സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ഒരു ബിസിനസുകാരൻ നടത്തുന്ന ആത്മീയ യാത്ര

“ഞാൻ ഒരു ബിസിനസുകാരൻ എന്ന നിലയിൽ ജീവിക്കുന്നത് അവസാനിപ്പിച്ചു, പകരം ബിസിനസ് ചെയ്യുന്ന ഒരു കത്തോലിക്കനായി ജീവിക്കാൻ തുടങ്ങി…” പ്രമുഖ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ‘ദി പാപ്പൽ ഫൗണ്ടേഷന്റെ’ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ വാർഡ് ഫിറ്റ്സ്ഗെറാൾഡിന്റെ വാക്കുകളാണിത്. ലോകമെമ്പാടും ഉള്ള അനേകം ആളുകളെ സഹായിക്കാനായി ദൈവം ഉപകരണമാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സഭയുടെ ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായികൊണ്ട് താൻ കണ്ടെത്തിയ ദൈവസ്നേഹം അനേകരിലേയ്ക്ക് പകരുവാൻ ഈ മനുഷ്യന് കഴിഞ്ഞു. അതിനു തനിക്ക് പ്രചോദനമായ ആത്മീയ മാറ്റത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അദ്ദേഹം.

കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽ ഫിറ്റ്സ്ഗെറാൾഡിന്റെ വിശ്വാസജീവിതം അത്ര സജീവമായിരുന്നില്ല. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അയൽപക്കത്തെ ഒരു കത്തോലിക്കാ കുടുംബത്തിന്റെ ജീവിതസാക്ഷ്യം കണ്ടാണ് അദ്ദേഹം കത്തോലിക്കാ സ്കൂളിൽ ചേരുന്നതും വിശ്വാസത്തിലേക്ക് അടുക്കുന്നതും. തുടർന്ന്, ഫിലാഡൽഫിയയിൽ ജോലി ചെയ്യുന്ന കാലത്ത്, ദിവസവും ദൈവത്തിനായി അല്പം സമയം മാറ്റിവെക്കണമെന്ന ചിന്ത അദ്ദേഹത്തിൽ ശക്തമായി. അങ്ങനെയാണ് ദിവസേനയുള്ള വിശുദ്ധ കുർബാന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്.

2000-ൽ ഫാ. ജോൺ കോണർ എന്ന വൈദികനുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ പൂർണ്ണമായി മാറ്റിയത്. മുൻപ് ജോലി, കുടുംബം, വിനോദം എന്നിവയ്‌ക്കൊപ്പം ദൈവത്തെയും ജീവിതത്തിലെ പല തൂണുകളിൽ ഒന്നായി മാത്രമാണ് താൻ കണ്ടിരുന്നതെന്ന് ഫിറ്റ്സ്ഗെറാൾഡ് ഓർക്കുന്നു. എന്നാൽ “ജീവിതത്തിന് ഒരൊറ്റ അടിത്തറയേ ഉള്ളൂ, അത് ക്രിസ്തുവാണ്; ബാക്കിയെല്ലാം അവനിൽ അധിഷ്ഠിതമായിരിക്കണം” എന്ന വൈദികന്റെ ഉപദേശം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. ഇതോടെയാണ് താൻ കേവലം ഒരു ബിസിനസുകാരനല്ല, മറിച്ച് ബിസിനസ്സ് ചെയ്യുന്ന ഒരു കത്തോലിക്കനാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായത്.

ഈ തിരിച്ചറിവാണ് പേപ്പൽ ഫൗണ്ടേഷനിലൂടെ ലോകമെമ്പാടുമുള്ള ദരിദ്രരെ സഹായിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. മെക്സിക്കോയിലെ നിർധനരായ കുട്ടികളുടെ പുനരധിവാസം, എൽ സാൽവദോറിലെ ഓർഫനേജുകൾ, യുദ്ധബാധിതമായ ഉക്രെയ്നിലെ മെഡിക്കൽ ക്ലിനിക്കുകൾ എന്നിവയുൾപ്പെടെയുള്ള ഫൗണ്ടേഷന്റെ പദ്ധതികൾ അദ്ദേഹം നേരിട്ട് സന്ദർശിക്കാറുണ്ട്.

പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കാൻ കത്തോലിക്കാ സഭയേക്കാൾ മികച്ച മറ്റൊരു സംവിധാനം ലോകത്തില്ലെന്ന് ഫിറ്റ്സ്ഗെറാൾഡ് സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും, ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിൽ പോലും ഒരു വൈദികനെയോ സിസ്റ്ററെയോ മിഷനറിയെയോ കണ്ടെത്താനാകും. ഈ ആഗോള ശൃംഖലയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ അർഹരായവരിലേക്ക് കൃത്യമായി എത്തിക്കാൻ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.