50 നോമ്പ് ധ്യാനം 21: ചാട്ടവാര്‍ – ശുദ്ധീകരണത്തിന്റെ അടയാളം

അന്നാദ്യമായി ക്രിസ്തുവിന്റെ കൈവശം ഒരു ചമ്മട്ടി കണ്ടു. ദൈവാലയം ശുദ്ധീകരിക്കുന്ന ക്രിസ്തുവിന്റെ രംഗപ്രവേശനമായിരുന്നു. അതോടെ ചമ്മട്ടി ഒരു ധ്യാനവിഷയമായി. ചമ്മട്ടിയെക്കുറിച്ചുള്ള ചിന്ത മനസ്സിലുറയ്ക്കാന്‍ കാരണം ആ രംഗത്തില്‍ ഒരു ഹീറോയുടെ പരിവേഷം ക്രിസ്തുവിനുണ്ടായിരുന്നതുകൊണ്ടാണ്. ശുദ്ധികലശത്തിനുള്ള ഒരു ഉപകരണമെന്നവണ്ണം ക്രിസ്തു ചമ്മട്ടിയുണ്ടാക്കി. ഒരുപക്ഷെ, കച്ചവടക്കാരുടെയിടയില്‍ ചിതറിക്കിടന്ന ചരടുകള്‍ കൊണ്ടോ, മൃഗങ്ങളെ കെട്ടാനുപയോഗിച്ചിരുന്ന വള്ളികള്‍ ചേര്‍ത്തോ രൂപപ്പെടുത്തിയതായിരിക്കാം അത്. ദൈവാലയത്തില്‍ ക്രിസ്തു വീശിയ ചമ്മട്ടിക്ക് ശുദ്ധീകരണത്തിന്റെ ധ്വനിയുണ്ടായിരുന്നു. പരിശുദ്ധമായിടത്ത് അശുദ്ധിയുടെ മനോഭാവം ചിത്രീകരിച്ച മനുഷ്യരുടെ നേര്‍ക്കാണ് ക്രിസ്തു ചമ്മട്ടി വീശിയത്. അത് മനുഷ്യന്റെ അശുദ്ധഭാവങ്ങളെ ചിതറിക്കുകയും ചെയ്തു.

ചമ്മട്ടിയെക്കുറിച്ചുള്ള ആഴമായ ചിന്ത ഉടലെടുക്കുന്നത്, ചമ്മട്ടിയടിയേല്‍ക്കുന്ന ക്രിസ്തുവിന്റെ രൂപത്തില്‍ നിന്നാണ്. വിചാരണയ്ക്കും വിധിക്കും കൈകഴുകലിനുമിടയിലാണ് ചമ്മട്ടിയുടെ ശബ്ദം ഉയരുന്നത്. വിചാരണയില്‍ തെളിവുകള്‍ കണ്ടെത്തുവാന്‍ കഴിയാതെ വരികയും, വിധിക്കുവാന്‍ ന്യായങ്ങളില്ലാതെ വരികയും, ഒരുവന്‍ നിരപരാധിയാണെന്ന് ഉറക്കെപ്പറയുവാന്‍ ധൈര്യമില്ലാതിരിക്കുകയും ചെയ്യുന്നിടത്ത് ചില കൈകഴുകലുകളുണ്ട്. ചില പ്രഹരങ്ങളാല്‍, സ്വന്തം മുഖം മറയ്ക്കാന്‍ കഴിയുമെന്ന അധികാരിയുടെ ശുഷ്‌കമായ ചിന്തയില്‍ നിന്നാണ് ക്രിസ്തുവിന് ചമ്മട്ടിയടി ഏറ്റുവാങ്ങേണ്ടി വന്നത്.

ചമ്മട്ടിയടി ഏല്‍പ്പിച്ച അവശതയില്‍, ജനത്തിന്റെ മുമ്പില്‍ ക്രിസ്തുവിനെ നിര്‍ത്തി. ‘ഇതാ ആ മനുഷ്യന്‍’ എന്ന വാക്കുകളില്‍ അവന്റെ മഹത്വം ഇല്ലാതാക്കാമെന്നു കരുതി അധികാരവര്‍ഗ്ഗം. ‘ഇതാ ആ മനുഷ്യന്‍’ എന്ന സംബോധനയില്‍ ഇവന്‍ അത്രയേയുള്ളൂവെന്ന് ചിത്രീകരിക്കുവാനും ശ്രമിക്കുന്നുണ്ട്. ചമ്മട്ടിയടിയാല്‍ തളര്‍ന്നുപോകുന്നവനാണ് ദൈവപുത്രനായ ക്രിസ്തുവെന്ന് അവര്‍ കരുതി. എന്നാല്‍ അവന്റെ മുറിപ്പാടുകള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശക്തിയുണ്ടായിരുന്നു. വെറും ചമ്മട്ടിയടിയുടെ പാടുകളില്‍ അണഞ്ഞുപോകുന്ന തിരിനാളമായിരുന്നില്ല ക്രിസ്തുവെന്ന് ജനം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ചമ്മട്ടിയടി ഏറ്റുവാങ്ങിയവന്റെ തോളില്‍ കുരിശ് കൂടി അവര്‍ വച്ചുകൊടുത്തു.

