
നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ കുകാവ കൗണ്ടിയിലെ ബാഗയ്ക്കടുത്തുള്ള മലാം കരന്തി ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ നിന്നുള്ള സായുധ പോരാളികൾ ക്രൈസ്തവരായ 23 കർഷകരെയും മത്സ്യത്തൊഴിലാളികളെയും കൊലപ്പെടുത്തി. അക്രമികൾ 18 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മെയ് 15 ന് രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്.
ഗ്വോസയിൽ നിന്നുള്ള കർഷകരിൽ ഭൂരിഭാഗവും കലാപകാരികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തു ജോലി ചെയ്യുന്നതിനായി പോയവരായിരുന്നു. ആക്രമണത്തിനിടെ മറ്റ് പതിനെട്ട് പേരെ തട്ടിക്കൊണ്ടുപോയി. അവർ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ബൊക്കോ ഹറാമിൽ നിന്ന് വേർപിരിഞ്ഞ ഒരു വിഭാഗമാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ നിന്നുള്ള സായുധ പോരാളികൾ (ISWAP). മേഖലയിലെ സംഘർഷ വിശകലനം ചെയ്യുന്നയാളും കലാപ വിരുദ്ധ നിരീക്ഷണ പ്രവർത്തനങ്ങളിൽ വിദഗ്ദ്ധനുമായ സാഗസോള മകാമ കൂട്ടക്കൊല സ്ഥിരീകരിച്ചു. ഗ്രാമീണ കാർഷിക, മത്സ്യബന്ധന സമൂഹങ്ങളിലെ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവണത ഈ ആക്രമണത്തിലും ഉണ്ട്.
ആംനസ്റ്റി ഇന്റർനാഷണൽ സംഘടന ഈ കൊലപാതകങ്ങളെ അപലപിച്ചു. വടക്കുകിഴക്കൻ മേഖലയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ഉത്തരവാദികളായവരെ അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യാനും നൈജീരിയൻ സർക്കാരിനോട് സംഘടന ആവർത്തിച്ചു.
സംഘർഷം കാരണം വടക്കുകിഴക്കൻ നൈജീരിയയിലുടനീളം രണ്ടു ദശലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (OCHA) പറയുന്നു.




