നൈജീരിയയിൽ കൂട്ടക്കൊലയ്ക്കു ശേഷം അതിജീവനത്തിന്റെയും സൗഖ്യത്തിന്റെയും പുതിയ പ്രകാശം

2025 ജൂണിൽ, നൈജീരിയയിലെ ബെനുവെ സംസ്ഥാനത്തുള്ള യെൽവത എന്ന ക്രൈസ്തവ ഗ്രാമത്തിലെ ആയിരക്കണക്കിന് മനുഷ്യർ സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധമുള്ള ഒരു വലിയ ദുരന്തത്തെയാണ് അഭിമുഖീകരിച്ചത്. ഫുലാനി തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടതായും വന്നു. അവിശ്വസനീയമാംവിധം വേഗത്തിലും ക്രൂരവുമായാണ് ആ അക്രമപരമ്പര അരങ്ങേറിയത്.

പലായനം ചെയ്ത നിരവധി വിശ്വാസികൾ മകുർഡി നഗരത്തിലെ ഒരു മാർക്കറ്റ് കെട്ടിടത്തിലാണ് അഭയം പ്രാപിച്ചത്. പ്രദേശത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി നിർമ്മിച്ച ആ കെട്ടിടം, അക്രമസംഭവങ്ങളെ തുടർന്ന് സ്വന്തം വീടുകളിൽ നിന്ന് ഓടിപ്പോരേണ്ടി വന്ന മനുഷ്യർക്ക് ഒരു താൽക്കാലിക അഭയകേന്ദ്രമായി മാറുകയായിരുന്നു.

ക്യാമ്പിലെ ജീവിതസാഹചര്യങ്ങൾ വളരെ ദുസ്സഹമായിരുന്നു. താമസിക്കാൻ പര്യാപ്തമായ സൗകര്യങ്ങളോ, കൃത്യമായ ഭക്ഷണലഭ്യതയോ അവിടെയുണ്ടായിരുന്നില്ല. പ്രയാസങ്ങളിലകപ്പെട്ട ആ ക്രൈസ്തവ സമൂഹം ലോകത്തോട് പ്രാർഥനയും സഹായവും അഭ്യർഥിച്ചു. ആ പ്രാർഥനകൾക്ക് ‘ഓപ്പൺ ഡോർസ്’ (Open Doors) പങ്കാളികൾ വഴി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖത്തിലായവർക്കും പലായനം ചെയ്ത വിശ്വാസികൾക്കും അടിയന്തിര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുനൽകി.

“ഞങ്ങളുടെ വീടുകളിൽ നിന്ന് ഇവിടേക്ക് ഓടിപ്പോന്നതിന് ശേഷം ഞങ്ങൾക്ക് കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. നിങ്ങൾ നൽകിയ ഈ ഭക്ഷണത്തിന് ഒത്തിരി നന്ദി. ഇത് എനിക്കും എന്റെ കുടുംബത്തിനും കുറെ നാളത്തേക്ക് വലിയൊരു ആശ്വാസമായിരിക്കും.” ക്യാമ്പിൽ കഴിയുന്ന മേരി എന്ന സ്ത്രീ പറയുന്നു.

അതേസമയം പ്രാദേശിക പങ്കാളികൾ വഴി, യെൽവതയിലെ വിശ്വാസികൾക്കായി വിപുലമായ ട്രോമ കെയറും (Trauma Care) കൗൺസിലിംഗും ലഭ്യമാക്കി. സർവതും നഷ്ടപ്പെട്ട ആ മനുഷ്യരുടെ മനസ്സിന്റെ ആഴത്തിലുള്ള മുറിവുകൾ ഉണക്കാൻ ഇത് ഏറെ സഹായിച്ചു.

എന്നാൽ, മാസങ്ങൾ പലത് പിന്നിട്ടിട്ടും, ക്യാമ്പിൽ കഴിയുന്ന ക്രൈസ്തവർ വലിയൊരു പ്രതിസന്ധിയിലാണ്. ക്യാമ്പിലെ ജീവിതം ബുദ്ധിമുട്ടേറിയതാണെങ്കിലും പൊതുവെ സുരക്ഷിതമാണ്. ഗ്രാമത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ സംരക്ഷണം നൽകാമെന്ന് നൈജീരിയൻ സൈന്യം അറിയിച്ചിട്ടുണ്ടെങ്കിലും, ആ പ്രദേശം ഇപ്പോഴും തീവ്രവാദികളുടെ സാന്നിധ്യമുള്ള ഇടമാണ്.

യെൽവതയിൽ നിന്നുള്ള മറ്റൊരു വിശ്വാസിയായ അജിയ തന്റെ കുടുംബത്തോടൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എന്നാൽ അവിടെയുള്ള ഭീതിജനകമായ സാഹചര്യം അവർ നേരിട്ട് അനുഭവിക്കുകയാണ്. “ഞങ്ങൾക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല, കാരണം ഫുലാനി തീവ്രവാദികൾ ഇപ്പോഴും തൊട്ടടുത്തു തന്നെയുണ്ട്. കൃഷിയിടങ്ങളിലേക്ക് പോകാൻ ഞങ്ങൾക്ക് ഭയമാണ്. പുഴയിൽ നിന്ന് വെള്ളം കോരാൻ പോലും ഭയപ്പാടോടെയാണ് ഞങ്ങൾ പോകുന്നത്.” അവർ വിശദീകരിക്കുന്നു.

ഇത്തരം സാഹചര്യങ്ങൾ മൂലമാണ് അജിയയെപ്പോലെ സ്വന്തം മണ്ണിൽ കൃഷി ചെയ്യാൻ കഴിയാത്ത മനുഷ്യർക്ക് ഭക്ഷണം എത്തിച്ചുനൽകാൻ ‘ഓപ്പൺ ഡോർസ്’ മുൻപന്തിയിലെത്തിയത്. യെൽവതയിലെ ഭൂരിഭാഗം ആളുകളും സ്വന്തം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്; വിതയ്ക്കാനോ കൊയ്യാനോ സാധിച്ചില്ലെങ്കിൽ അവർ പട്ടിണിയിലാകും.

മേരിയും അജിയയും അനുഭവിച്ച കാര്യങ്ങൾ നൈജീരിയയിലെ ആയിരക്കണക്കിന് ക്രൈസ്തവരുടെയും സബ്-സഹാറൻ ആഫ്രിക്കയിലെ ദശലക്ഷക്കണക്കിന് വിശ്വാസികൾ നേരിടുന്ന ഇന്നത്തെ അവസ്ഥയാണ്. അക്രമങ്ങൾ ജനങ്ങളെ സ്വന്തം വീടുകളിൽ നിന്ന് പുറന്തള്ളുകയും സഭയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.