

ഈശോയുടെ തിരുമുറിവുകളുടെ സി. റൊസാരിയോ, ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് മിണ്ടാമഠത്തിൽ പ്രവേശിക്കുന്നത്. 2026 ജൂൺ അഞ്ചിനായിരുന്നു നിത്യവ്രതവാഗ്ദാനം. ഏകമകൾ മിണ്ടാമഠത്തിൽ ചേരണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അമ്മ ദൈവഹിതത്തിന് മുൻപിൽ ‘ആമ്മേൻ’ പറയുകയായിരുന്നു. എന്നാൽ, റൊസാരിയോ നിഷ്പാദുക കർമ്മലീത്താ സന്യാസിനീ സമൂഹത്തിൽ പ്രവേശിച്ച് പതിമൂന്നാം നാൾ ഒരു ആക്സിഡന്റിൽ മമ്മി മരണമടഞ്ഞു. പക്ഷേ, പ്രതിസന്ധികൾ, ദൈവത്തോട് കൂടുതൽ അടുക്കാനുള്ള വഴികളായാണ് സി. റൊസാരിയോയുടെ മുൻപിൽ തെളിഞ്ഞുവന്നത്. തുടർന്ന് വായിക്കുക!
ദൈവവിളിയുടെ തുടക്കവും കർമ്മല ഭക്തിയും
ചങ്ങനാശേരി വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് ഇടവകാംഗമായ സി. റൊസാരിയോയ്ക്ക് ചെറുപ്പം മുതലേ സന്ന്യാസജീവിതത്തോട്, പ്രത്യേകിച്ച് നിശ്ശബ്ദതയിലൂന്നിയ മിണ്ടാമഠത്തിൽ ചേരാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയുടെ കൊച്ചുപള്ളിയാണ് ഇത്. ആ ഇടവക നല്‍കിയ ആത്മീയതയിലാണ് അവള്‍ വളര്‍ന്നത്.
റൊസാരിയോയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് പപ്പ മരിക്കുന്നത്. പിന്നീട്, മമ്മിയായിരുന്നു അവളുടെ എല്ലാം. സി. റൊസാരിയോയുടെ മമ്മി ഏലിക്കുട്ടി ചമ്പക്കുളം സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ പ്യൂൺ ആയി ജോലി ചെയ്യുകയായിരുന്നു. മമ്മിയുടെ സഹോദരി സി.എം.സി (CMC) സന്ന്യാസിനീ സമൂഹാംഗമായതിനാലും, സി.എം.സി സന്ന്യാസിനിമാർ നടത്തുന്ന സ്‍കൂളിൽ പഠിച്ചതിനാലും ചെറുപ്പം മുതലേ ‘കർമ്മല മാതാവിനോടുള്ള’ ഭക്തി റൊസാരിയോയുടെ ഉള്ളിൽ വളർന്നുവന്നു. കൂടാതെ മമ്മിക്ക് ഏലിയാ പ്രവാചകനോടുള്ള വലിയ ഭക്തിയും കർമ്മല മലയെക്കുറിച്ചുള്ള വിവരണങ്ങളും റൊസാരിയോയെ കാർമ്മലേറ്റ് സന്യാസ സമൂഹത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.
ചെറുപ്പത്തിൽ മമ്മി വാങ്ങിനൽകിയ വിശുദ്ധരുടെ പുസ്തകങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവചരിത്രത്തിൽ നിന്നാണ് ‘മിണ്ടാമഠം’ എന്ന വാക്ക് അവൾ ആദ്യമായി കേൾക്കുന്നത്. മൂന്ന് വയസ്സുള്ളപ്പോൾ മുതൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയങ്ങളിലെല്ലാം വിശുദ്ധരുടെ ജീവിതത്തിലെ പ്രായശ്ചിത്തങ്ങളും മാതൃകകളും അതേപടി അനുകരിക്കാൻ റൊസാരിയോ ശ്രമിച്ചിരുന്നു. ‘നവമാലിക’, വിശുദ്ധ യോഹന്നാൻ ക്രൂസിന്റെ ‘കാര്‍മ്മല മല കയറ്റം’ (അധ്യായം 13) തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി. “ഇഷ്ടമുള്ളതിലേക്കല്ല, ഇഷ്ടമില്ലാത്തതിലേക്ക്; ഏറ്റവും എളുപ്പമുള്ളതിലേക്കല്ല, കഠിനമായതിലേക്ക്” എന്ന വചനം സന്യാസജീവിതത്തിൽ ഉറച്ചുനിൽക്കാൻ സി. റൊസാരിയോയ്ക്ക് കരുത്തേകി. പന്ത്രണ്ടാം ക്ലാസ് വരെ ടി.വിയോ, പുറമെ നിന്നുള്ള നോവലുകളോ ഒന്നും കാണാതെയും വായിക്കാതെയുമായിരുന്നു അവൾ വളർന്നത്. പിന്നീട് ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ നിന്നും മലയാളത്തിൽ ഡിഗ്രി പൂർത്തിയാക്കി.
