വിദേശ ഫണ്ട് കേസിൽ ശിക്ഷ ചോദ്യം ചെയ്ത് കർദിനാൾ ജോസഫ് സെൻ സമർപ്പിച്ച അപ്പീൽ ഹോങ്കോങ് കോടതി തള്ളി

ഏഷ്യയിലെ പ്രമുഖ കത്തോലിക്കാ സഭാധ്യക്ഷനും ഹോങ്കോങ്ങിലെ ബിഷപ്പ് എമരിറ്റസുമായ കർദിനാൾ ജോസഫ് സെന്നിന്റെ അപ്പീൽ ഹർജി ഹോങ്കോങ് കോടതി തള്ളി. വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ച കേസിൽ തനിക്കെതിരെ ചുമത്തിയ പിഴശിക്ഷ ഒഴിവാക്കണമെന്നും ശിക്ഷാവിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് 92-കാരനായ കർദിനാൾ സെൻ അപ്പീൽ നൽകിയിരുന്നത്.

ജനാധിപത്യ പ്രക്ഷോഭകരെയും രാഷ്ട്രീയ തടവുകാരെയും നിയമപരമായും സാമ്പത്തികമായും സഹായിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ‘612 ഹ്യുമാനിറ്റേറിയൻ റിലീഫ് ഫണ്ട്’ എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് കേസ്. രജിസ്ട്രേഷൻ പൂർത്തിയാക്കാതെയാണ് ഫണ്ട് പ്രവർത്തിച്ചതെന്നാരോപിച്ച് കർദിനാൾ സെൻ ഉൾപ്പെടെയുള്ള ട്രസ്റ്റികൾക്ക് 2022-ൽ കോടതി പിഴ ചുമത്തിയിരുന്നു. മുൻപ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കുന്നതാണെന്നും, സൊസൈറ്റീസ് ഓർഡിനൻസ് പ്രകാരം സംഘടന രജിസ്റ്റർ ചെയ്യുന്നതിൽ ട്രസ്റ്റികൾക്ക് വീഴ്ച സംഭവിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് അപ്പീൽ കോടതി തള്ളിയത്.

ജീവകാരുണ്യവും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യമിട്ട് പ്രവർത്തിച്ച ഫണ്ടിനെ സാദാ സൊസൈറ്റിയായി കാണാനാകില്ലെന്നും, ചുമത്തപ്പെട്ട കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു കർദിനാൾ സെന്നിന്റെ വാദം. ജനങ്ങളുടെ അവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് കർദിനാൾ ജോസഫ് സെൻ. ചൈന ഹോങ്കോങ്ങിൽ നടപ്പിലാക്കിയ കർശനമായ ദേശീയ സുരക്ഷാ നിയമത്തിന് (National Security Law) കീഴിലാണ് ജനധിപത്യ അനുകൂലികളായ നേതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചു വരുന്നത്.

കർദിനാൾ സെന്നിനെതിരെയുള്ള വിചാരണ നടപടികളും കോടതി വിധിയും ആഗോളതലത്തിൽ മനുഷ്യാവകാശ സംഘടനകളുടെയും കത്തോലിക്കാ സഭയുടെയും ശക്തമായ ആശങ്കയ്ക്കും വിമർശനത്തിനും കാരണമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.