ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു; ഉഗാണ്ടയിൽ 22-കാരൻ കൊല്ലപ്പെട്ടു

കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 22-കാരൻ കൊല്ലപ്പെട്ടു. ജൂലൈ എട്ടിന് കിബുകു ജില്ലയിലെ കസാസിറ ടൗൺ കൗൺസിലിലെ കസാസിറ വെസ്റ്റ് വില്ലേജിലെ മാർക്കറ്റിൽ നിന്ന് മടങ്ങുമ്പോഴാണ് അബുദു അമിസി എന്ന യുവാവ് കുത്തേറ്റു മരിക്കുന്നത്.

ആറുമാസം ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചതിനുശേഷമാണ് അമിസിയും കുടുംബവും ജൂൺ 22-ന് ക്രിസ്തുമതം സ്വീകരിച്ചത്. “മതം മാറിയ ഉടൻതന്നെ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ മുസ്ലീങ്ങളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്നും അതുകൊണ്ടുതന്നെ ദേവാലയവുമായി ബന്ധപ്പെട്ട ഒരു വാടകവീട്ടിലാണ് അദ്ദേഹവും കുടുംബവും രണ്ടാഴ്‌ചയോളം കഴിഞ്ഞിരുന്നതെന്നും” ക്രിസ്ത്യൻ നേതാവ് വെളിപ്പെടുത്തി.

ജൂലൈ എട്ടിന് ക്രിസ്ത്യൻ നേതാക്കളുടെ സെമിനാർ പരിശീലനത്തിനിടയിൽ കസസിറയിലെ ഒരു മാർക്കറ്റിൽ രണ്ടു യുവാക്കളോടൊപ്പം ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു അമിസി. അവിടെവച്ച് അമീസിയെ അറിയാവുന്ന ഒരു മുസ്ലീം സഹോദരൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും പത്തു മിനിറ്റോളം അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണസാധനങ്ങൾ വാങ്ങി തിരിച്ചുപോകുന്ന സമയത്താണ് ഗ്രാമവാസികൾ ആക്രമണം നടത്തിയത്.

“ഇതാ ഇസ്ലാമിനെ ഒറ്റിക്കൊടുത്തവൻ. അവൻ വെളിച്ചം കാണരുത്” എന്ന് ആക്രോശിച്ചുകൊണ്ട് അമിസിയെ ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. അക്രമികളിൽ നിന്നും അദ്ദേഹത്തെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അമിസി മരണമടയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.