ക്രൂരമായ ശിക്ഷാരീതിയുടെ ഉപകരണമായി, ചമ്മട്ടി മനസ്സില്‍ പതിയുന്നത് ക്രിസ്തുവിന്റെ വിചാരണവേളയിലായിരുന്നു. റോമാക്കാരുടെയും യഹൂദരുടെയും ചമ്മട്ടിയടി വ്യത്യാസപ്പെട്ടിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. റോമാക്കാര്‍ ഉപയോഗിച്ചിരുന്നത് രണ്ടോ മൂന്നോ തോല്‍വാറു കൊണ്ടുതീര്‍ത്ത അധികം നീളമില്ലാത്ത ചമ്മട്ടി (FLAGELLUM) ആയിരുന്നു. ഓരോ തോല്‍വാറിലും പല ലോഹക്കഷണങ്ങളോ എല്ലിന്‍ക്കഷണങ്ങളോ കെട്ടിയിട്ടിരുന്നു. അടിയേല്‍ക്കുന്നവന്റെ മാംസം അടര്‍ത്തിയെടുക്കുന്ന ക്രൂരമായ സ്വഭാവം കൂടി അത്തരം ചമ്മട്ടികള്‍ക്കുണ്ടായിരുന്നു. മരണത്തിന് വിധിക്കപ്പെട്ടിരുന്ന കുറ്റവാളിയെ വധിക്കുന്നതിനു മുമ്പ് ചമ്മട്ടി കൊണ്ടടിച്ചിരുന്ന ശിക്ഷാരീതിയായിരുന്നു റോമാക്കാര്‍ പാലിച്ചിരുന്നത്.

എന്നാല്‍, യഹൂദന്മാരുടെ ചമ്മട്ടിയടി റോമാക്കാരുടേതു പോലെ ക്രൂരമായിരുന്നില്ല എന്നുവേണം കരുതാന്‍. അവരുടെ ചമ്മട്ടി തന്നെ ലോഹക്കഷണങ്ങളോ എല്ലിന്‍കഷണങ്ങളോ കെട്ടിയിടാത്ത സാധാരണ രീതിയിലുള്ളതായിരുന്നു. കൂടാതെ, ചമ്മട്ടിയടിയുടെ എണ്ണത്തിനും അവര്‍ക്ക് പരിമിതിയുണ്ടായിരുന്നു. ചാട്ടയടി നാല്‍പതില്‍ കവിയരുതെന്ന് നിയമാവര്‍ത്തന പുസ്തകത്തില്‍ (നിയമാ. 25:3) സൂചിപ്പിക്കുന്നുമുണ്ട്. നിയമത്തോട് അമിതമായി വിധേയരായിരുന്ന യഹൂദര്‍, ചമ്മട്ടിയടി മുപ്പത്തിയൊന്‍പതില്‍ നിര്‍ത്തുമായിരുന്നു. എണ്ണത്തില്‍ തെറ്റുപറ്റാതെ നിയമത്തോട് കര്‍ക്കശം പുലര്‍ത്തുന്നുവെന്ന് കാണിക്കുവാനാണ് ഇപ്രകാരം ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.