തടസ്സങ്ങളും അദ്ഭുതകരമായ അടയാളവും
പത്താം ക്ലാസ് കഴിഞ്ഞും പ്ലസ് ടു കഴിഞ്ഞും മഠത്തിൽ ചേരാൻ അനുവാദം ചോദിച്ചെങ്കിലും മമ്മി സമ്മതിച്ചില്ല. എങ്കിലും റൊസാരിയോ പ്രാർഥനയോടെ കാത്തിരുന്നു. പിന്നീട് നല്ലതണ്ണിയിൽ പ്രാർഥിക്കാൻ ചെന്നപ്പോൾ ഫാ. സേവ്യർ കൂടപ്പുഴ അച്ചനാണ്, ഡിഗ്രി കഴിഞ്ഞും ആഗ്രഹമുണ്ടെങ്കിൽ പിന്നെ താമസിക്കണ്ട, മിണ്ടാമഠത്തിൽ പോകണമെന്ന് നിർദേശിച്ചത്.
എങ്കിലും എങ്ങനെ, എവിടെ പോകണമെന്നത് ഒരു വലിയ ആശങ്കയായി അവശേഷിച്ചു. അങ്ങനെ വീട്ടിലെ ലൈബ്രറിയിൽ നിന്ന് ‘നവമാലിക’ എടുത്ത് വായിച്ചു. വല്ലാത്തൊരു ആത്മസംഘർഷം റൊസാരിയോയെ അലട്ടി. പെട്ടെന്ന് ടി. വി ഓൺ ചെയ്തപ്പോൾ ശാലോം ടി.വിയിലെ ‘മാർത്ത, മേരി’ പ്രോഗ്രാമിലൂടെ ഇപ്പോൾ താൻ ആയിരിക്കുന്ന മിണ്ടാമഠത്തെക്കുറിച്ചുള്ള വിവരണങ്ങൾ ആയിരുന്നു കണ്ടത്; പിന്നീട്, ഫോൺ നമ്പറും ലഭിച്ചു. ഫോൺ വിളിച്ച് സംസാരിച്ചെങ്കിലും ഡിഗ്രി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ബാക്കിയുണ്ടായിരുന്നു. മമ്മിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അനുവാദമില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന താക്കീതാണ് ലഭിച്ചത്.
എന്നാൽ 2017 ഓഗസ്റ്റിൽ ഹോം മിഷന്റെ ഭാഗമായി നസ്രത്ത് സിസ്റ്റേഴ്സ് വീട്ടിൽ വന്നത് വഴിത്തിരിവായി. റൊസാരിയോയുമായുള്ള സംഭാഷണത്തിനൊടുവിൽ ഒരു സിസ്റ്റർ മമ്മിയുടെ മുൻപിൽ വെച്ച് ബൈബിൾ തുറന്ന് ഒരു വചനമെടുത്തു. ബാറൂക്കിന്റെ പുസ്തകത്തിലെ അവസാന വചനമായ “ആകയാൽ, വിഗ്രഹങ്ങളില്ലാത്ത നീതിമാൻ ഭാഗ്യവാൻ” എന്നതായിരുന്നു അത്. “നിങ്ങളുടെ വിഗ്രഹം നിങ്ങളുടെ മകളാണ്” എന്ന് സിസ്റ്റർ പറഞ്ഞതോടെ മമ്മി വിഷമത്തിലാവുകയും, ഈ ദൈവവിളി ശരിയാണോ എന്നറിയാൻ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു ‘അടയാളം’ ദൈവത്തോട് ചോദിക്കുകയും ചെയ്തു. എന്നാൽ അദ്ഭുതകരമായി ആ അടയാളം സംഭവിക്കുകയും അങ്ങനെ മമ്മി അനുവാദം നൽകുകയും ചെയ്തു.
മമ്മിയുടെ വിയോഗവും മഠത്തിലേക്കുള്ള പ്രവേശനവും
2017 സെപ്റ്റംബർ മാസത്തിൽ മഠത്തിൽ ചേരാനുള്ള ഇന്റർവ്യൂ കഴിഞ്ഞു. ഒക്ടോബർ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാൾ ദിവസം റൊസാരിയോ ദൈവവിളി ക്യാമ്പിനായി മിണ്ടാമഠത്തിൽ എത്തി. റൊസാരിയോയെ മഠത്തിൽ ആക്കിയിട്ടു പോയി പതിമൂന്നാമത്തെ ദിവസം, ഒക്ടോബർ 20-ന്, ജോലി കഴിഞ്ഞു വരുമ്പോൾ ഉണ്ടായ ഒരു റോഡ് അപകടത്തിൽ മമ്മിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെന്റിലേറ്ററിലായിരുന്ന മമ്മിയെ കാണാൻ റൊസാരിയോ എത്തി.”അങ്ങയുടെ ഹിതം അതാണെങ്കിൽ മമ്മിയെ വിളിച്ചോളൂ” എന്ന് ദൈവഹിതത്തിന് പൂർണ്ണമായി വിട്ടുകൊടുത്തു പ്രാർഥിച്ചു. ഒക്ടോബർ 23-ന് മമ്മി മരണമടഞ്ഞു.
