
നമ്മുടെ ജീവിതത്തിൽ നാം പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ‘മറ്റുള്ളവര്‍ എന്ത് പറയും’ എന്ന ചിന്തയാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിതപ്രാധാന്യം നൽകി, സ്വന്തം തീരുമാനങ്ങളെ മാറ്റിവയ്ക്കുന്നവരാണ് നമ്മളിൽ പലരും. ഈ ചിന്താഗതി എങ്ങനെയാണ് നമ്മുടെ ജീവിതത്തെ വഴിതെറ്റിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു പഴയ കഥയുണ്ട്.
ഒരിക്കൽ ഒരു അപ്പനും മകനും തങ്ങളുടെ കഴുതയുമായി ചന്തയിലേക്ക് പുറപ്പെട്ടു. വഴിയരികിൽ കണ്ടവർ ഓരോരുത്തരും ഓരോ അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു. അവർ കഴുതയെ നടത്തിക്കൊണ്ടുപോകുന്നത് കണ്ടപ്പോൾ, “എന്തിനാണ് നിങ്ങൾ കഴുതയെ കൊണ്ടുനടക്കുന്നത്? അതിൽ കയറി സഞ്ചരിച്ചുകൂടെ” എന്ന് ഒരാൾ ചോദിച്ചു. ആ ഉപദേശം കേട്ട് പിതാവ് മകനെ കഴുതപ്പുറത്ത് കയറ്റി. അൽപം ദൂരം പിന്നിട്ടപ്പോൾ മറ്റൊരു കൂട്ടർ പറഞ്ഞു: “എന്ത് സ്വാർഥനായ മകനാണ്. അപ്പന്‍ നടക്കുമ്പോൾ മകൻ സുഖമായി കഴുതപ്പുറത്ത് ഇരിക്കുന്നത് കണ്ടില്ലേ?” ഇതുകേട്ട് പിതാവ് മകനെ താഴെയിറക്കി. എന്നിട്ട് അയാള്‍ കഴുതപ്പുറത്ത് കയറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത കൂട്ടർ പരിഹസിച്ചു: “കഷ്ടം! ചെറിയ കുട്ടിയെ നടത്തിച്ച് ഈ മനുഷ്യൻ കഴുതപ്പുറത്ത് ഇരിക്കുന്നത് എന്ത് ക്രൂരതയാണ്!” അതോടെ അയാളും മകനും കൂടി കഴുതപ്പുറത്ത് കയറി ഇരുന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞു: “ഒരു പാവം കഴുതയുടെ പുറത്ത് രണ്ടുപേര്‍ കയറിയിരിക്കുന്നത് ഒട്ടും ശരിയല്ല!”
ഇത് കേട്ടതോടെ അവര്‍ രണ്ടുപേരും താഴെയിറങ്ങി. ഇനി എന്തുചെയ്യണമെന്ന് അറിയാതെ കുറച്ചു സമയം വെറുതെ നിന്നു. അവസാനം, സംശയവും പരിഭ്രമവും കാരണം പിതാവും മകനും കൂടി കഴുതയെ തോളിൽ വച്ച് നടക്കാൻ തീരുമാനിച്ചു. കഴുതയുടെ രണ്ടു കാലുകളും കെട്ടിയിട്ട് അവര്‍ കഴുതയെ ചുമന്നുകൊണ്ട് നടന്നു. ഈ കാഴ്ച കണ്ട് നാട്ടുകാർ പൊട്ടിച്ചിരിക്കാനും അവരെ കളിയാക്കാനും തുടങ്ങി. ഒടുവിൽ, ഒരു പാലത്തിനടുത്തെത്തിയപ്പോൾ ഉണ്ടായ ചെറിയൊരു അബദ്ധത്തിൽ കഴുത അവരുടെ തോളില്‍ നിന്നും തെന്നി പുഴയിലേക്കു വീഴുകയും ചത്തുപോകുകയും ചെയ്തു.
