനം, മരണം, ഉയിർപ്പ് എന്നിവ ധ്യാനിച്ചുകൊണ്ട് ദൈവസാന്നിധ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കാനും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിൽ വളരാനും സഹായിക്കുന്ന മനോഹരമായ ആത്മീയ അഭ്യാസമായിരുന്നു.
സങ്കീർത്തനങ്ങളുടെ പങ്ക്: കൂടാതെ, സന്ന്യാസിമാർ ബൈബിളിലെ 150 സങ്കീർത്തനങ്ങൾ (Psalms) ഹൃദിസ്ഥമാക്കി ചൊല്ലുന്ന പതിവുമുണ്ടായിരുന്നു. പിന്നീട് വായിക്കാൻ അറിയാത്ത സാധാരണക്കാർ സങ്കീർത്തനങ്ങൾക്കു പകരമായി 150 ‘സ്വർഗസ്ഥനായ പിതാവേ’ (Our Father) എന്ന പ്രാർഥന ഇതുപോലെ കല്ലുകളോ, കയറിലെ കെട്ടുകളോ ഉപയോഗിച്ച് എണ്ണി ചൊല്ലാൻ തുടങ്ങി. ഈ പാരമ്പര്യങ്ങളാണ് പിൽക്കാലത്ത് ഇന്നത്തെ ജപമാലയായി വികസിച്ചത്.
2. നാം ഇന്ന് ചൊല്ലുന്ന ‘നന്മ നിറഞ്ഞ മറിയമേ’ (കൃപ നിറഞ്ഞ മറിയമേ/ Hail Mary) എന്ന പ്രാർഥന എങ്ങനെയാണ് രൂപപ്പെട്ടത്?
‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥന പ്രധാനമായും താഴെ പറയുന്ന മൂന്ന് ഭാഗങ്ങൾ ചേർന്നതാണ്:
ഗബ്രിയേൽ മാലാഖയുടെ (Angel Gabriel) അഭിവാദ്യം: “നന്മ നിറഞ്ഞ മറിയമേ സ്വസ്തി (കൃപ നിറഞ്ഞ മറിയമേ നിനക്ക് സമാധാനം), കർത്താവ് നിന്നോടു കൂടെ” എന്നത് ലൂക്കായുടെ സുവിശേഷത്തിൽ (ലൂക്കാ 1:28) മാലാഖ മാതാവിനെ (Virgin Mary) അഭിവാദനം ചെയ്യുന്ന ഭാഗമാണ്.
എലിസബത്തിന്റെ (Elizabeth) അഭിവാദ്യം: “സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, നിന്റെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു” എന്നത്, എലിസബത്ത് മാതാവിനെ സ്തുതിക്കുന്ന വചനമാണ് (ലൂക്കാ 1:42).
സഭയുടെ പ്രാർഥന: അവസാന ഭാഗമായ “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ” എന്നത് പിന്നീട് സഭ കൂട്ടിച്ചേർത്തതാണ്. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആകമാനം (Europe) പടർന്നുപിടിച്ച ‘ബ്ലാക്ക് ഡെത്ത്’ (Black Death) എന്ന മഹാമാരിയുടെ കാലത്ത് നല്ല മരണത്തിനായുള്ള മധ്യസ്ഥതയ്ക്കായി പാശ്ചാത്യസഭയിലെ (Western Church) വിശ്വാസികളാണ് ഈ പ്രാർഥന പ്രധാനമായും കൂട്ടിച്ചേർത്തത്. പിന്നീട് 1568 ൽ പിയൂസ് അഞ്ചാമൻ മാർപാപ്പ (Pope Pius V) ഇതിന് ഇന്നത്തെ ഔദ്യോഗിക രൂപം നൽകി. കാലക്രമേണ പൂർണ്ണരൂപത്തിലുള്ള ഈ പ്രാർഥന 150 സങ്കീർത്തനങ്ങൾക്കു പകരമായി ജനങ്ങൾ 150 തവണ ചൊല്ലാൻ തുടങ്ങി. ഇതിനെ ‘മറിയത്തിന്റെ സങ്കീർത്തനം’ (Psalter of Mary) എന്നാണ് ആദ്യകാലങ്ങളിൽ വിളിച്ചിരുന്നത്.
