
ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസിന്റെയും (ISKP) ക്രൈസ്തവ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്ക് സഹായമേകുന്ന അന്താരാഷ്ട്ര സാമ്പത്തിക ശൃംഖലകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ICC) പുറത്തുവിട്ട പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഐസിസി ഫെലോ ഡാനിയൽ സെന്റ് ജോൺ തയ്യാറാക്കിയ ‘ദി ടെററിസം ഇക്കോണമി: ഇസ്ലാമിക് സ്റ്റേറ്റ്സ് ഓപ്പറേഷൻസ് എഗെയിൻസ്റ്റ് ക്രിസ്റ്റ്യൻസ്’ (ഭീകരവാദ സാമ്പത്തിക വ്യവസ്ഥ: ക്രിസ്ത്യാനികൾക്കെതിരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ) എന്നതാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിൽ ഈ ഭീകര സംഘടനകൾ എങ്ങനെയാണ് വരുമാനം കണ്ടെത്തുന്നതെന്നും ക്രൈസ്തവരെ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാൻ, ഇറാൻ, മധ്യേഷ്യ, പാക്കിസ്ഥാൻ എന്നിവയുൾപ്പെടുന്ന ഖൊറാസാൻ മേഖല കേന്ദ്രീകരിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ് പ്രവർത്തിക്കുന്നത്.
അക്രമങ്ങൾക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുന്നുവെന്ന് മനസ്സിലാക്കാൻ ഐസിസ്-ഐഎസ്കെപി (ISIS-ISKP) സാമ്പത്തിക ശൃംഖലയെക്കുറിച്ച് റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നു. ഈ ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്ന ഭരണപരവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളെ റിപ്പോർട്ട് വിശകലനം ചെയ്യുന്നു.
ഭൗമരാഷ്ട്രീയപരമായി, പാശ്ചാത്യ വിദേശനയങ്ങളെ ക്രിസ്തുമതവുമായി സമീകരിക്കുന്ന ഐസിസ്, മുസ്ലീങ്ങൾക്കെതിരായ വ്യോമാക്രമണങ്ങൾക്കും സൈനിക നടപടികൾക്കുമുള്ള പ്രതികാരമെന്ന നിലയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നു. ക്രിസ്തുമസ് പോലുള്ള മതപരമായ അവധി ദിവസങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കാനും ‘ആഘോഷങ്ങളെ മൃതസംസ്കാരങ്ങളുടെ വേദിയാക്കി മാറ്റാനും’ ഇവരുടെ പ്രചാരണങ്ങൾ അനുയായികളെ പ്രേരിപ്പിക്കുന്നു.
അന്താരാഷ്ട്ര ഇസ്ലാമിസ്റ്റ് ഫണ്ടിംഗും ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നയരൂപകർത്താക്കൾക്കും ക്രൈസ്തവ അവകാശ സംഘടനകൾക്കും നൽകുകയാണ് ഈ റിപ്പോർട്ട് ലക്ഷ്യമിടുന്നത്.