മമ്മിയുടെ മരണശേഷം ഒരു മാസം വീട്ടിൽ നിന്നതിനു ശേഷമാണ് ക്യാമ്പ് പൂർത്തിയാക്കാൻ സി. റൊസാരിയോ മഠത്തിൽ തിരിച്ചെത്തിയത്. മൂന്ന് മാസത്തെ ക്യാമ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മദറിന്റെ നിർദേശപ്രകാരം വീട്ടിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ക്രമീകരിച്ചു.
പിന്നീട് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ പോസ്റ്റുലൻസിയിൽ പ്രവേശിച്ചു. 2019 മെയ് 13 ന് സന്യാസവസ്ത്രം സ്വീകരിച്ച് കാനോനിക്കൽ നോവിഷ്യറ്റിലേക്ക് പ്രവേശിച്ചു. രണ്ടു വർഷത്തിനു ശേഷം 2021 ജൂൺ അഞ്ചിനായിരുന്നു ആദ്യവ്രതവാഗ്ദാനം. 2026 ജൂൺ അഞ്ചിന് നിത്യവ്രത വാഗ്ദാനവും നടത്തി സി. റൊസാരിയോ പൂർണ്ണമായും ഈശോയുടേതായി മാറി.
മലയാറ്റൂർ മിണ്ടാമഠത്തിലെ ജീവിതവും ദിനചര്യയും
നിലവിൽ മലയാറ്റൂരിലുള്ള സമൂഹത്തിൽ 11 അംഗങ്ങളാണ് ഉള്ളത്. സി. ആഗ്നസ് ആണ് ഇവിടത്തെ മദർ സുപ്പീരിയർ. ഇന്ത്യയിൽ ആകെ 35 കർമ്മലീത്താ മിണ്ടാമഠങ്ങളും കേരളത്തിൽ എട്ടെണ്ണവുമാണുള്ളത്. ബാഹ്യലോകവുമായി വലിയ സമ്പർക്കമില്ലാതെ, കഠിനമായ പ്രാർഥനയിലും അദ്ധ്വാനത്തിലും അധിഷ്ഠിതമായ ജീവിതമാണ് മിണ്ടാമഠത്തിൽ ഈ സന്യാസിനിമാർ നയിക്കുന്നത്. മഠത്തിലേക്ക് ആവശ്യമായ പച്ചക്കറികൾ ഈ സന്ന്യാസിനിമാർ സ്വയം കൃഷി ചെയ്താണ് ഉണ്ടാക്കുന്നത്. പുറത്തുനിന്ന് ആവശ്യമുള്ള സാധനങ്ങൾ അടുത്തുള്ള ആളുകൾ വാങ്ങി നൽകാറുണ്ട്. അമ്മത്രേസ്യയുടെ നിയമാവലി പ്രകാരം ദിവസം രണ്ട് മണിക്കൂർ മാനസിക പ്രാർഥനയ്ക്കും രണ്ട് മണിക്കൂർ ഉല്ലാസത്തിനുമായി മാറ്റിവെച്ചിരിക്കുന്നു.
ബാഹ്യലോകത്ത് നിന്നാൽ ഒത്തിരി യുവജനങ്ങളെ ഈശോയിലേക്ക് അടുപ്പിക്കാമല്ലോ എന്ന് പലരും ചോദിച്ചപ്പോഴും, “അങ്ങനെയെങ്കിൽ എന്റെ ആത്മാവ് നഷ്ടപ്പെട്ടാലോ” എന്ന തിരിച്ചറിവും, നിശബ്ദതയിൽ രഹസ്യാത്മക ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഈശോയോടുകൂടെ ആയിരിക്കാനുമുള്ള തീക്ഷ്ണമായ ആഗ്രഹവുമാണ് സി. റൊസാരിയോയെ ഈ മിണ്ടാമഠത്തിൽ എത്തിച്ചത്.
മലയാറ്റൂരിലുള്ള മിണ്ടാമഠത്തിലെ നാലു ചുവരുകൾക്കുള്ളിൽ അടയ്ക്കപ്പെട്ട ജീവിതമല്ല ഈ സന്യാസിനിമാരുടേത്. മറിച്ച്, ലോകത്തിന്റെ ആവശ്യങ്ങളെ പ്രാർഥനയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ഇവർ. സി. റൊസാരിയോയുടെ ജീവിതം ഈ ആധുനിക ലോകത്തിൽ അനേകം യുവജനങ്ങൾക്ക് ഒരു പ്രചോദനമാണ്. തിരുസഭ ധാരാളം നല്ല ദൈവവിളികളാൽ സമ്പന്നമാകട്ടെ!
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