3. ജപമാല പ്രാർഥനയ്ക്ക് വി. ഡൊമിനിക്ക് (St. Dominic) നൽകിയ പ്രാധാന്യം എന്താണ്? ജപമാലയിലെ 15 രഹസ്യങ്ങൾക്ക് ഇന്നത്തെ രൂപം നൽകിയത് ആരാണ്?
13-ാം നൂറ്റാണ്ടിൽ സഭയിൽ കടന്നുകൂടിയ തെറ്റായ പഠനങ്ങൾക്ക്, (പ്രത്യേകിച്ച് അൽബിജൻസിയൻ പാഷണ്ഡത – Albigensian heresy) എതിരെ പോരാടാൻ ബുദ്ധിമുട്ടിയ വി. ഡൊമിനിക്കിന് (St. Dominic) പരിശുദ്ധ മാതാവ് (Blessed Virgin Mary) പ്രത്യക്ഷപ്പെട്ട് നൽകിയ ആത്മീയ ആയുധമാണ് ജപമാല എന്നാണ് സഭാപാരമ്പര്യം. പാഷണ്ഡതകളെ ഇല്ലാതാക്കാനും ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാനും ഈ പ്രാർഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ പ്രഘോഷണങ്ങളിൽ ജപമാലയ്ക്ക് വലിയ പ്രാധാന്യം നൽകി പ്രചരിപ്പിച്ചു.
എന്നാൽ, വി. ഡൊമിനിക്കിന്റെ (St. Dominic) കാലശേഷം മങ്ങിപ്പോയ ഈ പ്രാർഥനയെ പിന്നീട് വീണ്ടെടുത്ത് ഇന്നത്തെ രൂപത്തിലാക്കിയത് ഡൊമിനിക്കൻ സന്ന്യാസിയായ ഫാ. അലൻ ഡേ ലാ റോഷ് (Alain de la Roche) ആണ്. കത്തോലിക്കാ സഭയിൽ അദ്ദേഹം ‘ജപമാലയുടെ അപ്പസ്തോലൻ’ (Apostle of the Rosary) എന്നാണ് അറിയപ്പെടുന്നത്. ജപമാലയിലെ 150 നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർഥനകളെ 15 ദശകങ്ങളായി (Decades) തിരിക്കുകയും, ഓരോ പത്ത് പ്രാർഥനയ്ക്കും മുൻപ് ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥനയും ഒപ്പം യേശുവിന്റെയും (Jesus) മാതാവിന്റെയും ജീവിതരഹസ്യങ്ങൾ ധ്യാനിക്കുന്ന രീതിയും ക്രമീകരിച്ചത് ഇദ്ദേഹമാണ്. ജപമാല സഖ്യം (Confraternity of the Holy Rosary) എന്ന കൂട്ടായ്മയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.
4. ജപമാലയ്ക്ക് സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതും അതിൽ പിന്നീട് വന്ന മാറ്റങ്ങളും എന്തൊക്കെയാണ്?
