
“അവന്റെ ജീവിതം ഒരത്ഭുതമാണ്! അവൻ എങ്ങനെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചോ അതുപോലെ തന്നെയാണ് അവനിപ്പോൾ ജീവിക്കുന്നത്” – ടാസിയ എന്ന അമ്മ തന്റെ മകനെക്കുറിച്ച് സന്തോഷത്തോടെ പങ്കുവയ്ക്കുന്നതാണിത്. ഡൗൺ സിൻഡ്രോം ബാധിതനായ മകൻ മിഗുവൽ ആദ്യമായി അൾത്താരശുശ്രൂഷി ആയതിന്റെ സന്തോഷമാണ് ടാസിയയുടെ വാക്കുകളിൽ പ്രകടമാകുന്നത്.
ഒക്‌ടോബർ, ഡൗൺ സിൻഡ്രോം അവബോധ മാസമാണ്. ഈ അവസരത്തിന്റെ ബഹുമാനാർഥം, ഒമ്പതുവയസ്സുള്ള മിഗുവൽ ലോപ്‌സ് ബ്രസീലിലെ പിരാസികാബയിലെ പരോക്വിയ സാന്താ റോസാ ഡി ലിമയിൽ അൾത്താരശുശ്രൂഷിയായി മാറിയ സന്തോഷകരമായ സന്ദർഭത്തെ പങ്കുവയ്ക്കുകയാണ്. ഗർഭിണി ആയതിന്റെ ഏഴാം മാസത്തിൽ കുട്ടിക്ക് ഡൗൺ സിൻഡ്രോം ഉണ്ടെന്നു കണ്ടെത്തിയപ്പോൾ അബോർഷൻ ചെയ്യാൻ ഡോക്ടർ നിർബന്ധിച്ചെങ്കിലും ടാസിയയും ഭർത്താവും അതിനു മുതിർന്നില്ല. അങ്ങനെ മിഗുവേൽ ജനിച്ചു.
കുട്ടിയായിരുന്നപ്പോൾ മുതൽ ഈ കുടുംബം സാന്താ റോസാ ഡി ലിമ ദൈവാലയത്തിലായിരുന്നു വിശുദ്ധ കുർബാനക്കായി പൊയ്‌ക്കൊണ്ടിരുന്നത്. ഇടവകയിലെ വേദപാഠ ക്ലാസുകളിൽ പങ്കെടുത്തിരുന്നതിനാൽ അൾത്താരശുശ്രൂഷിയാകാൻ പേര് നൽകേണ്ട സമയത്തുതന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ മിഗുവേൽ അവന്റെ പേര് രജിസ്റ്റർ ചെയ്തു. അങ്ങനെ മറ്റു കൂട്ടുകാരോടൊപ്പം മിഗുവേൽ അൾത്താരശുശ്രൂഷിയായി. സന്തോഷം നിറഞ്ഞ മുഖവുമായി മിഗുവേൽ ശുശ്രൂഷ ചെയ്തപ്പോൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത എല്ലാവരും ഒരുപോലെ സന്തോഷത്താൽ നിറഞ്ഞു. മിഗുവേലും കൂട്ടുകാരും ആദ്യമായാണെങ്കിലും അതിന്റെ യാതൊരു കുറവുമില്ലാതെ എല്ലാ കാര്യങ്ങളും വ്യക്തമായും അനായാസമായും നിർവഹിക്കുകയും ചെയ്തു.
ഇതിനോടകം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ മിഗുവേൽ, സ്പെഷ്യൽ സ്‌കൂളിലല്ല പഠിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ധാരാളം സുഹൃത്തുക്കളുള്ള മിഗുവേൽ, വിവിധ തെറാപ്പികളിലും പങ്കെടുക്കുന്നു. ഇതുവരെയുള്ള അനുഭവത്തിൽ മിഗുവേലിന്റെ അമ്മ പറയുന്നത് ഇപ്രകാരമാണ്: “അവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നു അവർ പറഞ്ഞാൽ നമ്മൾ അത് അനുസരിക്കണം.”
അൾത്താരശുശ്രൂഷിയായി തുടരാൻ നിരവധി വർഷങ്ങൾ ഇനിയും മിഗുവേലിന്റെ മുൻപിലുണ്ട്. ഈ കാലയളവ് നല്ല കാര്യങ്ങൾക്കുള്ള മുന്നോടിയാകില്ലെന്ന് ആരറിഞ്ഞു.