കാലത്തിനിപ്പുറം, ഇന്ന് നമ്മുടെ ചുറ്റുപാടുകളില്‍ ചമ്മട്ടിയുടെ രൂപം മാറിത്തുടങ്ങിയിരിക്കുന്നു. എഴുത്തിലും വാക്കിലും നോട്ടത്തിലും മറവിലും പ്രഹരിക്കുവാന്‍ മനുഷ്യന്‍ പഠിച്ചുകഴിഞ്ഞു. നാഴികകള്‍ നീണ്ടുനില്‍ക്കുന്ന ചമ്മട്ടിയടിയേക്കാള്‍ നാളുകള്‍ നീണ്ടുനില്‍ക്കുന്ന മുറിവുകളിലേയ്ക്കും അവഹേളനയിലേയ്ക്കും അത് വഴിമാറിയിരിക്കുന്നു. അവഹേളനയുടെ തളര്‍ച്ചയില്‍ ജീവിതകുരിശ് വഹിക്കാന്‍ കഴിയാതെ വീണുപോകുന്നു മനുഷ്യര്‍. ശരീരത്തിനും മനസ്സിനുമേറ്റ പ്രഹരങ്ങള്‍ക്ക് കാല്‍വരിയോളം ദൂരം കൂടി താണ്ടാനുണ്ട്. ഇന്നത്തെ ട്രോളുകളില്‍ വലിച്ചിഴയ്ക്കപ്പെട്ടവര്‍ മുഖം കൊടുക്കാനാകാതെ മറവുകള്‍ തേടുന്നു. മുഖപുസ്തകത്തില്‍ മുഖം നഷ്ടപ്പെട്ടവരും പ്രഹരിക്കപ്പെട്ടവരും കാലം സുഖപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ സ്വയംതീര്‍ത്ത ഇരുളില്‍ മറഞ്ഞുകഴിയുന്നു. ഇന്നത്തെ ചമ്മട്ടിയടികള്‍ മനസ്സിനെ കൊത്തിവലിക്കുകയാണ്.

സന്ധ്യാപ്രാര്‍ത്ഥനയില്‍ ഭവനത്തിനുള്ളില്‍ നിറഞ്ഞുനിന്നത് ദുഃഖത്തിന്റെ രഹസ്യങ്ങളാണ്. കര്‍ത്താവീശോമിശിഹാ ചമ്മട്ടികളാല്‍ അടിക്കപ്പട്ടുവെന്ന് ധ്യാനിക്കുന്ന ഭവനത്തിലെ ദുഃഖം നിറഞ്ഞ നിശ്ശബ്ദത നെടുവീര്‍പ്പുകളായി മാറുന്നു. പകലിന്റെ അവഹേളനയും കുത്തിനോവിക്കലും തിരസ്‌ക്കരണവുമെല്ലാം വീടിന്റെ ചുവരിനുള്ളില്‍ ചേര്‍ത്തുവായിക്കപ്പെടുകയാണ്. ക്രിസ്തു ഏറ്റുവാങ്ങിയ ചമ്മട്ടിയടി ഒരു നോമ്പുകാല ചിന്തയാകുമ്പോള്‍, സങ്കടത്തിനും സഹതാപത്തിനും അവിടെ പ്രസക്തിയില്ല. ക്രിസ്തുവിനേറ്റ ചമ്മട്ടിപ്പാടുകള്‍, ക്ഷമിക്കുന്ന ബന്ധത്തെക്കുറിച്ചും ആശ്ലേഷിക്കപ്പെടുന്ന തിരുത്തലിനെക്കുറിച്ചും വിട്ടുകൊടുക്കുന്ന സ്‌നേഹത്തെക്കുറിച്ചും കൂടി ഓര്‍ക്കാന്‍ പഠിപ്പിക്കുന്നു.

ക്രൂരത കാണിക്കാന്‍ കല്‍ത്തുറങ്കുകളും മറവുകളും തേടിപ്പോകേണ്ടതില്ല. പ്രഹരങ്ങള്‍ നമ്മള്‍ ഏല്‍പ്പിക്കുന്നത് നമ്മുടെ തന്നെ ഭവനങ്ങളിലും നടപ്പാതകളിലും തീന്‍മേശകളിലും ഒക്കെയാണ്. കല്‍ത്തൂണില്‍ കെട്ടപ്പെട്ട ക്രിസ്തുവിന്റെ മുഖം ഒരിക്കലും മായുന്നില്ല. എന്റെ തെറ്റുകളുടെമേല്‍ അവന്‍ ചമ്മട്ടിയടി വാങ്ങിക്കൊണ്ടേയിരിക്കുന്നു. അപ്പനും അമ്മയും മക്കളും സഹോദരങ്ങളും സന്ധ്യയുടെ നിറവില്‍ ധ്യാനിക്കുകയാണ്; അവഹേളനത്തിന്റെയും നൊമ്പരത്തിന്റെയും മുറിപ്പാടുകള്‍, ക്രിസ്തുവിനേറ്റ ചമ്മട്ടിപ്പാടുകളില്‍ ശുദ്ധീകരിക്കപ്പെടുമെന്ന വിശ്വാസത്തോടെ…

ഫാ. ജസ്മണ്ട് പനപ്പറമ്പില്‍, OFM