അടിസ്ഥാനപരമായി ജപമാല പ്രാർഥനയിൽ നാം ധ്യാനിക്കുന്നത് ഈശോയുടെ ജീവിതമാണ്. പരിശുദ്ധ മറിയത്തോടൊപ്പം ഈശോയുടെ സന്നിധിയിലേക്ക് ചേർന്നുനിന്ന് അവിടുത്തെ ജീവിതത്തിലെ രക്ഷാകര രഹസ്യങ്ങളെ (Paschal Mysteries) ധ്യാനിക്കുകയാണ് നാം ഇതിലൂടെ ചെയ്യുന്നത്. 1569 ൽ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് (Pope Pius V) 15 രഹസ്യങ്ങളുള്ള ഈ ജപമാല പ്രാർഥനയ്ക്ക് സഭയുടെ ഔദ്യോഗികവും നിയതവുമായ രൂപം നൽകിയത്. പിന്നീട്, 2002 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ (Pope John Paul II) ഈശോയുടെ (Jesus) പരസ്യജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 5 ‘പ്രകാശത്തിന്റെ രഹസ്യങ്ങൾ’ (Luminous Mysteries) കൂടി ഇതിനോട് കൂട്ടിച്ചേർത്തു. അതോടെയാണ് ജപമാല ഇന്നത്തെ രീതിയിൽ 20 രഹസ്യങ്ങളുള്ള സമ്പൂർണ്ണ പ്രാർഥനയായി മാറിയത്.
5. ജപമാലയിലെ സന്തോഷ രഹസ്യങ്ങൾ (Joyful Mysteries) ഏതെല്ലാമാണ്? ഇതിൽ എന്താണ് ധ്യാനിക്കുന്നത്? ഇതിന്റെ ബൈബിൾ ഭാഗങ്ങൾ ഏതാണ്?
ഈശോയുടെ (Jesus) ജനനവും ശൈശവവുമായി ബന്ധപ്പെട്ട സന്തോഷകരമായ രക്ഷാകര സംഭവങ്ങളാണ് ഇതിൽ ധ്യാനിക്കുന്നത്.
- ഒന്നാം രഹസ്യം: പരിശുദ്ധ കന്യകാമറിയത്തിന് (Virgin Mary) മംഗളവാർത്ത ലഭിക്കുന്നത് (ലൂക്കാ 1: 26-38).
- രണ്ടാം രഹസ്യം: പരിശുദ്ധ മാതാവ് എലിസബത്തിനെ (Elizabeth) സന്ദർശിക്കുന്നത് (ലൂക്കാ 1: 39-56).
- മൂന്നാം രഹസ്യം: ഈശോമിശിഹായുടെ (Jesus Christ) ജനനം (ലൂക്കാ 2: 1-21).
- നാലാം രഹസ്യം: ഈശോയെ ദൈവാലയത്തിൽ സമർപ്പിക്കുന്നത് (ലൂക്കാ 2: 22-38).
- അഞ്ചാം രഹസ്യം: കാണാതായ ഈശോയെ മൂന്നാം നാൾ ദൈവാലയത്തിൽ കണ്ടെത്തുന്നത് (ലൂക്കാ 2: 41-52).
6. പ്രകാശത്തിന്റെ രഹസ്യങ്ങൾ (Luminous Mysteries) ഏതെല്ലാമാണ്? അവയുടെ ബൈബിൾ ഭാഗങ്ങൾ ഏതാണ്?
ഈശോയുടെ പരസ്യജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ് പ്രകാശത്തിന്റെ രഹസ്യങ്ങളിൽ നാം ധ്യാനിക്കുന്നത്.
- ഒന്നാം രഹസ്യം: ഈശോ ജോർദാൻ നദിയിൽ (River Jordan) വച്ച് മാമോദീസ സ്വീകരിക്കുന്നത് (മത്തായി 3: 13-17).
- രണ്ടാം രഹസ്യം: കാനായിലെ (Cana) കല്യാണവിരുന്നിൽ ഈശോ വെള്ളം വീഞ്ഞാക്കുന്ന അദ്ഭുതം പ്രവർത്തിക്കുന്നത് (യോഹ. 2: 1-11).
- മൂന്നാം രഹസ്യം: ഈശോ ദൈവരാജ്യം പ്രഘോഷിക്കുകയും പശ്ചാത്താപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നത് (മർക്കോ. 1:15).
- നാലാം രഹസ്യം: താബോർ മലയിൽ (Mount Tabor) വച്ചുള്ള ഈശോയുടെ രൂപാന്തരീകരണം (മത്തായി 17: 1-8).
