
2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രക്ഷാപ്രവർത്തകർക്കായും തുടർന്ന് ഗ്രൗണ്ട് സീറോയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മരണപ്പെട്ടവർക്കായും ഇറ്റലിയിലെ പുരാതന നിർമ്മാണശാല നിർമ്മിച്ച പ്രത്യേക വെങ്കലമണി ന്യൂയോർക്കിൽ അനാച്ഛാദനം ചെയ്തു. ഇറ്റലിയിലെ അന്യോണെയിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ മരിനെല്ലി പൊന്തിഫിക്കൽ ബെൽ ഫൗണ്ട്രി നിർമ്മിച്ച 200 പൗണ്ട് ഭാരമുള്ള മണിയാണ് ന്യൂയോർക്ക് സിറ്റി ഫയർ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വച്ച് പുറത്തെടുക്കുകയും ആശീർവദിക്കുകയും ചെയ്തത്.
മധ്യകാലഘട്ടം മുതൽ പ്രവർത്തിക്കുന്ന മരിനെല്ലി ഫൗണ്ട്രി, വൈദ്യുതി ഉപയോഗിക്കാതെ പൂർണ്ണമായും കൈകൊണ്ട് നിർമ്മിക്കുന്ന പരമ്പരാഗത രീതിയിലാണ് ഈ മണി വാർത്തെടുത്തത്. കളിമണ്ണ്, മെഴുക്, വെങ്കലം എന്നിവ ഉപയോഗിച്ച് നാലുമാസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഈ മണിയുടെ നിർമ്മാണം ഇവർ പൂർത്തിയാക്കിയത്.
ഭീകരാക്രമണ ദിവസം ജീവൻ വെടിഞ്ഞ ഫയർഫൈറ്റർമാർക്കു പുറമെ, പൊലീസുകാർ, ഇഎംഎസ് (EMS) ജീവനക്കാർ, മിലിട്ടറി അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ എല്ലാ രക്ഷാപ്രവർത്തകരുടെയും ഓർമ്മ പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മണി നിർമ്മിച്ചിരിക്കുന്നത്. ആക്രമണത്തിനു ശേഷം ഗ്രൗണ്ട് സീറോയിലെ വിഷവാതകവും പൊടിയും ശ്വസിച്ച് അർബുദവും ശ്വാസകോശ രോഗങ്ങളും ബാധിച്ച് പിന്നീട് മരണമടഞ്ഞ നൂറുകണക്കിന് രക്ഷാപ്രവർത്തകർക്കുള്ള (Ground Zero Responders) പ്രത്യേക ആദരവ് കൂടിയാണിത്.
ന്യൂയോർക്ക് സിറ്റി ഫയർ മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ഡൊമിനിക് ഡിറൂബിയോയും മരിനെല്ലി ഫൗണ്ട്രി ഉടമ പാസ്ക്വേൽ മരിനെല്ലിയും ചേർന്നാണ് മണി അനാച്ഛാദനം ചെയ്തത്. ന്യൂയോർക്കിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലും ഫയർ മ്യൂസിയത്തിലും പ്രദർശിപ്പിച്ചിരിക്കുന്ന ഈ വെങ്കലമണി, ദുരന്തത്തിന്റെ ഓർമ്മകൾക്കപ്പുറം അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി നിലകൊള്ളും.




