നോമ്പുകാലം കുടുംബങ്ങളുടെ ആത്മീയ ആഘോഷമാക്കി മാറ്റാം ഈ മാർഗങ്ങളിലൂടെ

നോമ്പുകാലത്തെ പല ആചാരങ്ങളും അവയുടെ സ്വഭാവമനുസരിച്ച് സ്വകാര്യവും വ്യക്തിപരവുമാണ്. എന്നാൽ നോമ്പ് എന്ന തയ്യാറെടുപ്പുസമയത്തെ പ്രധാനമായും കുടുംബനവീകരണത്തിനുള്ള സമയമാക്കിമാറ്റാൻ കൂടി നമുക്കു സാധിക്കണം. നമ്മുടെ കുടുംബം ഒരു സമൂഹമായതിനാൽ, മനോഹരവും പ്രധാനപ്പെട്ടതുമായ മറ്റെന്തെങ്കിലും ചെയ്യുന്നതുപോലെ, നോമ്പുകാലവും കുടുംബത്തോടൊപ്പം ഭക്തിപൂർവം നമുക്കു പങ്കിടാം. അതിനായി കുറച്ചു മാർഗങ്ങളാണ് ലൈഫ്ഡേ നിർദേശിക്കുന്നത്.

1. അത്താഴസമയം കുടുംബത്തിനുള്ള സമയമാണ്

നമുക്കെല്ലാം വലിയ തിരക്കുകളുണ്ടെങ്കിലും ഭക്ഷണസമയത്ത് കുടുംബത്തിൽ എല്ലാവരും ഒരുമിച്ചായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പകൽ നമുക്ക് എല്ലായ്‌പ്പോഴും സാധിച്ചില്ലെങ്കിലും അത്താഴസമയം നമ്മുടെ പ്രിയപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ ശ്രമിക്കാം. കുടുംബത്തിലെ എല്ലാവരും അടുത്തില്ലെങ്കിൽ അകലങ്ങളിലുള്ളവരുമായി ഒരു ഓൺലൈൻ അത്താഴം (സമയം ഒരുപോലെ ആണെങ്കിൽ) എല്ലാവർക്കും കൂടി ഒരുക്കാവുന്നതാണ്.

2. ഭക്ഷണശാലകളിലും വീട്ടിലും ഭക്ഷണത്തിനുമുമ്പ് നന്ദിപറയുക

ഭക്ഷണസമയത്തിനു മുൻപായി ദൈവത്തിനു നന്ദിപറയുന്ന ഒരു ശീലം വളർത്തിയെടുക്കാൻ ഈ നോമ്പുകാലത്ത് നമുക്കു പരിശ്രമിക്കാം. അതിനുള്ള പരിശീലനം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നുതന്നെയാണ്. എല്ലാവരും ഒരുമിച്ചെത്തുന്ന ഭക്ഷണസമയം ഒരു ചെറിയ പ്രാർഥനയോടെ ആരംഭിക്കാം. അത് ഒന്നോ, രണ്ടോ ദിവസത്തിലേക്ക് ഒതുക്കാതെ ജീവിതകാലം മുഴുവൻ തുടരുന്ന ഒരു ശീലമാക്കിയെടുക്കാം.

3. ഒരുമിച്ചു പ്രാർഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കുന്നു

ജീവിതത്തിൽ നാം നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം നമ്മുടെ പ്രശ്നങ്ങളിലേക്ക് ദൈവത്തിന്റെ സഹായം നാം യാചിക്കാത്തതാണ്. നമ്മുടെ പ്രശ്നങ്ങൾ, അത് എത്ര വലുതാണെങ്കിലും കൂട്ടായ പ്രാർഥനയിലൂടെ അവയെ നേരിടാനുള്ള കരുത്ത് ദൈവം നമുക്കു നൽകും. ഇക്കാരണത്താൽ തന്നെ കുടുംബം ഒന്നിച്ചുള്ള പ്രാർഥന അനുദിനജീവിതത്തിൽ പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാകാത്തതുമായ ഒന്നാണ്. ഈ നോമ്പുകാലത്ത് ഒന്നിച്ചിരുന്നു പ്രാർഥിക്കുന്ന ശീലം വളർത്തിയെടുക്കാനും അത് കൂടുതൽ ആഴത്തിലാക്കാനും നമുക്കു ശ്രമിക്കാം.

4. വീടിനെ അനുഗ്രഹിക്കുക

നമുക്ക് ജീവിക്കാൻ ഒരു വീടുണ്ടായിരിക്കുക എന്നത് അനുഗ്രഹപ്രദമായ ഒരു കാര്യമാണ്. ഈ ഭവനം അനുഗ്രഹിക്കപ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്, പ്രത്യേകിച്ച് നോമ്പുകാലത്ത്. ഇടവക വികാരിയോ, വൈദികസുഹൃത്തുക്കളോ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അവരുടെ സഹായം തേടാവുന്നതാണ്.