- അഞ്ചാം രഹസ്യം: ഈശോ വിശുദ്ധ കുർബാന സ്ഥാപിക്കുന്നത് (മത്തായി 26: 26-30).
7. ദുഃഖരഹസ്യങ്ങൾ (Sorrowful Mysteries) ഏതെല്ലാമാണ്? ഇതിൽ എന്താണ് ധ്യാനിക്കുന്നത്? ഇതിന്റെ ബൈബിൾ ഭാഗങ്ങൾ ഏതാണ്?
മനുഷ്യന്റെ പാപപരിഹാരത്തിനായി ഈശോ സഹിച്ച പീഡാനുഭവവും കുരിശുമരണവുമാണ് ദുഃഖരഹസ്യങ്ങളിൽ ധ്യാനിക്കുന്നത്.
- ഒന്നാം രഹസ്യം: ഈശോ ഗെത്സെമനി തോട്ടത്തിൽ (Garden of Gethsemane) രക്തവിയർപ്പൊഴുക്കി പ്രാർഥിക്കുന്നത് (ലൂക്കാ 22:39-46).
- രണ്ടാം രഹസ്യം: ഈശോയെ പീലാത്തോസിന്റെ (Pilate) അരമനയിൽ വച്ച് ചമ്മട്ടി കൊണ്ട് അടിക്കുന്നത് (യോഹ. 19:1).
- മൂന്നാം രഹസ്യം: പടയാളികൾ ഈശോയെ മുൾമുടി ധരിപ്പിക്കുന്നത് (മത്തായി 27: 27-31).
- നാലാം രഹസ്യം: ഈശോ കുരിശ് വഹിച്ചുകൊണ്ട് കാൽവരി മലയിലേക്ക് (Mount Calvary) പോകുന്നത് (യോഹ. 19:17).
- അഞ്ചാം രഹസ്യം: ഈശോയുടെ കുരിശുമരണം (ലൂക്കാ 23: 33-46).
8. മഹിമയുടെ രഹസ്യങ്ങൾ (Glorious Mysteries) ഏതെല്ലാമാണ്? ഇതിൽ എന്താണ് ധ്യാനിക്കുന്നത്? ഇതിന്റെ ബൈബിൾ ഭാഗങ്ങൾ ഏതാണ്?
ഈശോയുടെ ഉയിർപ്പും സ്വർഗാരോഹണവും സഭയുടെ രൂപീകരണവും പരിശുദ്ധ മാതാവിന്റെ മഹത്വീകരണവുമാണ് ഇതിൽ ധ്യാനിക്കുന്നത്.
- ഒന്നാം രഹസ്യം: ഈശോമിശിഹായുടെ ഉയിർപ്പ് (മത്തായി 28: 1-10).
- രണ്ടാം രഹസ്യം: ഈശോമിശിഹായുടെ സ്വർഗാരോഹണം (അപ്പ. പ്രവ. 1: 9-11).
- മൂന്നാം രഹസ്യം: പരിശുദ്ധാത്മാവിന്റെ ആഗമനം (അപ്പ. പ്രവ. 2:1-4).
- നാലാം രഹസ്യം: പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണം (വെളി. 12:1).
- അഞ്ചാം രഹസ്യം: പരിശുദ്ധ മാതാവിനെ സ്വർഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്റെയും രാജ്ഞിയായി മുടിചൂടിക്കുന്നത് (വെളി. 12:1).
9. ഓരോ പത്ത് നന്മ നിറഞ്ഞ മറിയമേ ചൊല്ലിയതിനു ശേഷം അധികമായി ചൊല്ലുന്ന പ്രാർഥന (ഓ എന്റെ ഈശോയേ/ O My Jesus) എപ്പോഴാണ് കൂട്ടിച്ചേർത്തത്? ഇതിന് നിർദേശം നൽകിയത് ആരാണ്?
