
ഇറാനിയൻ ക്ലാസിക്കൽ സംഗീതചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ചുകൊണ്ട്, ടെഹ്റാൻ സിംഫണി ഓർക്കസ്ട്രയുടെ (Tehran Symphony Orchestra) ആദ്യ വനിതാ കണ്ടക്ടറായി മാറിയിരിക്കുകയാണ് വയലിനിസ്റ്റും സംഗീതസംവിധായികയുമായ പനീസ് ഫാർയൂസെഫി (Paniz Faryousefi). ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഔദ്യോഗികമായി ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് പനീസ്. ചരിത്രപരമായ ഈ നേട്ടവും, തുടർന്ന് അവർ ‘വിവോ ഓർക്കസ്ട്രയ്‌ക്കൊപ്പം’ (Vivo Orchestra) അവതരിപ്പിച്ച പ്രത്യേക സംഗീതപരിപാടിയും ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയുണ്ടായി.
‘ടെഹ്റാൻ ടൈംസിന്’ നൽകിയ അഭിമുഖത്തിൽ, തന്റെ സംഗീതയാത്രയെക്കുറിച്ചും പ്രതിസന്ധികൾക്കിടയിലും സംഗീതത്തിലൂടെ ഇറാനിയൻ ജനതയുടെ ഐക്യവും ലോകസമാധാനവും എങ്ങനെയാണ് ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
ചരിത്രപരമായ ആ നാഴികക്കല്ല്
നവംബർ 2025 ൽ വഹ്ദത്ത് ഹാളിൽ (Vahdat Hall) നടന്ന ടെഹ്റാൻ സിംഫണി ഓർക്കസ്ട്രയുടെ കൺസേർട്ടിന് നേതൃത്വം നൽകിയ നിമിഷത്തെക്കുറിച്ച് പനീസ് ഓർക്കുന്നു. പ്രശസ്തരായ രണ്ട് ഇറാനിയൻ വനിതാ സംഗീതസംവിധായകരുടെ കൃതികളും പാശ്ചാത്യ ക്ലാസിക്കൽ സംഗീതവും കോർത്തിണക്കിയായിരുന്നു ആ പരിപാടി അരങ്ങേറിയത്.
ഏകദേശം 15 വർഷങ്ങൾക്കു മുൻപ് നാസനിൻ അഘാഖാനി എന്ന വനിതാ കണ്ടക്ടർ വിദേശത്തു നിന്ന് അതിഥിയായി എത്തിയിരുന്നെങ്കിലും, പക്ഷെ ഔദ്യോഗികമായ ഒരു പ്രകടനത്തിലേക്ക് അത് എത്തിയിരുന്നില്ല. പിന്നീട്, ഒന്നര പതിറ്റാണ്ടിനു ശേഷമാണ് പനീസിന് ഈ ചരിത്രപരമായ അവസരം ലഭിക്കുന്നത്.
വിവോ ഓർക്കസ്ട്രയും ഇറാനിയൻ സംഗീതത്തിന്റെ ആത്മാവും
വയലിൻ വായനയ്‌ക്കൊപ്പം ആർക്കസ്ട്രൽ കണ്ടക്റ്റിംഗിലും ഉപരിപഠനം പൂർത്തിയാക്കിയ പനീസ്, യുവാക്കൾക്കായി ‘വിവോ ഓർക്കസ്ട്ര’ എന്ന പേരിൽ സ്വന്തമായി ഒരു ഓർക്കസ്ട്ര രൂപീകരിക്കുകയുണ്ടായി. കൂട്ടായ്മയുടെ ശക്തിയിലാണ് താൻ വിശ്വസിക്കുന്നതെന്നും, യുവതലമുറയിലെ സംഗീതജ്ഞരെ പരിശീലിപ്പിച്ച് അവരെ വേദിയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കുന്നു. തുടർന്ന് 2025 ആഗസ്റ്റ് മാസത്തിൽ വിവോ ഓർക്കസ്ട്ര അവതരിപ്പിച്ച കൺസേർട്ട് ഏറെ വൈകാരികമായിരുന്നു. രാജ്യത്തുണ്ടായ യുദ്ധസാഹചര്യങ്ങളും ദുരിതങ്ങളും കവർന്നെടുത്ത ജീവനുകളുടെ ഓർമകൾ പേറുന്നതായിരുന്നു ആ സംഗീതപരിപാടി.
സങ്കീർണ്ണമായ ചില സന്ദർഭങ്ങളിൽ പാശ്ചാത്യ ക്ലാസിക്കൽ കൃതികൾക്കൊപ്പം ഇറാനിയൻ തനിമയുള്ള സംഗീതം കൂടി കോർത്തിണക്കിയതിലൂടെ, കേൾവിക്കാരനിൽ ഒരു പ്രത്യേക വൈകാരിക അനുഭവം സമ്മാനിക്കാൻ അവർക്ക് സാധിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽഗർ രചിച്ച ‘സോസ്പിരി’ (Sospiri – നെടുവീർപ്പുകൾ) പോലുള്ള കൃതികളും ഈ വേദിയിൽ അവതരിപ്പിക്കപ്പെട്ടു.
സമാധാനത്തിനായുള്ള സംഗീതം
ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര ‘കൺസേർട്ട് ഫോർ യൂണിറ്റി’ (A Concert for Unity) പദ്ധതിയിൽ ടെഹ്റാൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഴിഞ്ഞതിനെക്കുറിച്ചും പനീസ് അഭിമുഖത്തിൽ ഓർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ സംഗീതജ്ഞർക്കൊപ്പം പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു ഉത്തരവാദിത്തമായിരുന്നു എന്ന് അവർ പറയുന്നു.
ലോകത്തിന്റെ ഏത് കോണിലുള്ളവർ കേട്ടാലും ഈ സംഗീതം നൽകുന്ന സന്ദേശം എന്തായിരിക്കുമെന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു: “വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരാണെങ്കിലും ഇറാനിയൻ ജനതയുടെ ഐക്യവും ഒരുമയുമാണ് ഇത് ഓർമിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം കല ഒരു സാർവത്രിക ഭാഷയാണ്. എന്നെങ്കിലും ലോകത്ത് സമാധാനം പുലരുമെന്നും, അതിനായി കലയ്ക്ക് വലിയൊരു പങ്കുവഹിക്കാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു.”
ഇറാനിൽ സ്ത്രീകൾ നേരിടുന്ന കടുത്ത വെല്ലുവിളികൾക്കും നിയന്ത്രണങ്ങൾക്കുമിടയിൽ, തന്റെ കലയിലൂടെയും നേതൃപാടവത്തിലൂടെയും പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് വലിയൊരു പ്രചോദനമായി മാറുകയാണ് പനീസ് ഫാർയൂസെഫി. കലയിലൂടെയും സംഗീതത്തിലൂടെയും സമാധാനത്തിന്റെ പുതിയൊരു ലോകം സ്വപ്നം കാണുന്ന ഈ യുവതിയുടെ യാത്ര വരുംകാലങ്ങളിൽ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതിൽ സംശയമില്ല.