5. കുടുംബവുമൊത്ത് ജപമാല ചൊല്ലുക

“ഒരുമിച്ചു പ്രാർഥിക്കുന്ന കുടുംബം ഒരുമിച്ചുനിൽക്കും.” പ്രാർഥനയും ക്രിസ്തുവിന്റെ  വെളിച്ചവും ഒരാളുടെ വീട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള മനോഹരമായ ഒരു മാർഗമാണ് ഒന്നിച്ചു ജപമാല പ്രാർഥന ചൊല്ലുക എന്നത്. അത് അടുപ്പം, വിനയം, ആത്മീയത, ആഴത്തിലുള്ള ആത്മപരിശോധന എന്നിവ സൃഷ്ടിക്കുന്നു.

6. കുട്ടികൾക്ക് വിശ്വാസപരിശീലനം നടത്തുക

മാതാപിതാക്കൾക്ക് കുട്ടികളോടുള്ള പ്രധാന കടമ, അവരെ സ്നേഹിക്കുകയും സുരക്ഷിതരാക്കുകയും ചെയ്യുക എന്നതാണ്. മാതാപിതാക്കളും പൂർവീകരും കാത്തുസൂക്ഷിച്ച വിശ്വാസം കുട്ടികളെയും പഠിപ്പിക്കുക എന്നതും ഇതിനോടൊപ്പം പ്രധാനമാണ്. ആ അർഥത്തിൽ കുടുംബത്തിന് വിശ്വാസത്തിൽ കൂടുതൽ പഠിക്കാനും ഒരുമിച്ചുവളരാനുമുള്ള അവസരമാണ് നോമ്പുകാലം.

7. വീട്ടിൽ ഒരു ബലിപീഠം സ്ഥാപിക്കുക

വീട്ടിൽ ഒരു ബലിപീഠം സ്ഥാപിക്കുന്നത് ഒരാളുടെ വിശ്വാസത്തിന്റെ പ്രതീകമായും ശ്രദ്ധാകേന്ദ്രമായും ക്രിസ്ത്യാനികളല്ലാത്തവർക്ക് ഒരു സാക്ഷ്യമായും വർത്തിക്കും.

8. കുടുംബധ്യാനം

ജീവിതം തിരക്കു കൂടുന്നതിനനുസരിച്ച്, ധ്യാനങ്ങൾക്കായി ചെലവഴിക്കുന്ന സമയം കുറഞ്ഞുവരികയാണ്. അതിനാൽ, ഒരു കുടുംബമെന്ന നിലയിൽ എല്ലവരും ഒരുമിച്ചു ധ്യാനത്തിനായി ചെലവഴിക്കുന്നത് നിങ്ങളുമായും വീട്ടിലെ മറ്റ് അംഗങ്ങളുമായും ദൈവവുമായും കൂടുതൽ അടുക്കാൻ നിങ്ങളെ സഹായിക്കും.

9. ഇടവകപ്രവർത്തനങ്ങളിൽ സജീവമാകുക

ക്രൈസ്‌തവലോകത്തിൽ അവരുടെ എല്ലാ ഔട്ട്‌റീച്ച് പ്രോഗ്രാമുകളും നടത്താൻ മതിയായ സന്നദ്ധപ്രവർത്തകരുള്ള ഇടവകകൾ കുറവാണ്. ഇടവക വികാരിയുമായി  സംസാരിച്ച് എന്തു ശുശ്രൂഷയാണ് ആവശ്യമെന്നു മനസ്സിലാക്കി കുടുംബവുമൊത്ത് നമുക്കു സേവനം ചെയ്യാം. ഇടവകയോടു ചേർന്നുള്ള ആത്മീയത വളർത്തിയെടുക്കാൻ നോമ്പുകാലത്തോളം ഉചിതമായ സമയം വേറെയില്ല.

10. മറ്റെന്തിനേക്കാളും പ്രാധാന്യം ദൈവത്തിനു നൽകുക

നമ്മുടെ ജീവിതത്തിൽ ദൈവത്തിനു ഒന്നാം സ്ഥാനം നൽകേണ്ടത് അനിവാര്യമാണ്. നമുക്ക് സ്നേഹവും സന്തോഷവും ലഭ്യമാകണമെങ്കിൽ നാമും ദൈവസ്നേഹത്തിലായിരിക്കണം. അതിനാൽ ഈ നോമ്പുകാലത്തും തുടർന്നും നമുക്ക് ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ പ്രധാനവും ഒന്നാമതുമായി ചേർത്തുവയ്ക്കാൻ ശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.