1917 ൽ പോർച്ചുഗലിലെ (Portugal) ഫാത്തിമയിൽ (Fatima) പരിശുദ്ധ മാതാവ് മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഈ പ്രാർഥന ലോകത്തിനു നൽകിയത്. പാപികളുടെ മാനസാന്തരത്തിനും നരകാഗ്നിയിൽ നിന്നുള്ള രക്ഷയ്ക്കും വേണ്ടി ജപമാലയിലെ ഓരോ പത്ത് മണികൾക്കും ശേഷം ഇത് ചൊല്ലാൻ മാതാവ് ആവശ്യപ്പെട്ടു. 1930 ൽ സഭ (ലെയ്റിയാ രൂപതാ മെത്രാൻ – Bishop of Leiria) ഫാത്തിമ ദർശനങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയതിനെ തുടർന്നാണ് ഇത് ജപമാലയിൽ കൂട്ടിച്ചേർക്കാൻ ഔദ്യോഗിക നിർദേശം നൽകിയത്. പിന്നീട് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ (Pope Pius XII) ഇതിന് വലിയ പ്രോത്സാഹനം നൽകിയതോടെ ഇത് ആഗോളതലത്തിൽ ജപമാലയുടെ ഔദ്യോഗിക ഭാഗമായി മാറി.
10. ‘പരിശുദ്ധ രാജ്ഞി (സ്വർഗരാജ്ഞി) കരുണയുള്ള മാതാവേ’ (Hail Holy Queen/ Salve Regina) എന്ന പ്രാർഥന എപ്പോഴാണ് കൂട്ടിച്ചേർത്തത്?
പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെർമൻ കോൺട്രാക്റ്റസ് (Hermannus Contractus) എന്ന സന്ന്യാസിയാണ് മനോഹരമായ ഈ പ്രാർഥന എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യകാലങ്ങളിൽ സന്ന്യാസിമാർ തങ്ങളുടെ സായാഹ്ന പ്രാർഥനയുടെ (Vespers) അവസാനം പാടിയിരുന്ന ഈ ഗീതം, മറിയത്തോടുള്ള വലിയ ഭക്തിയുടെ അടയാളമായി പിൽകാലത്ത് ജപമാലയുടെ സമാപന പ്രാർഥനയായി സഭ ഔദ്യോഗികമായി കൂട്ടിച്ചേർക്കുകയായിരുന്നു.
11. ‘എത്രയും ദയയുള്ള മാതാവേ’ (Memorare) എന്ന പ്രാർഥന എങ്ങനെ രൂപപ്പെട്ടു? അത് എന്തുകൊണ്ട് ജപമാലയിലേക്ക് ചേർത്തുവച്ചു?
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ബർണാർഡിന്റെ (St. Bernard) പ്രാർഥനകളിൽ നിന്നാണ് ഇത് രൂപപ്പെട്ടത്. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ഫാ. ക്ലോഡ് ബർണാർഡ് (Fr. Claude Bernard) എന്ന വൈദികനാണ് ഇതിന് വലിയ പ്രചാരം നൽകിയത്. കഷ്ടപ്പാടുകളിലും പ്രതിസന്ധികളിലും മാതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിക്കുന്ന ഈ പ്രാർഥന വിശ്വാസികൾക്ക് വലിയ ആശ്വാസമായിരുന്നു. മാതാവിനോടുള്ള അപേക്ഷ ഒരിക്കലും നിരസിക്കപ്പെടില്ല എന്ന ഉറപ്പുള്ളതുകൊണ്ട്, സമാപന പ്രാർഥനയ്ക്കു ശേഷം കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കാൻ വിശ്വാസികൾ സ്വയമേവ ഇത് ജപമാലയിലേക്ക് കൂട്ടിച്ചേർത്ത് ചൊല്ലാൻ തുടങ്ങി.
12. മാതാവിന്റെ ലുത്തിനിയ (Litany of Loreto) എന്ന പ്രാർഥനാശൈലിയുടെ ചരിത്രപശ്ചാത്തലം എന്താണ്? വിവിധ കാലഘട്ടങ്ങളിൽ ഇതിൽ കൂട്ടിച്ചേർത്ത പ്രത്യേക കാര്യങ്ങൾ എന്തൊക്കെയാണ്?