ഇതെല്ലം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധന്‍ അപ്പോള്‍ ആ അപ്പനോടും മകനോടും പറഞ്ഞു: “നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടു. പക്ഷേ, ആരുടെയും അഭിപ്രായം മനസ്സിലാക്കിയില്ല. എല്ലാവരെയും പ്രീതിപ്പെടുത്താൻ നോക്കിയപ്പോൾ നിങ്ങൾ സ്വന്തം വിവേകം കളഞ്ഞു. എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പോയാലുള്ള പ്രശ്നമിതാണ്. നിങ്ങള്‍ക്ക് ഉള്ള സമാധാനം കൂടി പോകും.”
ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പാഠമാണ്. ആളുകള്‍ നമ്മെക്കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ പറയും. അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ പോയാല്‍ നമ്മള്‍ പരാജയപ്പെടുകയേ ഉള്ളൂ. ആളുകള്‍ വെറുതെ പറയുന്നതാണ്. എന്തെങ്കിലുമൊക്കെ പറയാന്‍ വേണ്ടി മാത്രം പറയുന്നതാണ്. പറയുന്നവര്‍ പോലും അതിനെ കാര്യമായിട്ട് എടുക്കാറില്ല. പക്ഷേ, കേള്‍ക്കുന്ന നാം പലപ്പോഴും അവയെ കാര്യമായി പരിഗണിക്കാറുണ്ട്. അതിന്റെ ആവശ്യമില്ല.
നാം നടക്കുമ്പോൾ ആളുകൾ വിമർശിക്കും, ഇരിക്കുമ്പോൾ വിമർശിക്കും, ഇനി ഒന്നും ചെയ്തില്ലെങ്കിലും വിമർശിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ഓരോ നിമിഷവും നമ്മുടെ പാത മാറ്റിക്കൊണ്ടിരുന്നാൽ, ഒരിക്കലും നാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നോക്കി നമ്മൾ സ്വന്തം സന്തോഷത്തെയും ലക്ഷ്യങ്ങളെയും ബലികൊടുക്കാന്‍ പാടില്ല. ഒരു കാര്യം ഓർക്കുക, ഉപദേശം നൽകുക എന്നത് മറ്റുള്ളവർക്ക് എളുപ്പമാണ്. പക്ഷേ, ആ ജീവിതം നയിക്കേണ്ടത് നമ്മളാണ്. നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവർക്കല്ല, നമുക്കു മാത്രമാണ്.
ഇനി ആരെങ്കിലും നമ്മുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ഈ കഥ ഓർക്കുക. എല്ലാ അഭിപ്രായങ്ങളും കേൾക്കാം, പക്ഷേ തീരുമാനങ്ങൾ നമ്മുടേതായിരിക്കണം. നമ്മുടെ ഉള്ളിൽ ഒരു ശബ്ദമുണ്ട്, അത് കേൾക്കാൻ നാം പഠിക്കണം. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നോക്കി അവസാനം ഒന്നും നേടാതെ പോകുന്നതിനേക്കാൾ, സ്വന്തം പാതയിൽ ഉറച്ചുനിന്ന് ലക്ഷ്യം കാണുന്നതാണ് ജീവിതത്തിലെ വിജയം.
നമ്മളെടുക്കുന്ന തീരുമാനങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ, ജീവിതം നമ്മുടേതാണെന്ന് നമ്മള്‍ ഓര്‍മ്മിക്കണം. ലക്ഷ്യത്തിലേക്കു സഞ്ചരിക്കുമ്പോൾ, വിമർശനങ്ങളേക്കാൾ വലുതായി നമ്മുടെ ആത്മവിശ്വാസത്തെ കാണുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ അമിതമായി ആശ്രയിക്കാതെ, സ്വന്തം കഴിവില്‍ വിശ്വസിക്കാൻ തുടങ്ങുന്ന അന്നുമുതൽ നമ്മള്‍ ഒരു പുതിയ മനുഷ്യനായി മാറുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