ലുത്തിനിയ (Litany) എന്നത് അടിസ്ഥാനപരമായി ആരാധനക്രമവുമായി (Liturgy) ബന്ധപ്പെട്ട ഒരു പ്രാർഥനാശൈലിയാണ്. സുറിയാനി സഭകളിലെ (Syriac Churches) ‘ഹൂസോയോ’ (Hoosoyo), ‘ബാവൂസോ’ (B’aoutho) എന്നീ പ്രാർഥനകൾക്കും, ബൈസന്റൈൻ/ ഗ്രീക്ക് സഭകളിലെ (Byzantine / Greek Churches) ‘എക്റ്റേനിയ’ (Ektenia) എന്ന പ്രാർഥനയ്ക്കും സമാനമാണിത്. ആദ്യകാലങ്ങളിൽ ലത്തീൻ സഭയുടെ (Latin Church) വിശുദ്ധ കുർബാനയിലും മറ്റ് ശുശ്രൂഷകളിലും പുരോഹിതൻ പ്രാർഥന ചൊല്ലുകയും ജനങ്ങൾ അത് ഏറ്റുചൊല്ലുകയും ചെയ്യുന്ന (Responsive prayer) ഒരു ശൈലിയാണിത്.
ഈ ആരാധനക്രമ ശൈലിയെ അനുകരിച്ച് പിന്നീട് സഭയിൽ ഭക്താനുഷ്ഠാനങ്ങൾ (Popular devotions) രൂപപ്പെട്ടപ്പോഴാണ് മാതാവിനോടുള്ള പ്രത്യേക ലുത്തിനിയ ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിലെ (Italy) ലൊറേറ്റോ (Loreto) എന്ന മരിയൻ തീർഥാടന കേന്ദ്രത്തിലാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഈ ലുത്തിനിയ പൂർണ്ണരൂപം പ്രാപിച്ചത്. 1587 ൽ സിക്സ്റ്റസ് അഞ്ചാമൻ മാർപാപ്പ (Pope Sixtus V) ഇതിന് ഔദ്യോഗിക അംഗീകാരം നൽകി. സഭയുടെ പുതിയ പ്രഖ്യാപനങ്ങളും കാലഘട്ടത്തിന്റെ ആവശ്യങ്ങളുമനുസരിച്ച് മാർപാപ്പമാർ ഇതിൽ പുതിയ വിശേഷണങ്ങൾ ചേർത്തു. അവയിൽ ചിലത്:
- അമലോദ്ഭവയായ രാജ്ഞി (1854 – പിയൂസ് ഒൻപതാമൻ മാർപാപ്പ/ Pope Pius IX)
- സമാധാനത്തിന്റെ രാജ്ഞി (ഒന്നാം ലോകമഹായുദ്ധ കാലത്ത് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ/ Pope Benedict XV)
- സ്വർഗാരോപിതയായ രാജ്ഞി (1950 – പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ/ Pope Pius XII)
- കുടുംബങ്ങളുടെ രാജ്ഞി (1995 – ജോൺ പോൾ രണ്ടാമൻ മാർപാപ്പ/ Pope John Paul II)
- പുതിയ കൂട്ടിച്ചേർക്കലുകൾ (2020): കാലഘട്ടത്തിന്റെ പ്രതിസന്ധികളിൽ മാതാവിന്റെ സംരക്ഷണം അപേക്ഷിച്ചുകൊണ്ട് 2020 ജൂൺ മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ (Pope Francis) 3 വിശേഷണങ്ങൾ കൂടി കൂട്ടിച്ചേർത്തു: കാരുണ്യത്തിന്റെ മാതാവേ (Mother of mercy), പ്രത്യാശയുടെ മാതാവേ (Mother of hope), കുടിയേറ്റക്കാരുടെ ആശ്വാസമേ (Solace of migrants).
13. മലയാളത്തിലെ ജപമാലയിൽ മാത്രം കാണുന്ന മുഖവുര പ്രാർഥനകൾ (Introductory prayers) എന്തുകൊണ്ട് ഉണ്ടായി? എന്തുകൊണ്ടാണ് അത് മറ്റ് ഭാഷകളിലെ പ്രാർഥനകളിൽ ഇല്ലാത്തത്?
ആഗോള കത്തോലിക്കാ സഭയിലെ ജപമാല സാധാരണയായി വിശ്വാസപ്രമാണം (Apostles’ Creed) വച്ചാണ് നേരിട്ട് തുടങ്ങുന്നത്. എന്നാൽ, കേരളത്തിലെ (Kerala) പാരമ്പര്യങ്ങളിൽ ജപമാല ചൊല്ലുമ്പോൾ തുടക്കത്തിൽ ചില പ്രത്യേക സമർപ്പണ പ്രാർഥനകൾ ചൊല്ലുന്ന പതിവുണ്ട്. പുരാതനകാലത്ത് കേരളത്തിൽ വന്ന കർമലീത്ത (Carmelite), ഈശോസഭാ (Jesuit) മിഷനറിമാർ അവിടുത്തെ വിശ്വാസികൾക്ക് ജപമാല രഹസ്യങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ ധ്യാനിക്കാൻ വേണ്ടി തയ്യാറാക്കിയ പ്രാദേശിക നമസ്കാര പുസ്തകങ്ങളിൽ നിന്നാണ് ഇവ രൂപപ്പെട്ടത്. ഭാരതീയ പശ്ചാത്തലത്തിൽ, ഒരു പ്രാർഥന തുടങ്ങുന്നതിനു മുൻപ് മനസ്സിനെ ഏകാഗ്രമാക്കാനും നിയോഗങ്ങൾ സമർപ്പിക്കാനും ഒരു മുഖവുര ആവശ്യമായിരുന്നു. ഈ പ്രാദേശിക ഭക്തിയുടെ (Local adaptation) ഭാഗമായാണ് ഇത് മലയാളത്തിൽ നിലനിന്നത്.
14. ജപമാല മാസാചരണത്തിന്റെ (October Rosary Month) ഉദ്ഭവവും അതിന്റെ വളർച്ചയും എങ്ങനെയായിരുന്നു?
1571 ഒക്ടോബർ ഏഴിനു നടന്ന ലെപ്പാന്റോ (Lepanto) യുദ്ധത്തിൽ തുർക്കികൾക്കെതിരെ (Turks) ക്രിസ്ത്യൻ സൈന്യം നേടിയ വലിയ വിജയമാണ് ഇതിന് ആധാരം. സൈനികർക്കു വേണ്ടി യൂറോപ്പ് (Europe) മുഴുവനും ജപമാല ചൊല്ലി പ്രാർഥിച്ചതുകൊണ്ടാണ് ഈ വിജയം ലഭിച്ചതെന്നു വിശ്വസിച്ച പിയൂസ് അഞ്ചാമൻ മാർപാപ്പ (Pope Pius V), ഒക്ടോബർ 7 ‘ജപമാല മാതാവിന്റെ’ തിരുനാളായി പ്രഖ്യാപിച്ചു. പിന്നീട് 1883 ൽ ‘ജപമാലയുടെ മാർപാപ്പ’ (Pope of the Rosary) എന്നറിയപ്പെടുന്ന ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് (Pope Leo XIII) ഒക്ടോബർ മാസം മുഴുവൻ ജപമാല മാസമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്.
ഇന്ന് ലോകമെമ്പാടുമുള്ള കുടുംബങ്ങളിലും ഇടവകകളിലും വാർഡ്/ യൂണിറ്റ് തലങ്ങളിലും ഒക്ടോബർ മാസം മുഴുവൻ ജപമാല സമർപ്പണത്തോടെയും ജപമാല റാലികളോടെയും സഭ ആഘോഷിക്കുന്നു.
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)




